ഷാര്‍ജയിലെ സര്‍ക്കാര്‍ കാര്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും കെട്ടിലും മട്ടിലും പ്രത്യേക ഭംഗിയാണ്. പരിസരങ്ങള്‍ ഹരിത മനോഹരവും മലര്‍വാടി നിറഞ്ഞതുമാണ്​. നടപ്പ് വര്‍ഷം കൂടുതല്‍ ഇടങ്ങളില്‍ പുല്‍മേടുകളും പൂന്തോട്ടങ്ങളും വെച്ചുപിടിപ്പിക്കാനൊരുങ്ങുകയാണ്​ ഷാർജ.

സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരമാണ്​ നടപടി. ഇതിന്റെ ഭാഗമായി അമേരിക്കൻ യൂനിവേഴ്സിറ്റി ഓഫ് ഷാർജയിലും പൊലീസ് സയൻസ് അക്കാദമിയിലുമായി 58,000 ചതുരശ്ര മീറ്റർ ഹരിത ഇടങ്ങൾ ഒരുക്കി. 2600 ചതുരശ്ര മീറ്ററിൽ 24,000 സീസണൽ പൂക്കളും 5000 പൂച്ചെടികളും 300 ഈന്തപ്പനകളും നട്ടു. മാർച്ചിലെ കണക്ക് പ്രകാരം ഷാർജയിൽ 1.90 കോടി ഹെക്ടർ ഹരിത പ്രദേശങ്ങളുണ്ടെന്ന് അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം 70 സുപ്രധാന പദ്ധതികള്‍ പൂർത്തിയാക്കി.

ഭൗമദിനാചരണം ആരംഭിച്ചതിന്റെ 50ാം വാര്‍ഷികം ദിവസങ്ങള്‍ക്ക് മുമ്പാണ് കടന്നുപോയത്. കാലാവസ്ഥാ വ്യതിയാനത്തില്‍നിന്ന് രാജ്യത്തെ സംരക്ഷിക്കുക എന്ന ആശയത്തിലൂന്നിയാണ് സാമൂഹികവനവത്കരണവും പുല്‍മേടുകളും പൂന്തോട്ടങ്ങളും ഷാര്‍ജ ഒരുക്കുന്നത്. അഗ്രികൾചര്‍ സയന്‍സില്‍ ഡോക്ടറേറ്റ് നേടിയ ഷാര്‍ജ ഭരണാധികാരി ഈ കാര്യത്തില്‍ ഒരുപടി മുന്നിലാണ്. മനുഷ്യരാശിയുടെ നിലനിൽപിന്​ ഭീഷണിയായി കാലാവസ്ഥ വ്യതിയാനം മാറുകയാണെന്ന് ഭൗമ ശാസ്ത്രകാരന്മാര്‍ വിലയിരുത്തുന്നു. താപനില നാലു ഡിഗ്രി സെല്‍ഷ്യസ് കൂടി വര്‍ധിക്കാനുള്ള സാഹചര്യം ലോകത്ത് നിലനില്‍ക്കുകയാണ്.

ഇത് മനുഷ്യരുടെ ജീവനുതന്നെ ഭീഷണിയാകും. അന്തരീക്ഷ മലിനീകരണം കുറക്കുക, ഒറ്റതവണ ഉപയോഗിക്കുന്ന പ്ലാസ്​റ്റിക് ഒഴിവാക്കുക, വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് വനവിഹിതം കൂട്ടുന്നതിലൂടെ അന്തരീക്ഷ താപനം തടയുക തുടങ്ങിയ കര്‍മപരിപാടികളുമായാണ് ഷാര്‍ജ മുന്നോട്ടുപോകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here