കെ.എം അബ്ബാസ്

യുഎഇയിൽ കൊവിഡ് ആദ്യമായി എത്തിയിട്ട് രണ്ട് വർഷമാകുന്നു. 2020 ജനുവരി 16ന് ചൈനയിൽ നിന്ന് വന്ന ഒരു കുടുംബം, പനിയും ജലദോഷവും കലശലായപ്പോൾ ജനുവരി 23ന് ആശുപത്രിയിലെത്തി. ചൈനയിൽ നിരവധി പേരിൽ കൊറോണ വൈറസ് കണ്ടെത്തിയ സമയമായിരുന്നു. ലോകമെങ്ങും ഭീതി പരന്നിരുന്നു. ചൈനീസ് കുടുംബത്തെ കൊവിഡ് പരിശോധനക്ക് വിധേയമാക്കി. അണുബാധ സ്ഥിരീകരിക്കപ്പെട്ടു. അന്ന് സമ്പർക്ക നിരോധ മാനദണ്ഡങ്ങൾ വ്യാപകമായിരുന്നില്ല. എന്നാലും യു എ ഇ അധികൃതർ കനത്ത ജാഗ്രത പാലിച്ചു. ഈ കുടുംബത്തെ ആശുപത്രിയിൽ പ്രത്യേക മുറിയിൽ താമസിപ്പിച്ചു. കുടുംബത്തിലെ നാല് പേരും യു എ ഇ ആരോഗ്യ പ്രവർത്തകരുടെ പരിചരണം കൊണ്ട് രക്ഷപ്പെട്ടു.

ചൈനയിലെ വുഹാനിൽ ഡിസംബർ 31നാണ് കൊറോണ രോഗം വ്യാപിച്ചത്. അവ ഏതെല്ലാമോ വഴികളിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിലേക്ക് പടർന്നു. ആയിരക്കണക്കിന് മരണങ്ങൾ. ദിവസങ്ങളോളം നഗരങ്ങൾ അടച്ചിടൽ. ആശുപത്രികളിലെ അനിശ്ചിതാവസ്ഥകൾ. വ്യോമവഴികളുടെ തടസപ്പെടൽ. കമ്പോളങ്ങളിലെ ആരവങ്ങൾ നിലച്ചിരുന്നു. ആരാധനാലയങ്ങൾ വിജനമായിരുന്നു. മൈതാനങ്ങളില്‍, ഉദ്യാനങ്ങളിൽ, കടൽത്തീരങ്ങളിൽ കാൽപ്പെരുമാറ്റം ഉണ്ടായില്ല. മനുഷ്യരാശിയുടെ അവസാനം കുറിക്കുമോ ഈ സൂക്ഷ്മജീവികൾ എന്ന് ലോക നേതാക്കളും ആരോഗ്യ വിദഗ്ധരും ഉൾപെടെ ആശങ്കപ്പെട്ടു. ഇന്നും ഒരു രാജ്യത്തിനും കൊവിഡിനെ തുടച്ചുനീക്കാൻ കഴിഞ്ഞിട്ടില്ല. പുതിയ വകഭേദങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു. ഏറ്റവും ഒടുവിൽ ഫ്ലൂറോണ. ഫ്ലൂവും കൊറോണയും ഇഴചേർന്നുള്ളത്.

തിരിഞ്ഞുനോക്കുമ്പോൾ, എത്ര ഉറ്റവരെയാണ് ഓരോരുത്തർക്കും നഷ്ടപ്പെട്ടത്. അത് വരെ കൂടെ ചിരിച്ചും കളിച്ചും കൊണ്ടിരുന്ന ആളുകൾ പൊടുന്നനെ അപ്രത്യക്ഷരായി. അവരെ അവസാനമായി ഒരു നോക്ക് കാണാൻ പലർക്കും കഴിഞ്ഞില്ല. വ്യോമ ഗതാഗതം ഇല്ലാതിരുന്നതിനാൽ വിദേശികൾക്ക് മൃതദേഹം നാട്ടിലെത്തിക്കാൻ കഴിയുമായിരുന്നില്ല. വിരലിലെണ്ണാവുന്നവർ ചേർന്ന് മരുഭൂമിയിൽ അടക്കം ചെയ്തു. സ്ത്രീകളാണ് ഏറ്റവും കണ്ണീര് കുടിച്ചത്. ഈ സമയവും കടന്നു പോകും എന്ന പുസ്തകമെഴുതിയ അബൂദബി സിഹ എച്ച് എസിലെ ക്ലിനിക്കൽ ഓഡിയോളജിസ്റ്റും സാമൂഹിക പ്രവർത്തകയുമായ താഹിറ കല്ലുമുറിക്കലിന്റെ വാക്കുകൾ: പൊതുവെ ദൂരങ്ങളിലേക്ക് ഞാൻ തനിച്ചു വണ്ടിയോടിച്ച് പോകുക പതിവില്ല. എന്നാൽ ആ ആഴ്ച്ച, ആശുപത്രിയിൽ കിടക്കുന്ന എളാപ്പയെ കാണണമെന്ന ഉറച്ച നിശ്ചയത്തോടെ തനിയെ വണ്ടിയോടിച്ച് ഷാർജയിലേക്ക് പോയി. എന്റെ ചിന്ത മുഴുവൻ ഏഴ് കടലിനപ്പുറത്ത് ഇങ്ങനെ വെന്റിലേറ്ററുകളിൽ കഴിയുന്ന എന്റെ ഉപ്പ, ഭർത്താവ്, മകൻ, സഹോദരന്മാർ എന്നിവരെക്കുറിച്ചായിരുന്നു… താഹിറക്ക് പല ബന്ധുക്കളെയും അടുത്തറിയുന്നവരെയും അക്കാലത്ത് നഷ്ടപ്പെട്ടിട്ടുണ്ട്.

