വിദേശ രാജ്യങ്ങളിൽനിന്ന് സ്വീകരിച്ച അംഗീകൃത കോവിഡ് വാക്സീനുകൾ യുഎഇയുടെ അൽഹൊസൻ ആപ്പിൽ റജിസ്റ്റർ ചെയ്യാൻ അനുമതി. അബുദാബിയിൽ പൊതു സ്ഥലങ്ങളിലെ പ്രവേശനത്തിന് ഗ്രീൻപാസ് നിർബന്ധമാക്കിയ പശ്ചാത്തലത്തിലാണ് തീരുമാനം. വാക്സീനും പിസിആർ ടെസ്റ്റും അടിസ്ഥാനമാക്കിയാണ് ഗ്രീൻ പാസ് നൽകുന്നത്.

അംഗീകൃത വാക്സീൻ

ഫൈസർ, സിനോഫാം, ഹയാത് വാക്സ്, സ്പുട്നിക്–5, അസ്ട്രാസെനക, മൊഡേണ, കോവിഷീൽഡ്, ജാൻസെൻ, സിനോവാക് എന്നിവയാണ് യുഎഇ അംഗീകരിച്ച വാക്സീനുകൾ. 2020 ഒക്ടോബർ ഒന്നിനു ശേഷം വാക്സീൻ എടുത്തവർക്കു റജിസ്റ്റർ ചെയ്യാം.

അൽഹൊസൻ റജിസ്ട്രേഷൻ

വാക്സീൻ എടുത്തയാളുടെ പേര്, തിരിച്ചറിയൽ കാർഡ്/പാസ്പോർട്ട് നമ്പർ, വാക്‌സീന്റെ പേര്, ബാച്ച് അല്ലെങ്കിൽ ലോട്ട് നമ്പർ, വാക്‌സിനേഷൻ സ്ഥലം, തീയതി എന്നിവ രേഖപ്പെടുത്തി റജിസ്റ്റർ ചെയ്യാം. നിലവിൽ യുഎഇയിലുള്ള സന്ദർശകർക്ക് അബുദാബിയിലെ സർക്കാർ ആശുപത്രികളിൽ നേരിട്ടെത്തിയും റജിസ്റ്റർ ചെയ്യാം.

കളർ കോഡ്

റജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ അൽഹൊസൻ ആപ്പിൽ കളർ-കോഡ് ലഭിക്കും. അബുദാബിയിലെ പൊതു സ്ഥലങ്ങളിലേക്ക് പ്രവേശിക്കാൻ ഗ്രീൻ പാസ് വേണം. വാക്സീൻ എടുത്തവർ പിസിആർ ടെസ്റ്റിൽ നെഗറ്റീവാണെങ്കിൽ 30 ദിവസത്തേക്കും വാക്സീൻ എടുക്കാത്തവരുടെ ടെസ്റ്റിൽ നെഗറ്റീവ് ആണെങ്കിൽ 7 ദിവസത്തേക്കും ഗ്രീൻപാസ് ലഭിക്കും. ആപ്പിൽ ചാര നിറമാണെങ്കിൽ ഗ്രീൻ പാസിന്റെ സാധുത അവസാനിച്ചെന്നാണ് സൂചിപ്പിക്കുന്നത്. വീണ്ടും പിസിആർ ടെസ്റ്റ് എടുത്തു നെഗറ്റീവായാലേ തുല്യകാലയളവിലേക്കു ഗ്രീൻപാസ് ലഭിക്കൂ. വിവരങ്ങൾക്ക് ഫോൺ: 800 4676

LEAVE A REPLY

Please enter your comment!
Please enter your name here