ദുബായ് : യുഎഇ യിൽ ഇന്ന് 239 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 61,845 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. ഇതോടെ രാജ്യത്തെ മരണസംഖ്യ 354 ആയി. അതേ സമയം 354 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 55,739 ആയി.

തിരിച്ചെത്തുന്ന യുഎഇ വീസക്കാർക്ക് കോവിഡ് പരിശോധന നടത്താനായി വിവിധ രാജ്യങ്ങളിലെ കൂടുതൽ ലബോറട്ടറികൾക്ക് അംഗീകാരം നൽകി. അതതു രാജ്യങ്ങളിലെ സർക്കാർ അംഗീകൃത ലബോറട്ടറികളിൽനിന്നുള്ള പിസിആർ പരിശോധനാ ഫലം അംഗീകരിക്കാനാണ് യുഎഇ തീരുമാനം. നേരത്തെ പരിമിതമായ കേന്ദ്രങ്ങൾക്കു മാത്രമേ യുഎഇ അംഗീകാരം നൽകിയിരുന്നുള്ളൂ.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെ (ഐസിഎ) വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്ത് അംഗീകാരം ലഭിക്കുന്നവർക്കു മാത്രമേ യുഎഇയിലേക്കു പ്രവേശനാനുമതി ലഭിക്കൂ. ദുബായ് വീസക്കാർ ജിഡിആർഎഫ്എ വെബ്സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. 12 വയസിനു താഴെയുള്ളവർക്ക് പിസിആർ പരിശോധന നിർബന്ധമില്ല.

ഇങ്ങനെ അനുമതി ലഭിക്കുന്നവർ 96 മണിക്കൂറിനകം എടുത്ത കോവി‍ഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാലാണ് യാത്രാനുമതി നൽകുകയെന്ന് ദേശീയ അത്യാഹിത, ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. കുടുംബാംഗങ്ങൾ യുഎഇയിലുള്ളവർക്കും വീസാ കാലാവധി തീർന്നിട്ടില്ലാത്തവർക്കുമാണ് ആദ്യഘട്ടത്തിൽ അനുമതി ലഭിക്കുക. മാസ്കും ഗ്ലൗസും ധരിച്ചിരിക്കണം. തിരിച്ചെത്തുന്നവർ അൽഹൊസൻ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുകയും വേണം.

യുഎഇ യിൽ എത്തുന്നവരെയെല്ലാം കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും. ഇതിനായി എല്ലാ വിമാനത്താവളത്തിലും പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തുന്ന രോഗബാധിതരെ ആശുപത്രിയിലേക്കു മാറ്റും. അല്ലാത്തവർ 14 ദിവസം താമസ സ്ഥലത്ത് സ്വയം നിരീക്ഷണത്തിൽ കഴിയണം. ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ് രാജ്യങ്ങളിലുള്ളവർ പ്യൂവർ ഹെൽത്ത് അംഗീകരിച്ച കേന്ദ്രങ്ങളിൽനിന്നാണ് പരിശോധന നടത്തേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here