റിയാദ്: തൊഴിലുടമയുമായുള്ള കരാറിന്റെ കാലാവധി അവസാനിച്ച പ്രവാസികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കുമെന്ന് മാനവവിഭവ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി ഇക്കാര്യത്തില്‍ മന്ത്രാലയം ചര്‍ച്ചകള്‍ നടത്തുകയാണ്.
സൗദി ഭരണകൂടം സ്വീകരിച്ച മാനവികതയിലൂന്നിയ ചുവടുവെപ്പാണ് ഇത്. പ്രവാസികളുടെ ആവശ്യം നിറവേറ്റുകയുമാണ് ഇതിലൂടെ. കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സ്വീകരിച്ച മുന്‍കരുതല്‍- പ്രതിരോധ നടപടികളുടെ ഭാഗമായി സ്വദേശത്തേക്ക് മടങ്ങാന്‍ ചില പ്രവാസികള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് മന്ത്രാലയത്തിന്റെ നടപടി.
അതേസമയം, കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ഹജ്ജിനെ സംബന്ധിച്ചുള്ള വ്യക്തതക്ക് കാത്തിരിക്കാന്‍ ലോക മുസ്ലിംകളോട് സൗദി അറേബ്യ.
തീര്‍ഥാടനത്തിനായി ഹജ്ജ് ഗ്രൂപ്പുകളെ സമീപിക്കാനുള്ള സമയമായിട്ടില്ല. കോവിഡുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കുറച്ചുകൂടി വ്യക്തത വരാനുണ്ട്. തീര്‍ഥാടകരുടെയും പൊതുജനങ്ങളുടെയും ആരോഗ്യത്തിനാണ് മുന്‍ഗണനയെന്നും സൗദി ഹജ്ജ്- ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിന്‍ ത്വാഹിര്‍ ബന്തീന്‍ അറിയിച്ചു.
തീര്‍ഥാടകരെ ഐസൊലേഷനില്‍ പാര്‍പ്പിച്ച ഹോട്ടലുകള്‍ പരിശോധിക്കാന്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ജൂലൈ അവസാനമാണ് മുസ്ലിംകളുടെ ഏറ്റവും വലിയ വാര്‍ഷിക ഒത്തുകൂടലായ ഹജ്ജിന്റെ ആരംഭമുണ്ടാകേണ്ടത്. എന്നാല്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സൗദി വളരെ നേരത്തെ തന്നെ ഉംറ തീര്‍ഥാടനം നിര്‍ത്തിവെച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here