ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് 2022-ലേക്ക് മാറ്റിവെയ്ക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. വ്യാഴാഴ്ച നിര്‍ണായകമായ ഐ.സി.സി ബോര്‍ഡ് യോഗം നടക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഒരു ഐ.സി.സി ബോര്‍ഡ് അംഗത്തെ ഉദ്ധരിച്ച് പി.ടി.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ഒക്ടോബറില്‍ ഐപി.എല്‍ നടക്കാനുള്ള സാധ്യത തെളിഞ്ഞു.

ലോകകപ്പ് മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേര്‍ന്ന ഐ.സി.സിയുടെ ചീഫ് എക്സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായെന്നാണ് സൂചന. വ്യാഴാഴ്ച ചേരുന്ന ഐ.സി.സി ബോര്‍ഡ് യോഗത്തില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും.ട്വന്റി 20 ലോകകപ്പ് നടക്കേണ്ടിയിരുന്ന ഒക്ടോബര്‍ – നവംബര്‍ സമയത്ത് ഐ.പി.എല്‍ നടത്താനുമാണ് ധാരണയായിരിക്കുന്നത് എന്നാണ് സൂചന.

”വ്യാഴാഴ്ചത്തെ ബോര്‍ഡ് യോഗത്തില്‍ ട്വന്റി 20 ലോകകപ്പ് മാറ്റിവെയ്ക്കാനുള്ള തീരുമാനമെടുക്കാന്‍ സാധ്യതയേറെയാണ്. ഇക്കാര്യത്തില്‍ ഒരു ഔപചാരിക പ്രഖ്യാപനം ഉണ്ടാകുമോ ഇല്ലയോ എന്നതു മാത്രമാണ് ചോദ്യം”, ഒരു ഐ.സി.സി ബോര്‍ഡ് അംഗം വ്യക്തമാക്കി.

നിലവില്‍ 2021-ല്‍ ഇന്ത്യയില്‍ ട്വന്റി 20 ലോകകപ്പ് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 2021 ഒക്ടോബറിലാണ് ഇന്ത്യ വേദിയാവുന്ന ലോകകപ്പ് നടക്കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 2020-ലെ ട്വന്റി 20 ലോകകപ്പ് 2021-ലേക്ക് മാറ്റിവെച്ചാല്‍ ഒരേ ഫോര്‍മാറ്റിലെ രണ്ടു ലോകകപ്പുകള്‍ ഒരേ വര്‍ഷം നടത്തേണ്ടതായി വരും. ഇത് അനുചിതമാകുമെന്നാണ് വിലയിരുത്തല്‍. കൂടാതെ 2023-ല്‍ ഇന്ത്യ ഏകദിന ലോകകപ്പിനും വേദിയാകേണ്ടതായിട്ടുണ്ട്.

ഇതോടെയാണ് പുതിയ സമയക്രമം തീരുമാനിക്കേണ്ടി വരുന്നത്. ഇതനുസരിച്ച് 2021-ല്‍ ഇന്ത്യ ട്വന്റി 20 ലോകകപ്പിന് ആതിഥേയത്വം വഹിക്കും. 2022-ല്‍ ഓസ്‌ട്രേലിയയില്‍ അടുത്ത ട്വന്റി 20 ലോകകപ്പ് നടക്കും. 2023-ല്‍ ഇന്ത്യയില്‍ ഏകദിന ലോകകപ്പും. നിലവിലെ മാര്‍ക്കറ്റ് സാഹചര്യം കണക്കിലെടുത്ത് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാഗുലിയും ബോര്‍ഡ് യോഗത്തില്‍ ഈ സമയക്രമത്തെ പിന്തുണയ്ക്കാനാണ് സാധ്യത. ഇതോടെ കോവിഡ് സാഹചര്യം അനുകൂലമായാല്‍ ഈ വര്‍ഷം ഒക്ടോബറില്‍ ഐ.പി.എല്ലിനും സാധ്യത തെളിയുമെന്നാണ് കണക്കുകൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here