വാരാന്ത്യ അവധി ഷാർജയിൽ മൂന്ന് ദിവസമാക്കിയതോടെ വിനോദകേന്ദ്രങ്ങളിലേക്ക് സന്ദർശകരുടെ കുത്തൊഴുക്കാണെന്ന് അധികൃതർ അറിയിച്ചു.

പുതിയ വാരാന്ത്യ അവധി പ്രാബല്യത്തിലായശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ ആയിരക്കണക്കിനാളുകളാണ് ഷാർജ അക്വേറിയം, മ്യൂസിയങ്ങൾ എന്നിവ സന്ദർശിച്ചത്. 2000-ത്തിലേറെ പേർ മ്യൂസിയം കാണാനെത്തി.

3000-ത്തിലേറെ പേർ ഷാർജ അക്വേറിയവും സന്ദർശിച്ചു. സന്ദർശകർക്കായി രണ്ടിടങ്ങളും എല്ലാദിവസവും തുറക്കുമെന്ന് മ്യൂസിയം അതോറിറ്റി അറിയിച്ചു. ശനിമുതൽ വ്യാഴംവരെ രാവിലെ എട്ട് മണിമുതൽ രാത്രി എട്ടുവരെയും വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ രാത്രി എട്ടുവരെയുമാണ് ഷാർജ അക്വേറിയം, മ്യൂസിയങ്ങൾ എന്നിവയുടെ പുതുക്കിയ പ്രവർത്തനസമയം.

2008-ലാണ് അക്വേറിയം പ്രവർത്തനം തുടങ്ങിയത്. സമുദ്രജീവികളെ പ്രദർശിപ്പിക്കുന്ന സർക്കാരിന് കീഴിലുള്ള യു.എ.ഇ.യിലെ ആദ്യത്തെ വലിയ കേന്ദ്രമാണിത്. 100-ലേറെ സമുദ്രജീവികൾ ഇവിടെയുണ്ട്.

സന്ദർശകർക്ക് ഫിഷ് ഫീഡിങ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.

അക്വേറിയത്തിന് എതിർവശത്തായാണ് മാരിടൈം മ്യൂസിയം. രാജ്യത്തെ ഏറ്റവുംപ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. 2003-ൽ അൽ മരൈജാ പ്രദേശത്തുണ്ടായിരുന്ന മ്യൂസിയം 2009-ലാണ് അൽ ഖാനിലേക്ക് മാറ്റുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here