നിരവധി കുടുംബങ്ങൾ അനാഥമായിട്ടുണ്ട്. ഇനിയെന്ത് എന്ന ചോദ്യം വ്യാപകമായി ഉയരുന്നു. കൊവിഡ് പ്രതിരോധ കുത്തിവെപ്പുകൾ വ്യാപകമാണ്. എന്നാലും ഒമിക്രോൺ അടക്കം പുതിയ വകഭേദങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളിൽ ചിലത് ഒറ്റപ്പെട്ട നിലയിലാണ്.

വ്യോമഗതാഗതമില്ല. ഇനിയൊരു “അടച്ചിടൽ’ ആർക്കും താങ്ങാൻ കഴിയില്ല. ഇച്ഛാശക്തിയുള്ള ഭരണാധികാരികൾ, ജനങ്ങളിൽ ആത്മവിശ്വാസം പകർന്ന് പുതിയ വഴികൾ തേടുന്നു. യു എ ഇ യിൽ ഒരു സാഹചര്യത്തിലും പൂർണ അടച്ചിടലുണ്ടാകില്ലെന്ന് വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി അൽ സിയൂദി വ്യക്തമാക്കി. ദുബൈ വേൾഡ് എക്‌സ്‌പോ അനുസ്യൂതം തുടരുന്നു. സന്ദർശകർ കോടിയിലെത്താൻ ഇനി മണിക്കൂറുകളേ വേണ്ടൂ. ഖത്വറിൽ ലോകകപ്പ് ഫുട്‌ബോൾ ഒരുക്കം തകൃതിയിൽ. സഊദി അറേബ്യയിൽ, ശാരീരിക അകലം പാലിക്കാൻ തീർഥാടകരെ ബോധവത്കരിച്ച് തിരുഗേഹങ്ങൾ തുറന്നിട്ടുണ്ട്. വാണിജ്യ, നിർമാണ,വിനോദ കേന്ദ്രങ്ങൾ സജീവമായാലേ വ്യക്തികളിലും ഭരണകൂടങ്ങളിലും സാമ്പത്തിക ഭദ്രത കൈവരൂ. അതേസമയം, കൊവിഡ് പടരാതിരിക്കുകയും വേണം. യു എ ഇയിലേതിനേക്കാൾ കൂടുതലാണ് ഖത്വറിൽ. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികൾ ശക്തമാക്കി. നിയമംലംഘിച്ച 317 പേർ കൂടി പിടിയിലായി. ഇവരിൽ 258 പേരും മാസ്‌ക് ധരിക്കാത്തതിനാണ് നടപടി നേരിട്ടത്. സാമൂഹിക അകലം പാലിക്കാത്തതിന് 43 പേർ അറസ്റ്റിലായി. കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഖത്വറിൽ ഇതുവരെ ആയിരത്തിലധികം പേരെ പോലീസ് പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. യു എ ഇയിൽ ദിവസം 2500ലധികം പുതിയ രോഗികൾ രംഗപ്രവേശം ചെയ്യുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ അധികൃതർ നിരന്തരം ആഹ്വാനം ചെയ്യുന്നു. കുറച്ചു നാൾ കൂടി സ്വയം നിയന്ത്രിച്ചാൽ, കുറേക്കൂടി ശോഭനമായ ഭാവി കാണാം…കെ. എം.എ

LEAVE A REPLY

Please enter your comment!
Please enter your name here