യുഎഇയില്‍ (UAE) അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയെടുത്താല്‍ (Clicking someones photo in public place) ഇനി ഒരുകോടി രൂപവരെ പിഴ അടക്കേണ്ടിവരും. ഇതിന് പുറമേ ആറ് മാസം വരെ തടവും ലഭിക്കും. ചിത്രം പകര്‍ത്തുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതുമെല്ലാം ജനുവരി 2നു പ്രാബല്യത്തില്‍ വരുന്ന സൈബര്‍ നിയമഭേദഗതിയനുസരിച്ച് അതീവ ഗുരുതര കുറ്റകൃത്യങ്ങളായി കണക്കാക്കും. ബാങ്കുകള്‍, ആരോഗ്യ-ശാസ്ത്ര മേഖലകള്‍, മാധ്യമങ്ങള്‍ തുടങ്ങിയവയുടെ ഡേറ്റ സംവിധാനത്തിനു കേടുപാട് വരുത്താന്‍ ശ്രമിക്കുന്നതും ഇതിന്റെ പരിധിയില്‍ വരും.

അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രമെടുത്താല്‍ 6 മാസത്തെ തടവു ശിക്ഷയോ 1.5 ലക്ഷം ദിര്‍ഹം (30 ലക്ഷം രൂപയിലേറെ) മുതല്‍ 5 ലക്ഷം ദിര്‍ഹം (ഒരു കോടിയിലേറെ രൂപ) വരെ പിഴയോ രണ്ടും ഒരുമിച്ചോ ലഭിക്കും.

ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍മാരുടെ അവകാശ സംരക്ഷണവും ഇന്റര്‍നെറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് തടയാനും ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. സൈബര്‍ കുറ്റങ്ങളുമായി ബന്ധപ്പെട്ട 2012ലെ നിയമമാണ് ദേദഗതി ചെയ്തത്.നേരത്തെ സ്വകാര്യ സ്ഥലങ്ങളിലായിരുന്നു നിയന്ത്രണം.

പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ ബീച്ച്, പാര്‍ക്ക് ഉള്‍പ്പെടെയുള്ള പൊതു സ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുമ്പോള്‍ അത് മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചാല്‍ നിയമലംഘനമാകും.

സര്‍ക്കാര്‍ വകുപ്പുകളുടെയോ പ്രധാന സ്ഥാപനങ്ങളുടെയോ വെബ്‌സൈറ്റുകളില്‍ തിരിമറി നടത്താന്‍ ശ്രമിച്ചാല്‍ 5 ലക്ഷം മുതല്‍ 30 ലക്ഷം ദിര്‍ഹം വരെയാണു ശിക്ഷ.

സൈബര്‍ കുറ്റകൃത്യങ്ങളും വ്യാജവാര്‍ത്തകളും തടയാന്‍ ശക്തമായ നിരീക്ഷണമേര്‍പ്പെടുത്തും. വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാന്‍ കോടതികള്‍ക്കു വിപുല അധികാരങ്ങള്‍ നല്‍കി. ഇലക്ട്രോണിക് ഉപകരണങ്ങള്‍, സോഫ്റ്റ്‌വെയറുകള്‍, പ്രചരിപ്പിച്ച ചിത്രങ്ങള്‍, വിവരങ്ങള്‍ എന്നിവ പിടിച്ചെടുക്കാം. പൊതുസമൂഹത്തില്‍ ആശങ്ക ജനിപ്പിക്കും വിധം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത് ദേശീയസുരക്ഷാ ചട്ടലംഘനമായി കണക്കാക്കും.

വാഹനാപകട ദൃശ്യങ്ങള്‍ പകര്‍ത്തി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്ന ഇതരവാഹന യാത്രക്കാര്‍ക്കും പിടിവീഴും. 800 ദിര്‍ഹം പിഴ ചുമത്തുകയും ലൈസന്‍സില്‍ 4 ബ്ലാക് പോയിന്റുകള്‍ പതിയുകയും ചെയ്യും.

LEAVE A REPLY

Please enter your comment!
Please enter your name here