2011 ക്രിക്കറ്റ് ലോകകപ്പില്‍ ഒത്തുകളി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. കായികമന്ത്രി ദുല്ലാസ് അലഹാപ്പെരുമയാണ് അന്വേഷണം പ്രഖ്യാപിച്ചത്. നേരത്തെ മുന്‍ കായിക മന്ത്രി മഹിന്ദനന്ദയാണ് ലോകകപ്പ് ഫൈനലില്‍ അട്ടിമറി നടന്നു എന്നാരോപിച്ച് രംഗത്തെത്തിയത്. ആറ് വിക്കറ്റിനാണ് ലോകകപ്പ് ഫൈനലില്‍ ലങ്ക, ഇന്ത്യയോട് പരാജയപ്പെടുന്നത്.

ആദ്യം ബാറ്റ് ചെയ്ത ലങ്ക ജയവര്‍ധനെയുടെ സെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ 274 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗില്‍ സെവാഗിനേയും സച്ചിനേയും വേഗത്തില്‍ പുറത്താക്കി ലങ്ക ജയപ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഗംഭീറും ധോണിയും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നത്.

ലോകകപ്പ് ശ്രീലങ്ക, ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നെന്നായിരുന്നു മഹിന്ദനന്ദയുടെ ആരോപണം. സിരാസ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. നേരത്തെ മുന്‍ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ അര്‍ജുന രണതുംഗയും സമാന ആരോപണവുമായി രംഗത്തെത്തിയിരുന്നു.

2010-15 കാലയളവില്‍ ലങ്കന്‍ കായികമന്ത്രിയായിരുന്നു മഹിന്ദനന്ദ. അന്ന് തന്നെ ഇത് സംബന്ധിച്ച സംശയമുണ്ടായിരുന്നെങ്കിലും വേണ്ടെന്ന് കരുതി പറയാതിരിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.‘2011 ല്‍ നമ്മള്‍ ജയിക്കേണ്ടതായിരുന്നു. എന്നാല്‍ മത്സരം നമ്മള്‍ വിറ്റുകളഞ്ഞു. ഇപ്പോള്‍ അതിനെക്കുറിച്ച് പറയാമെന്ന് തോന്നുന്നു. കളിക്കാര്‍ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് പറയുന്നില്ല. എന്നാല്‍ ചില മേഖലകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.’, അദ്ദേഹം പറഞ്ഞു.

2017 ല്‍ മുന്‍ ക്യാപ്റ്റന്‍ രണതുംഗയും ഒത്തുകളി ആരോപിച്ച് രംഗത്തെത്തിയിരുന്നു. കലാശപ്പോരില്‍ കമാന്റേറായി രണതുംഗയും മുംബൈ വാംഖഡെ സ്റ്റേഡിയത്തിലുണ്ടായിരുന്നു. ഒത്തുകളി നടന്നിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നെന്നും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here