കോവിഡ് സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിനെതിരെ യുഎഇ യിൽ അധികൃതർ നടപടികൾ ശക്തമാക്കി. സിഐഡികൾ ഉൾപ്പെടെ സജീവമായി രംഗത്തുണ്ട്. ഇതിനു പുറമെ ദുബായ് ഇക്കണോമി ഡിപ്പാർട്മെന്റ് വിവിധ വകുപ്പുകളുമായി ചേർന്നു നടത്തുന്ന പരിശോധനകളും മുറയ്ക്കു നടക്കുന്നു. ജീവനക്കാർ മാസ്ക് ധരിക്കാതിരിക്കൽ, അകലം പാലിക്കാതിരിക്കൽ, സ്റ്റിക്കർ പതിപ്പിക്കാതിരിക്കൽ തുടങ്ങിയവ കണ്ടെത്തിയാൽ സ്ഥാപനം പൂട്ടിക്കുന്നത് ഉൾപ്പെടെ നടപടിയെടുക്കും.

ഇതിനു പുറമേയാണ് പൊതുസ്ഥലങ്ങളിൽ സിഐഡികൾ ചട്ടം ലംഘിക്കുന്നവരെ പിടികൂടുന്നത്. കരാമയിൽ കഴിഞ്ഞദിവസങ്ങളിൽ റസ്റ്ററന്റുകൾക്കു മുന്നിൽ നിന്നു വരെ ആളുകളെ പിടികൂടി. മാസ്ക് ധരിക്കാതെ ചെവിയിൽ തൂക്കി ഇട്ടിരുന്ന യുവാവിനും പിഴ കിട്ടി, 3000 ദിർഹം. മാസ്ക് താടിക്കു വച്ച് നടന്നയാളെ വിളിച്ച് ശാസിക്കുകയും ചെയ്തു. കോവിഡ് 19 സുരക്ഷാ നിയമങ്ങൾ പാലിക്കാതെ വസതിയിൽ സ്വകാര്യ പാർട്ടി സംഘ‌ടിപ്പിച്ചതിന് പ്രവാസി യുവതിക്കു 10,000 ദിർഹവും പങ്കെടുത്ത ഓരോരുത്തർക്കും 5,000 ദിർഹം വീതവും പിഴ ചുമത്തിയതായി ദുബായ് പൊലീസ് അറിയിച്ചു.

സംഗീത ബാൻഡിലെ അംഗങ്ങൾക്കും അതിഥികൾക്കുമാണ് 5,000 ദിർഹം വീതം പിഴ ലഭിച്ചത്. പാർട്ടിയിൽ പങ്കെടുത്തവർ സാമൂഹിക അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഇത്തരത്തിൽ നിയമം ലംഘിച്ച് വിരുന്നു നടത്താനോ, ആളുകളെ ക്ഷണിക്കാനോ പാടില്ല. യോഗങ്ങൾ കൂടാനോ, പൊതു, സ്വകാര്യസ്ഥലങ്ങളിൽ ഒത്തുകൂടാനോ അനുവദിക്കില്ലെന്നും സംഘടിപ്പിക്കുന്നവർക്ക് 10,000 ദിർഹവും പങ്കെടുക്കുന്നവർക്ക് 5,000 ദിർഹം വീതവും പിഴ ചുമത്തുമെന്നും ദുബായ് പൊലീസ് സിെഎഡി ഡയറക്ടർ ബ്രി.ജമാൽ സാലിം അൽ ജല്ലാഫ് പറഞ്ഞു. ഇത്തരത്തിൽ നിയമലംഘനം കണ്ടാൽ ഉടൻ ദുബായ് പൊലീസിനെ ബന്ധപ്പെടണമെന്ന് നിർദേശിച്ചു. ഫോൺ:901.

LEAVE A REPLY

Please enter your comment!
Please enter your name here