ആഫ്രിക്കൻ കാടുകളിലെ 120ൽ ഏറെ ഇനം മൃഗങ്ങൾക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കി ദെയ്ദിലെ ‘ഷാർജ സഫാരി’ പദ്ധതി ലക്ഷ്യത്തിലേക്ക്. ‘കാഴ്ചകളുടെ കൊടുംകാട്’ വൈകാതെ തുറക്കുമെന്നാണ് പ്രതീക്ഷ.

ആഫ്രിക്കൻ മേഖലയിലെ ഒരുലക്ഷത്തിലേറെ മരങ്ങളും വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളും സഫാരിയെ വ്യത്യസ്തമാക്കുന്നു. ആഫ്രിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ സഫാരിയാണ് ഒരുങ്ങുന്നത്. 16 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്ത് ചുരുങ്ങിയത് 50,000 മൃഗങ്ങളാണ് ആദ്യഘട്ടത്തിലുണ്ടാകുക. ജിറാഫുകൾ, റിനോകൾ, കൃഷ്ണമൃഗങ്ങൾ, പുള്ളിപ്പുലികൾ, കഴുതപ്പുലികൾ, ചെന്നായ, കാട്ടുപൂച്ചകൾ, ആമകൾ, പെരുമ്പാമ്പുകൾ, ഫ്ലെമിംഗോകൾ, ഉരഗങ്ങൾ തുടങ്ങിയവയെ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ നേരത്തേ എത്തിച്ചിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന വെളുത്ത കാണ്ടാമൃഗത്തിനു കഴിഞ്ഞ ഓഗസ്റ്റിൽ കുഞ്ഞു പിറന്നിരുന്നു. പാരിസ്ഥിതിക മേഖലയിൽ വൻ മാറ്റമുണ്ടാക്കാൻ പദ്ധതി സഹായകമാകുമെന്ന് എൻവയൺമെന്റ് ആൻഡ് പ്രൊട്ടക്ടഡ് ഏരിയാസ് അതോറിറ്റി (ഇപിഎഎ) ചെയർവുമൺ ഹന അൽ സുവൈദി പറഞ്ഞു. വിനോദം, വിജ്ഞാനം, സാഹസികത, ചരിത്രപഠനം, ഗവേഷണം എന്നിവയ്ക്കെല്ലാം അവസരമൊരുക്കും. സഫാരിയിലെ കാഴ്ചകൾ ആസ്വദിച്ച് സന്ദർശകർക്ക് സുരക്ഷിതമായി സഞ്ചരിക്കാം. അരുവികൾ, വെള്ളച്ചാട്ടങ്ങൾ, സന്ദർശകർക്കുള്ള ഉല്ലാസമേഖലകൾ, റസ്റ്ററന്റുകൾ, വിശ്രമകേന്ദ്രങ്ങൾ എന്നിവ പൂർത്തിയായിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here