സംസ്ഥാനത്ത് ജൂൺ 10 മുതൽ‌ ട്രോളിങ് നിരോധനം ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. മന്ത്രി സജി ചെറിയാൻ വിളിച്ചു ചേർത്ത മത്സ്യ തൊഴിലാളി സംഘടനകളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ജൂലൈ 31 വരെ 52 ദിവസം നിരോധനം ഏർപ്പെടുത്താൻ തീരുമാനമെടുത്തത്.

പരമ്പരാഗത മത്സ്യ ബന്ധനത്തിനും, മേൽത്തട്ടിൽ മത്സ്യ ബന്ധനം നടത്തുന്ന ഇൻബോർഡ് വള്ളങ്ങൾക്കും തടസമുണ്ടാവില്ല. സംസ്ഥാന ത്തിന്റെ 12 നോട്ടിക്കൽ മൈൽ കടൽ പരിധിയിൽ അടിത്തട്ടിലെ മത്സ്യ ബന്ധനമാണ് നിരോധിക്കുന്നത്.

ഫിഷറീസ് വകുപ്പിന്റെ കണക്കനുസരിച്ച് ആഴത്തട്ട് മത്സ്യ ബന്ധനം നടത്താൻ ശേഷിയുള്ള 4500 ട്രോൾ ബോട്ടുകളാണ് സംസ്ഥാനത്തുള്ളത്. ജൂൺ 10 നെ മുൻപായി ഇവ സമീപത്തെ കായലുകളിലെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നതിനും യോഗത്തിൽ തീരുമാനമായി.

ട്രോളിംഗ് നിരോധന കാലയളവിൽ രാസവസ്തുക്കൾ കലർന്ന മത്സ്യങ്ങളുടെ വിപണനം തടയുന്നതിന് നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ, ഫിഷറീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ട്രോളിംഗ് നിരോധനം മൂലം തൊഴിൽ നഷ്ടപ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികൾ, പീലിംഗ് ഷെഡ് തൊഴിലാളികൾ എന്നിവർക്ക് മുൻകാലങ്ങളിലേതുപോലെ സൗജന്യ റേഷൻ അനുവദിക്കും. ഇതിനായി മത്സ്യത്തൊഴിലാളികൾ അതാത് മത്സ്യഭവൻ ഓഫിസുകളുമായി ബന്ധപ്പെടണം.

ഈകാലയളവിൽ കടലിൽപോകുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികൾ നിർബന്ധമായും ബയോമെട്രിക് തിരിച്ചറിയൽ കാർഡും, സുരക്ഷാ ഉപകരണങ്ങളും കരുതുകയും ജാഗ്രത പാലിക്കേണ്ടതുമാണ്. തൊഴിലാളികൾ കാലാവസ്ഥ മുന്നറിയിപ്പുകൾ പാലിക്കണം. കടലിലുണ്ടാകുന്ന അപകടങ്ങൾ നേരിടാൻ മൂന്ന് പട്രോളിംഗ് ബോട്ടുകളും വൈപ്പിൻ ഫിഷറീസ് സ്റ്റേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്.

കൂടാതെ കോസ്റ്റ് ഗാർഡ് കപ്പലും ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിനും പട്രോളിംഗിനുമായി മുഴുവൻസമയവും സജ്ജമായിരിക്കും.

കടലിൽ രക്ഷാപ്രവർത്തനം ആവശ്യമായിവരുന്ന സാഹചര്യത്തിൽ താഴെപറയുന്ന നമ്പറുകളിൽ ബന്ധപ്പെടാം. ഫിഷറീസ് കൺട്രോൾ റൂം 0484 2502768, 9496007037, 9496007029. മറൈൻ എൻഫോഴ്‌സ്‌മെന്റ് 9496007048. കോസ്റ്റൽ പോലീസ് സ്‌റ്റേഷൻ അഴീക്കോട് 0480 2815100, ഫോർട്ട് കൊച്ചി 0484 2215006, 1093. കോസ്റ്റ് ഗാർഡ് 0484 2218969, ടോൾ ഫ്രീ നമ്പർ 1554. നേവി 0484 2872354, 2872353.

LEAVE A REPLY

Please enter your comment!
Please enter your name here