ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി 20 മത്സരത്തിലും മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ചേക്കും. എന്നാല്‍, ആദ്യ രണ്ട് മത്സരങ്ങളിലെ പോലെ ചെറിയ സ്‌കോറില്‍ ഒതുങ്ങിയാല്‍ സഞ്ജുവിന് തിരിച്ചടിയാകും. സഞ്ജുവിന്റെ ക്രിക്കറ്റ് കരിയറിന്റെ ഗതി നിര്‍ണയിക്കാന്‍ പോലും സാധ്യതയുള്ള മത്സരമാണ് ഓസീസിനെതിരായ മൂന്നാം ടി 20 മത്സരം.

ആദ്യ ടി 20 യില്‍ സഞ്ജുവിന്റെ പ്രകടനം പ്രശംസിക്കപ്പെട്ടു. ഓസീസിനെതിരായ ആദ്യ ടി 20 യില്‍ 15 പന്തില്‍ നിന്നാണ് സഞ്ജു 23 റണ്‍സ് നേടിയത്. ടീമിലെ മൂന്നാമത്തെ ടോപ് സ്‌കോറര്‍ സഞ്ജുവാണ്. ഒരു ഫോറും ഒരു സിക്‌സും സഹിതമായിരുന്നു സഞ്ജു 23 റണ്‍സ് നേടിയത്. കാന്‍ബറെയില്‍ നടന്ന ആദ്യ ടി 20 മത്സരത്തില്‍ ഓസീസ് താരം സ്റ്റീവ് സ്‌മിത്തിനെ കിടിലന്‍ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ബാറ്റിങ്ങില്‍ താളം കണ്ടെത്തിയതും മികച്ച ഫീല്‍ഡിങ്ങും സഞ്ജുവിനെ രണ്ടാം ടി 20 യിലും നിലനിര്‍ത്താന്‍ കാരണമായി.

എന്നാല്‍, രണ്ടാം ടി 20 യിലെ സഞ്ജുവിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. തുടക്കത്തില്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ റണ്‍സ് കണ്ടെത്താന്‍ സഞ്ജുവിന് സാധിച്ചു. ഓസ്‌ട്രേലിയ ഉയര്‍ത്തിയ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യയ്‌ക്ക് വേണ്ടി പത്ത് പന്തില്‍ നിന്ന് 15 റണ്‍സാണ് സഞ്ജു നേടിയത്. ഒരു സിക്‌സും ഒരു ഫോറും സഹിതമാണ് ഇത്. റണ്‍റേറ്റ് ഉയര്‍ത്തേണ്ട സാഹചര്യത്തില്‍ സഞ്ജു നേടിയ സിക്‌സും ഫോറും ഏറെ നിര്‍ണായകമായിരുന്നു. കൂടുതല്‍ ആക്രമിച്ച്‌ കളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രേയസ് അയ്യറിന് മുന്‍പ് സഞ്ജുവിനെ കളത്തിലിറക്കിയും. തുടക്കത്തില്‍ കാണിച്ച ആക്രമണ മനോഭാവം സഞ്ജു തുടര്‍ന്നിരുന്നെങ്കില്‍ മത്സരം അതിവേഗം ഇന്ത്യയുടെ വരുതിയിലാകുമെന്ന് തോന്നിയ നിമിഷത്തിലാണ് മലയാളി താരം വിക്കറ്റ് നഷ്ടപ്പെടുത്തിയത്. അതിവേഗം റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടെയാണ് സഞ്ജുവിന് വിക്കറ്റ് നഷ്ടമായതെങ്കിലും അതൊരു മോശം ഷോട്ടായിരുന്നു എന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു. അനാവശ്യ ഷോട്ടുകള്‍ക്ക് ശ്രമിച്ചാണ് സഞ്ജു വിക്കറ്റ് വലിച്ചെറിയുന്നത് എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്.

അതേസമയം, ടി 20 ലോകകപ്പിന് മുന്നോടിയായി ടീമിനെ സജ്ജമാക്കുകയാണ് വിരാട് കോഹ്‌ലിയും പരിശീലകന്‍ രവി​ ശാസ്‌ത്രിയും ലക്ഷ്യമിടുന്നത്. ആക്രമിച്ച്‌ കളിക്കാനുള്ള മനോഭാവമുള്ള സഞ്ജുവിനെ പോലൊരു താരം ഇന്ത്യയ്‌ക്ക് മധ്യനിരയില്‍ അത്യാവശ്യമാണ്. എന്നാല്‍, ആ സ്ഥാനം താന്‍ നൂറ് ശതമാനം അര്‍ഹിക്കുന്നുണ്ടെന്ന് ടീം സെലക്‌ടേഴ്‌സിനെ ബോധ്യപ്പെടുത്താന്‍ ഒരു മികച്ച ഇന്നിങ്‌സ് സഞ്ജുവിന്റെ ബാറ്റില്‍ നിന്ന് പിറക്കണം. അതിനുള്ള അവസരമാണ് ഇപ്പോള്‍ സഞ്ജുവിനുള്ളത്. മനീഷ് പാണ്ഡെ പുറത്തിരിക്കാനുള്ള സാധ്യത കൂടുതലായതിനാല്‍ മൂന്നാം ടി 20 യിലും സഞ്ജുവിന് കളിക്കാന്‍ സാധിക്കും. എന്നാല്‍, ഒരു മികച്ച ഇന്നിങ്സ് കൊണ്ട് ആ അവസരം തന്റേതാക്കാന്‍ സഞ്ജുവിന് സാധിക്കേണ്ടിയിരിക്കുന്നു. മികച്ച പ്രകടനം പുറത്തെടുത്താന്‍ തീര്‍ച്ചയായും ടി 20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജുവിന് ഇടംപിടിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here