ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ യുഎസ്. ഇന്ത്യയിലെ ജനങ്ങള്‍ക്ക് നിലവിലെ സങ്കീര്‍ണ സാഹചര്യത്തെ അഭിമുഖീകരിക്കാനാവശ്യമായ എല്ലാവിധ പിന്തുണയും നല്‍കാനുള്ള നടപടികള്‍ അമേരിക്കന്‍ ഭരണകൂടം സ്വീകരിച്ചതായി സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കന്‍ അറിയിച്ചു. ഇതിനായി ഇന്ത്യയിലെ ഭരണാധികാരികളുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് ബ്ലിങ്കന്‍ അറിയിച്ചു .

കോവിഡ് മഹാമാരിയുടെ അതിതീവ്രമായ രണ്ടാം തരംഗം കാരണം ഇന്ത്യന്‍ സമൂഹം നേരിടുന്ന ദുരിതത്തില്‍ യുഎസ് പങ്കുചേരുന്നതായും ഇന്ത്യന്‍ അധികൃതര്‍ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഇന്ത്യയിലെ ജനതയ്ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും ആവശ്യമായ എല്ലാ വിധസഹായവും എത്രയും പെട്ടെന്ന് എത്തിക്കുമെന്നും ബ്ലിങ്കന്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്കാവശ്യമായ അവശ്യസാധനങ്ങളെത്തിക്കാന്‍ യുഎസ് അഹോരാത്രം പ്രവര്‍ത്തിക്കുന്നതായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവന്‍ അറിയിച്ചു.

കോവിഡ് പ്രതിരോധത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കളും വാക്‌സിനും ഉള്‍പ്പെടെ എല്ലാവിധ സഹായവും ഇന്ത്യയ്ക്ക് അടിയന്തരമായി നല്‍കണമെന്ന് ബൈഡന്‍ ഭരണകൂടത്തിന് മേല്‍ സമ്മര്‍ദമുണ്ടായിരുന്നു. യുഎസിനാവശ്യമായ അളവില്‍ കവിഞ്ഞുള്ള വാക്‌സിന്‍ സംഭരണത്തില്‍ നിന്ന് ഇന്ത്യയ്ക്കും മറ്റ് വാക്‌സിന്‍ ആവശ്യമുള്ള രാജ്യങ്ങള്‍ക്കും നല്‍കണമെന്ന് പ്രമുഖ ഡെമോക്രാറ്റംഗം എഡ് മാര്‍ക്കി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ നിലവിലെ ദുഷ്ക്കരമായ സാഹചര്യം വിലയിരുത്തി ആവശ്യമായ സഹായമെത്തിക്കാനായി ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളും വിദഗ്ധരുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാനാരംഭിച്ചതായി ബൈഡന്റെ വക്താവായ ജെന്‍ സാക്കി വെള്ളിയാഴ്ച അറിയിച്ചിരുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. അതെ സമയം ഇന്ത്യയിലേക്കുള്ള വാക്‌സിന്‍ കയറ്റുമതിയോ വാക്‌സിന്‍ നിര്‍മാണത്തിനാവസ്യമായ അസംസ്‌കൃതവസ്തുക്കളുടെ കയറ്റുമതി സംബന്ധിച്ചോ സാക്കി ഒന്നും പ്രതികരിച്ചിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here