സി.പി.എൽ ടീമായ ജമൈക്ക ടാലവാസില്‍ നിന്നും തന്നെ പുറത്താക്കാന്‍ കാരണം സര്‍വനാണെ് ആരോപിച്ച ക്രിസ് ഗെയ്ലിന് മറുപടിയുമായ് രാംനരേഷ് സര്‍വന്‍ രംഗത്ത്. ദീര്‍ഘ കാലം ഒരുമിച്ച് കളിച്ച സര്‍വന്‍ കൊറോണ വൈറസിനേക്കാള്‍ ഭീകരനാണെന്നും പിന്നില്‍ നിന്നും കുത്തുന്നവനാണെന്നുമായിരുന്നു ഗെയിലിന്റെ ആരോപണം. ടാലവാസിൽ നിന്നും കരാർ പൂർത്തിയാകും മുമ്പ് തന്നെ പുറത്താക്കാൻ കാരണക്കാരനായത് മുന്‍ ടീമംഗവും സുഹൃത്തുമായിരുന്ന സര്‍വനാണെന്ന നിലയിലായിരുന്നു ഗെയ്ല്‍ കഴിഞ്ഞ ദിവസം യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞത്.

എന്നാല്‍ ഗെയ്ല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ യാതൊരു കഴമ്പുമില്ലെന്ന പ്രതികരണവുമായ് വിന്‍ഡീസ് മുന്‍ ക്യാപ്റ്റനും നിലവിലെ ടാലവാസ് സഹപരിശീലകനുമായ രാംനരേഷ് സര്‍വന്‍ രംഗത്തെത്തി. യൂട്യൂബ് വഴി കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ഗെയ്ല്‍ നടത്തിയ ആരോപണങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നായിരുന്നു സര്‍വന്‍റെ പ്രതികരണം. ഗെയ്ൽ ഉന്നയിച്ച ആരോപങ്ങളിൽ യാതൊരു വസ്തുതയുമില്ല. ടാലവാസിൽ നിന്ന് ഗെയ്ലിനെ പുറത്താക്കാൻ ഞാൻ ചരടുവലിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. എല്ലായ്പ്പോഴും അടുത്ത സുഹൃത്തായ് മാത്രമാണ് ഗെയ്ലിനെ കണ്ടിട്ടുള്ളത്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സര്‍വന്‍ ഗെയ്ലിന് മറുപടി പറഞ്ഞത്.

‘കരിയറിന്റെ തുടക്കകാലം മുതല്‍ ഗെയ്‌ലിനൊപ്പം താന്‍ കളിച്ചിട്ടുണ്ട്. അസാധാരണ പ്രതിഭയുള്ള അദ്ദേഹത്തോട് അന്നു മുതല്‍ ആരാധനയാണുള്ളത്. മുന്‍ സഹതാരത്തേക്കാളുപരി അടുത്ത സുഹൃത്തുമായിരുന്നു ഗെയ്ല്‍ എനിക്ക്. അതുകൊണ്ടു തന്നെ അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ എനിക്ക് ശരിക്കും ഞെട്ടലാണുണ്ടാക്കിയത്. അത് മാത്രമല്ല ഗെയ്‌ലുമായി അടുപ്പമുണ്ടായിരുന്ന സ്വന്തം കുടുംബത്തെയും ഇത് വല്ലാതെ ബാധിച്ചു’ സര്‍വര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here