ട്വന്റി 20 ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഒരു സമയത്ത് ഒരു കളിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗാംഗുലി പറഞ്ഞു. 2007 ന് ശേഷം ട്വന്റി 20 ലോകകപ്പ് കിരീടം നേടാന്‍ ഇന്ത്യക്കായിട്ടില്ല.

“ഇളുപ്പത്തില്‍ ചാമ്ബ്യന്മാരാകാന്‍ കഴിയില്ല. ടൂര്‍ണമെന്റിലേക്ക് കടന്ന ഉടനെ തന്നെ കിരീടം നേടിയെന്നും കരുതാനാകില്ല. കളിയില്‍ പക്വത കാണിക്കേണ്ടത് അനിവാര്യമാണ്. കഴിവുള്ള താരങ്ങളാണ് എല്ലാവരും. വലിയ ടൂര്‍ണമെന്റില്‍ റണ്‍സ് നേടാനും വിക്കറ്റെടുക്കാനും അവര്‍ക്ക് സാധിക്കും,” ഗാംഗുലി വ്യക്തമാക്കി.

“ഫൈനല്‍ പൂര്‍ത്തിയായെങ്കില്‍ മാത്രമെ ആര് കിരീടം നേടിയെന്ന് പറയാനാകു. അതിന് മുന്‍പ് ഒരുപാട് കടമ്ബകളുണ്ട്. കിരീടം നേടണമെന്ന ചിന്ത തുടക്കത്തിലെ ആവശ്യമില്ല. ഒരു സമയത്ത് ഒരു കളിയെ മാത്രം സമീപിക്കുന്നതാണ് ഉചിതം,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“ഏതൊരു ടൂര്‍ണമെന്റാണെങ്കിലും കിരീട സാധ്യതയുള്ള ടീമാണ് ഇന്ത്യ എന്നതില്‍ സംശയമില്ല. ഒരോ പന്തിനേയും നേരിടുക. ഫൈനല്‍ വരെ അച്ചടക്കത്തോടു കൂടിയുള്ള സമീപനമാണ് ആവശ്യം. മത്സരഫലത്തിനേക്കാള്‍ അതിലേക്കുള്ള പ്രക്രിയയില്‍ വിശ്വസിക്കുക,” ഗാംഗുലി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here