അബുദാബി: യുഎഇ യിൽ ഇന്ന് 437 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 47,797 ആയി. ഇന്ന് രണ്ടു പേർ കൂടി മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 313 ആയി. അതേ സമയം 577 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 36,411 ആയി.

അൽ ദഫ്ര മേഖലയിലെ എല്ലാ ആശുപത്രികളും കോവിഡ് മുക്തമായതായി എമിറേറ്റ്‌സ് മീഡിയാ ഓഫീസ് അറിയിച്ചു. മദീനത്ത് സായിദ്, ഗായതി, ദാൽമ, അൽ സില, അൽ മർഫാ, ലിവ, റുവൈസ് എന്നിവിടങ്ങളിലാണ് അൽ ദഫ്രയിലെ പ്രധാന ആരോഗ്യകേന്ദ്രങ്ങളുള്ളത്. ആരോഗ്യ പ്രവർത്തകരുടെ നിരന്തരശ്രമങ്ങളുടെ ഫലമായാണ് ഈ നേട്ടം കൈവരിച്ചത്.

നാഷണൽ സ്‌ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായി വലിയതോതിലുള്ള കോവിഡ് പരിശോധനകളാണ് നടന്നത്. അതിലൂടെ വൈദ്യസഹായം ആവശ്യമുള്ള കേസുകളുടെ എണ്ണം കുറയ്ക്കാനായതായും മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച ശൈഖ് ശക്ക്ബൗട്ട് മെഡിക്കൽ സിറ്റി, അൽഐൻ തവാം ഹോസ്പിറ്റൽ എന്നിവയും അഡ്‌നെക്ക് ഫീൽഡ് ഹോസ്പിറ്റൽ, മെഡ്ക്ലിനിക്കും കോവിഡ് മുക്തമായതായി ആരോഗ്യവകുപ്പ് അറിയിച്ചിരുന്നു.

ക്രീക്ക് ഹാർബറിലേക്ക് 740 മീറ്റർ ദൈർഘ്യമുള്ള പുതിയ പാലം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട്‌ അതോറിറ്റി തുറന്നു. ഇരുഭാഗത്തും നാലുവരി വീതമുള്ള ഈ പാലത്തിലൂടെ മണിക്കൂറിൽ 7500 വാഹനങ്ങൾക്ക് കടന്നുപോകാനാകുമെന്ന് ആർ.ടി.എ. ചെയർമാൻ മത്തർ അൽ തായർ പറഞ്ഞു.

അബുദാബിയിലെ ജിമ്മുകൾ, ബില്ല്യാർഡ് കേന്ദ്രങ്ങൾ, യോഗ സെന്ററുകൾ എന്നിവയ്ക്ക് ജൂലൈ 1 മുതൽ 24 മണിക്കൂർ പ്രവർത്തിക്കാൻ കഴിയുമെന്ന് അധികൃതർ അറിയിച്ചു.എന്നാൽ നടത്തിപ്പുകാരും ഉദ്യോഗസ്ഥരും കോവിഡ് -19 ന്റെ നിയന്ത്രണം വ്യാപിപ്പിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളും മുൻകരുതൽ നടപടികളും പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. വ്യക്തിഗത ഇൻഡോർ കായിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിന്റെ രണ്ടാം ഘട്ടമാണിതെന്ന് അബുദാബി മീഡിയ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here