ബീച്ചുകളിൽ തിരക്കേറിയതോടെ നിരീക്ഷണവും സുരക്ഷാസന്നാഹങ്ങളും ശക്തമാക്കി. ജീവൻരക്ഷാ ഉപകരണങ്ങൾ, വാഹനങ്ങൾ എന്നിവയോടെ 58 ലൈഫ് ഗാർഡുമാരെ കൂടി വിന്യസിക്കുകയും 17 റെസ്ക്യൂ പ്ലാറ്റ്ഫോമുകൾ ഒരുക്കുകയും ചെയ്തു.എട്ടെണ്ണം കൂടി പൂർത്തിയാകുകയാണ്.

കടലിൽ ഇറങ്ങുന്നവർക്കായി പ്രത്യേക മേഖലകൾ തിരിക്കുകയും മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു. ഉമ്മുൽഖുവൈൻ, റാസൽഖൈമ ബീച്ചുകളിൽ അടുത്തിടെയുണ്ടായ മുങ്ങിമരണങ്ങൾ കൂടി കണക്കിലെടുത്താണിത്. വേനൽ ശക്തമായതോടെ പ്രവൃത്തി ദിവസങ്ങളിലടക്കം ബീച്ചുകളിൽ വൻതിരക്ക് അനുഭവപ്പെടുന്നു.

തീരദേശമേഖലയിൽ നിരീക്ഷണം ശക്തമാക്കിയതിനെ തുടർന്ന് ഈ വർഷം മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടർ ഖാലിദ് ബിൻ ഫലാഹ് അൽ സുവൈദി പറഞ്ഞു. മാർഗ നിർദേശങ്ങളടങ്ങിയ കൈപ്പുസ്തകങ്ങൾ വിവിധ മേഖലകളിൽ വിതരണം ചെയ്തു. സുഹൃത്തുക്കളോടൊപ്പം അശ്രദ്ധമായി കടലിൽ ഇറങ്ങുന്നതു പലപ്പോഴും അപകടകാരണമാകുന്നു.

മത്സരിച്ചുള്ള നീന്തൽ, മറ്റ് അഭ്യാസങ്ങൾ, അനുവദനീയ മേഖലകൾ മറികടക്കുക എന്നിവ നിർബന്ധമായും ഒഴിവാക്കണം. ബോർഡുകളിലെ അറിയിപ്പുകളിൽ ഓരോ മേഖലയിലെയും പ്രത്യേകതകളും അപകടസാധ്യതകളും ഉണ്ടാകും.

കടലിലായാലും നീന്തൽ കുളത്തിലായാലും കുട്ടികളെ തനിച്ചു നീന്താൻ വിടരുത്. അപകടങ്ങളെകുറിച്ച് അവർക്ക് വേണ്ടത്ര ധാരണയുണ്ടാകില്ല.

കടലിലോ കുളത്തിലോ കുട്ടികളെ നീന്താൻ വിട്ട ശേഷം രക്ഷിതാക്കൾ സ്മാർട് ഫോണിൽ ശ്രദ്ധിക്കുന്ന ശീലം ഒഴിവാക്കണം.

കുട്ടികൾ മാത്രം ഉപയോഗിക്കുന്ന നീന്തൽ കുളത്തിൽ അമിതമായി വെള്ളം നിറയ്ക്കരുത്.

3 വയസ്സിൽ താഴെയുള്ള കുട്ടികൾ തനിയെ സ്വിമ്മിങ് പൂളുകൾക്കു സമീപം പോകാനുള്ള സാധ്യതകൾ ഒഴിവാക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here