ഐപിഎല്‍ കിരീട നേട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ അഭിനന്ദിച്ച്‌ വീരേന്ദര്‍ സെവാഗ്. ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ക്യാപ്റ്റനാണ് രോഹിത്തെന്ന് സെവാഗ് പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച ടി20 ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. അതേ ടീമിന്റെ ബെസ്റ്റ് ക്യാപ്റ്റനുമാണ് രോഹിത്. ഈ കിരീടം നേടാന്‍ എന്തു കൊണ്ടും അര്‍ഹത അവര്‍ക്കാണ്. ഇത്രയൊക്കെ പ്രതിസന്ധികളുണ്ടായിട്ടും വല്ല നല്ല രീതിയില്‍ സംഘടിപ്പിച്ച ടൂര്‍ണമെന്റാണ് ഇത്തവണ നടന്നതെന്നും സെവാഗ് പറഞ്ഞു. അതേസമയം രോഹിത് ശര്‍മയുടെ കീഴില്‍ അഞ്ചാമത്തെ കിരീടമാണ് മുംബൈ നേടിയത്.

ഫൈനലില്‍ ഡല്‍ഹിയെ അഞ്ച് വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്. രോഹിത് ശര്‍മയുടെ അര്‍ധ സെഞ്ച്വറിയാണ് മുംബൈയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്. അതേസമയം മുംബൈയാണ് ലോകത്ത് ഏറ്റവും കെട്ടുറപ്പുള്ള ടീമെന്ന് നേരത്തെ ബ്രയാന്‍ ലാറയും പറഞ്ഞിരുന്നു. നേരത്തെ ട്രെന്‍ഡ് ബൂള്‍ട്ടിനെ ഡല്‍ഹി മുംബൈക്ക് കൈമാറിയതിനെ സെവാഗ് വിമര്‍ശിച്ചിരുന്നു. അതേസമയം മാച്ച്‌ വിന്നറായ ബൂള്‍ട്ടിനെ മാത്രമല്ല ഡല്‍ഹി ഇത്തരത്തില്‍ വിട്ടയച്ചതെന്ന് സെവാഗ് പഞ്ഞു. ആര്‍സിബി നിരയിലെ എക്കാലത്തെയും മികച്ച താരമായ എബി ഡിവില്യേഴ്‌സിനെ അവര്‍ കൈമാറിയതാണെന്നും സെവാഗ് പറഞ്ഞു. ഇപ്പോള്‍ ഡിവില്യേഴ്‌സ് തകര്‍ത്തടിക്കുകയാണെന്നും സെവാഗ് വ്യക്തമാക്കി.

ഡേവിഡ് വാര്‍ണറെ അവര്‍ കൈവിട്ടതാണ്. ഇപ്പോള്‍ ഹൈദരാബാദിന്റെ നട്ടെല്ലാണ് താരം. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ഡല്‍ഹി ഇതുപോലെ കൈവിട്ടതാണ്. ഒരുപാട് താരങ്ങളുണ്ട് ഡല്‍ഹി വാങ്ങിയ ശേഷം നന്നായി വളര്‍ത്തി കൊണ്ടുവന്നവര്‍. എന്നാല്‍ അവര്‍ നന്നായി കളിച്ച്‌ തുടങ്ങുമ്ബോള്‍ തന്നെ ലേലത്തില്‍ അവരെ കൈവിടുന്നതാണ് ഡല്‍ഹിയുടെ രീതി. ഐപിഎല്‍ ഇന്ത്യയില്‍ നടക്കുമെന്ന വിചാരത്തിലാണ് ഡല്‍ഹി ടീമിനെ ഒരുക്കിയത്. എന്നാല്‍ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവര്‍ ടൂര്‍ണമെന്റ് ദുബായിലേക്ക് മാറ്റുമെന്ന് അറിഞ്ഞിരുന്നെങ്കില്‍ ട്രെന്‍ഡ് ബൂള്‍ട്ടിനെ അവര്‍ ഒരിക്കലും കൈവിടില്ലായിരുന്നുവെന്നും സെവാഗ് പറഞ്ഞു.

ഐപിഎല്‍ ഇന്ത്യയില്‍ നടക്കുകയാണെങ്കില്‍ ബൂള്‍ട്ട് പതറും എന്ന് കരുതിയിട്ടുണ്ടാവും ഡല്‍ഹി. അതുകൊണ്ടായിരിക്കാം അവര്‍ താരത്തെ കൈവിട്ടത്. ദുബായില്‍ പേസ് ബൗളര്‍മാര്‍ക്ക് വലിയ നേട്ടമുണ്ടാക്കാനാവും. ഇത് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ഡല്‍ഹി ഒരിക്കലും അത് ചെയ്യില്ലായിരുന്നു. ബൂള്‍ട്ടിന്റെ പന്ത് നന്നായി സ്വിംഗ് ചെയ്യുമെന്നും ഡല്‍ഹി ടീമിന് അറിയാം. പക്ഷേ എല്ലാം അവരുടെ കൈയ്യില്‍ നില്‍ക്കുന്ന കാര്യമല്ലെന്നും സെവാഗ് വ്യക്തമാക്കി. അതേസമയം ഈ സീസണില്‍ 25 വിക്കറ്റുകള്‍ വീഴ്ത്തിയ ബൂള്‍ട്ട് വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്. ഫൈനലില്‍ ഡല്‍ഹിയുടെ മൂന്ന് വിക്കറ്റെടുത്ത് കളിയില്‍ താരമായതും ബൂള്‍ട്ടാണ്.

LEAVE A REPLY

Please enter your comment!
Please enter your name here