പ്രവാസികളെ തിരികെ കൊണ്ടുവരുമ്പോള്‍ വിമാനത്താവളത്തില്‍ പാലിക്കേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച മാര്‍ഗരേഖ എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്ത് ഇറക്കി. പ്രവാസികളുമായി എത്തുന്ന വിമാനങ്ങളില്‍നിന്ന് ഇരുപതുപേരുള്ള സംഘം ആയാകും യാത്രക്കാരെ പുറത്തിറക്കുക. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായാണിത്.

വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന വിമാനങ്ങള്‍ ലാന്‍ഡ് ചെയ്ത ശേഷം മുന്‍ നിശ്ചയിച്ച എയ്റോ ബ്രിഡ്ജില്‍ മാത്രമേ കൊണ്ട് പോകാവൂ. വിമാനത്തിന് പുറത്തെത്തുന്ന പ്രവാസികളെ എയ്റോ ബ്രിഡ്ജിന് പുറത്ത് പ്രത്യേകമായി നിശ്ചിയിച്ചിരിക്കുന്ന സ്ഥലത്ത് വച്ച് താപ പരിശോധന നടത്തും. താപ പരിശോധനയ്ക്ക് ശേഷം കോവിഡ് ഇല്ലെന്ന് ഉറപ്പാക്കിയവരുടെ ഇരുപതോ മുപ്പതോ പേര്‍ അടങ്ങുന്ന സംഘത്തെ സി.ഐ.എസ്.എഫ്. സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. കോവിഡ് രോഗികള്‍ ഉണ്ടെങ്കില്‍ അവരെ വിമാനത്താവളത്തിന് പുറത്തേക്ക് പ്രത്യേക വഴിയിലൂടെ കൊണ്ട് പോകും.

എമിഗ്രേഷന്‍, കസ്റ്റംസ്, സുരക്ഷ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ യാത്രക്കാരില്‍നിന്ന് കൃത്യമായ അകലം പാലിക്കണമെന്ന് എയര്‍ പോര്‍ട്ട് അതോറിട്ടി നിര്‍ദേശിച്ചിട്ടുണ്ട്. കഴിയുമെങ്കില്‍ ഇവര്‍ ഗ്ലാസ് ഷീല്‍ഡ് ഉള്‍പ്പടെ ഉപയോഗിക്കണം. അതേസമയം പ്രവാസികള്‍ വരുന്ന വിമാനവുമായി ബന്ധപ്പെടുന്ന വിമാനത്താവളത്തിലെ എല്ലാ ജീവനക്കാരും പി.പി.ഇ. കിറ്റുകള്‍ ധരിക്കണം.

ലഗേജുകള്‍ അണുവിമുക്തമാക്കിയ ശേഷമേ പ്രവാസികള്‍ക്ക് നല്‍കുകയുള്ളൂ. കസ്റ്റംസ് ക്ലിയറന്‍സ് പരമാവധി വേഗത്തില്‍ നടത്തണം. ഇതിനായി കൂടുതല്‍ ജീവനക്കാരെ നിയമിക്കണം.എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് പ്രവാസികള്‍ക്ക് ചായ, കാപ്പി, ലഘു ഭക്ഷണം എന്നിവ നല്‍കണമെന്നും മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തില്‍ തിരക്ക് ഉണ്ടാകാതെ ഇരിക്കാന്‍ വ്യത്യസ്ത സമയങ്ങളിലാണ് പ്രവാസികളും ആയി വരുന്ന വിമാനങ്ങള്‍ ഇറങ്ങുന്നതെന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിന്റെ ചുമതല ഉള്ള ഉദ്യോഗസ്ഥന്‍ ഉറപ്പു വരുത്തണമെന്ന് എയര്‍ പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്ത് ഇറക്കിയ മാര്‍ഗ്ഗ രേഖയില്‍ വിശദീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here