അബുദാബി: യുഎഇ യിൽ ഇന്ന് 672 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് മൊത്തം രോഗബാധിതരുടെ എണ്ണം ഇതോടെ 50,141 ആയി. ഇന്ന് ഒരാൾ മരണപ്പെട്ടു. രാജ്യത്തെ കോവിഡ് മരണസംഖ്യ ഇതോടെ 318 ആയി. അതേ സമയം ഇന്ന് 489 പേർക്ക് രോഗം പൂർണമായും ഭേദമായി. രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം ഇതോടെ 39,153 ആയി.

യു‌എഇ പൗരന്മാർക്കും താമസക്കാർക്കും ഇപ്പോൾ രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനാകുമെന്ന് വാർത്താ ഏജൻസി വാം റിപ്പോർട്ട് ചെയ്തു. നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റി (എൻ‌സി‌ഇ‌എം‌എ), വിദേശകാര്യ മന്ത്രാലയം, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം, ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐ‌സി‌എ) എന്നിവ സംയുക്ത പ്രസ്താവനയിൽ ഇക്കാര്യം അറിയിച്ചു.

യാത്രകൾക്ക് നിലവിലുള്ള എല്ലാ ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുകയും പോകുന്ന രാജ്യങ്ങളുടെ നിബന്ധനകൾക്ക് വിധേയമായിരിക്കുകയും വേണം. യാത്ര ചെയ്യുന്നതിന് മുമ്പ് യാത്രക്കാർ ഒരു കോവിഡ്-നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്. 70 വയസ്സിനു മുകളിലുള്ള യാത്രക്കാരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും യാത്ര ചെയ്യാൻ പാടില്ല.

ശനിയാഴ്ച മുതൽ ദുബായിൽ കർശന സുരക്ഷാ നടപടികളോടെ വിവിധ വിനോദ പ്രവർത്തനങ്ങൾ, സമ്മർ ക്യാമ്പുകൾ, സ്പാ, മസാജ് സെന്ററുകൾ, ഇൻഡോർ തീം പാർക്കുകൾ എന്നിവ വീണ്ടും തുറക്കുന്നതായി ദുബായ് എക്കണോമി അറിയിച്ചു. എമിറേറ്റിലെ ബിസിനസ്സ് പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി തുറക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here