സ്‌കൂൾ വിദ്യാഭ്യാസത്തിന്റ പാഠ്യപദ്ധതിയിലും നടത്തിപ്പിലും ഈ അധ്യയന വർഷം മുതൽ ആരംഭിക്കുന്ന സമഗ്രപരിഷ്‌കാരങ്ങൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി. രാജ്യാന്തര കരിക്കുലങ്ങളോട് കിടപിടിക്കുന്ന തരത്തിൽ പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തും. വിഷൻ 2030 അനുസരിച്ചുള്ള പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി ഹമദ് ബിൻ മുഹമ്മദ് ആലു ഷെയ്ഖ് പറഞ്ഞു.

സ്‌കൂൾ അധ്യയന വർഷം രണ്ടു ടേമിനുപകരം മൂന്നു ടേം ആക്കും. 13 ആഴ്‌ചകളായിരുക്കും ഒരു ടേമിന്റെ ദൈർഘ്യം. വർഷത്തിൽ 12 പൊതു അവധി ഉണ്ടായിരിക്കുമെന്ന് മന്ത്രി അറിയിച്ചു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അവധി ദിവസങ്ങൾ ഇവിടെ കുറവാണ്. എന്നാൽ വേനലവധി ദിനങ്ങൾ കൂടുതൽ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ശാരീരിക വിദ്യാഭ്യാസം, സ്വയം പ്രതിരോധം തുടങ്ങിയവ പ്രാഥമിക തലങ്ങളിൽ തന്നെ പഠിപ്പിക്കും. ഇംഗ്ലീഷ് വിദ്യാഭ്യാസം ഗ്രേഡ് ഒന്നു മുതൽ കൊണ്ടുവരും. നാലാം ക്ലാസ് മുതൽ പ്രായോഗിക ഡിജിറ്റൽ നൈപുണ്യ പാഠ്യപദ്ധതി ആരംഭിക്കാനാണു പദ്ധതി. അതോടൊപ്പം ഒൻപത്, പത്തു ഗ്രേഡുകളിൽ വിമർശനാത്മക ചിന്താ വിഷയങ്ങൾ പഠിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. ഗണിതം, ശാസ്ത്രം, കല, സാമൂഹിക പഠനം, ഇസ്‌ലാമിക പഠനം എന്നിവയുൾപ്പെടെ സമഗ്രമായ മാറ്റങ്ങളോടെയാണു പുതിയ പാഠ്യപദ്ധതി.

ഈ അധ്യയന വർഷം നേരിട്ടുള്ള പഠനം ആരംഭിക്കാൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. അതേസമയം ‘മദ്‌റസത്തീ’ ആപ്ലിക്കേഷൻ നിലനിർത്തുകയും വിദൂര വിദ്യാഭ്യാസം ഭാഗികമായി തുടരുകയും ചെയ്യും. ക്ലാസ് മുറികളിലെ വിദ്യാർഥികളുടെ ശേഷി അനുസരിച്ച് ഇതു പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിദ്യാർഥികൾക്ക് ശരിയായ വിദ്യാഭ്യാസ അനുഭവങ്ങൾ സമ്മാനിക്കുന്നതിനു വ്യക്തി, വിദൂരം, ഇ-പഠനം ഉൾപ്പെടെ പഠന പ്രക്രിയയുടെ വിവിധ രീതികൾ ഉപയോഗപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

വിദ്യാർഥികൾ സ്‌കൂളിലെത്തുന്നതിനു മുമ്പ് കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കുക എന്നത് പ്രധാനമാണ്. ജീവനക്കാരിലും അധ്യാപകരിലും ഇത് നിർബന്ധമാക്കും. മുഹറം 21 (2021 ഓഗസ്റ്റ് 29) മുതൽ ദുൽഹജ് 1 (2022 ജൂൺ 30) വരെയാണ് അധ്യയന വർഷത്തിന്റെ കാലാവധിയെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here