അബുദാബി ഷെയ്ക്ക് ഷക്ക്ബൗട്ട് മെഡിക്കൽ സിറ്റിയിലെ എല്ലാ കോവിഡ് രോഗികളും സുഖം പ്രാപിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. എമിറേറ്റിലെ ബാക്കിയുള്ള എല്ലാ കോവിഡ് രോഗികൾക്കും ഉയർന്ന നിലവാരമുള്ള വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ആശുപത്രിയിൽ സൗകര്യമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.

ആശുപത്രിയിലുടനീളം അണുനശീകരണ പ്രക്രിയ തുടരുന്നതായി അബുദാബി ആരോഗ്യവകുപ്പ് ആക്ടിങ് സെക്രട്ടറി ഡോ. ജമാൽ മുഹമ്മദ് അൽ കാബി വ്യക്തമാക്കി. ലോകോത്തര ആരോഗ്യ സംരക്ഷണ സേവനങ്ങളാണ് നിലവിൽ നൽകിവരുന്നത്. ഏറ്റവും പുതിയ സാങ്കേതിക വിദ്യയും ചികിത്സാരീതികളും പിന്തുടരുന്നു. എമിറേറ്റിലെ നിരവധി ആശുപത്രികൾ ഇതിനകം കോവിഡ് കേസുകളിൽ നിന്നും പൂർണമായും മുക്തമായിയെന്നും വകുപ്പ് വ്യക്തമാക്കി.

കൂടാതെ അൽഐൻ തവാം ഹോസ്പിറ്റൽ, അഡ്‌നെക് ഫീൽഡ് ഹോസ്പിറ്റൽ, മുബദല ഹെൽത്ത് കെയർ, മെഡ്ക്ലിനിക് ആശുപത്രികൾ എന്നിവയും പൂർണമായും കോവിഡ് മുക്തമായി. അതേസമയം മുഖാവരണം ധരിക്കൽ, ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവയടക്കം എല്ലാ സുരക്ഷാ മുൻകരുതൽ നടപടികളും തുടരാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here