അബുദാബി: യുഎഇ യിൽ ഇന്ന് 392 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 44,925 ആയി. ഇന്ന് ഒരാൾ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 302 ആയി. അതേ സമയം 661 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 32,415 ആയി.

അബുദാബിയിൽ കോവിഡിനെ തുരത്താൻ പഴുതടച്ച പരിശോധനയുമായി ആരോഗ്യവിഭാഗം. ആവശ്യമെങ്കിൽ മുഴുവൻ ആളുകളെയും കോവിഡ് പരിശോധനയ്ക്കു വിധേയമാക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി നഗരത്തിലെ ജനവാസ കേന്ദ്രങ്ങളിലെ കെട്ടിടങ്ങൾ തോറും സൗജന്യ പരിശോധന വ്യാപകമാക്കിവരികയാണ്. പരിശോധന വ്യാപകമാക്കുന്നതിലൂടെ രോഗബാധിതര കണ്ടെത്തി മതിയായ ചികിത്സ ഉറപ്പുവരുത്തും. ആവശ്യമുള്ളവരെ ഐസലേഷനിലും ക്വാറന്റീനിലും ആക്കും. ഇതിലൂടെ രോഗവ്യാപനം തടയാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.

ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഏതു സമയവും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരിശോധന നടത്തുമെന്നും സൂചിപ്പിച്ചു. ഇതോടകം യുഎഇയിൽ 30 ലക്ഷത്തിലേറെ പേർക്ക് പരിശോധന നടത്തിയ കാര്യവും അദ്ദേഹം സൂചിപ്പിച്ചു. അബുദാബിയിൽ സഞ്ചാരനിയന്ത്രണം ഏർപ്പെടുത്തിയതും പരിശോധനയ്ക്കു വേണ്ടിയായിരുന്നുവെന്നും ഇതുമൂലം എമിറേറ്റിൽ കോവിഡ് വ്യാപനം കുറഞ്ഞതായും സൂചിപ്പിച്ചു. അബുദാബിയിൽ മാത്രം ഇതോടകം 3.88 ലക്ഷം പേർക്ക് പരിശോധന നടത്തി.

കർശന കോവിഡ് സുരക്ഷാ മുൻകരുതലുകളോടെ ഷാർജയിലെ അടച്ചിട്ടിരുന്ന മൂന്ന് പബ്ലിക് ലൈബ്രറികൾ തുറന്നു . ലൈബ്രറിയുടെ ഷാർജയിലെ പ്രധാന കേന്ദ്രവും ദിബ്ബ അൽ ഹിസ്ൻ, അൽ ദെയ്ത് എന്നിവിടങ്ങളിലെ ശാഖകളുമാണ് പുസ്തകപ്രേമികളെ വീണ്ടും സ്വാഗതം ചെയ്യുന്നത്. മുൻകൂട്ടി ബുക്ക് ചെയ്യുന്ന 30 ശതമാനം സന്ദർശകർക്കുമാത്രമേ പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ജീവനക്കാരിൽ 30 ശതമാനം പേരെത്തും. സന്ദർശകർക്ക് ഇഷ്ടമുള്ള സമയം തിരഞ്ഞെടുക്കാം. ലൈബ്രറിക്ക് പുറത്ത് കോവിഡ് മുൻകരുതലുകളെക്കുറിച്ച് നിർദേശങ്ങൾ നൽകും. നിർദേശിച്ച സമയത്തിനുള്ളിൽ പുറത്തിറങ്ങണം.

LEAVE A REPLY

Please enter your comment!
Please enter your name here