യുഎഇയിൽ 12 മുതൽ 15 വയസ്സുവരെയുള്ളവർക്ക് ഫൈസർ വാക്സീൻ വിതരണം തുടങ്ങി. വിദ്യാർഥികൾ‌ക്ക് വാക്സീൻ നൽകാൻ യുഎഇ ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു. ക്ലിനിക്കൽ പരീക്ഷണത്തിന്റെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണു തീരുമാനം.

ഇതേ തുടർന്ന് വാക്സീൻ എടുക്കാൻ റജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം വർധിച്ചതായി ആരോഗ്യമന്ത്രാലയം അധികൃത‍ർ അറിയിച്ചു. ഈ വിഭാഗത്തിലെ വിദ്യാർഥികൾക്കു കൂടി വാക്സീൻ ലഭ്യമാക്കുന്നതോടെ സ്കൂളിലെ പഠനം സാധാരണ നിലയിലെത്താൻ വൈകില്ലെന്നാണ് വിലയിരുത്തൽ. 12നു മുകളിലുള്ള വിദ്യാർഥികൾക്ക് സ്കൂളിലെത്താൻ പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു. 12നു താഴെയുള്ള കുട്ടികൾക്ക് സ്കൂളിലെത്താൻ പരിശോധന നിർബന്ധമില്ല.

വേനൽ അവധി കഴിഞ്ഞ് സെപ്റ്റംബറിൽ സ്കൂൾ തുറക്കുമ്പോൾ മുഴുവൻ വിദ്യാർഥികൾക്കും നേരിട്ടെത്തി പഠിക്കാനാകുമെന്നാണ് പ്രതീക്ഷ അധ്യാപകർ ഉൾപ്പെടെ സ്കൂൾ ജീവനക്കാർക്കും 16 വയസ്സിനു മുകളിലുള്ളവർ‌ക്കും നേരത്തെ കോവിഡ് വാക്സീൻ എടുക്കാനും പിസിആർ ടെസ്റ്റിനും ആരോഗ്യവിഭാഗം സ്കൂളുകളിൽ തന്നെ സൗകര്യം ഒരുക്കിയിരുന്നു. പുതിയ പശ്ചാത്തലത്തിൽ 12–15 വയസ്സുള്ളവർക്കും സൗകര്യമൊരുക്കുമെന്ന പ്രതീക്ഷയിലാണ് സ്കൂൾ അധികൃതർ.

ഇതിനു കാത്തുനിൽക്കാതെ സ്വന്തം നിലയിൽ ബുക്ക് ചെയ്ത് വാക്സീൻ എടുക്കുന്നവരുമുണ്ട്. ഫൈസർ വാക്സീനു ആവശ്യം കൂടിയതിനാൽ ബുക്കിങ്ങിനും തിരക്കേറി.നിലവിൽ സിനോഫാം, ഫൈസർ, ആസ്ട്ര സെനക, സ്പുട്നിക്–5 വാക്സീനുകൾ ലഭ്യമാണ്. ഇതിൽ ഫൈസർ മാത്രമാണ് 12–15 വയസ്സുവരെയുള്ളവർക്ക് നൽകുന്നത്.അതതു എമിററ്റിലെ ആരോഗ്യ സേവന വിഭാഗത്തിലോ സ്വകാര്യ ആശുപത്രികളിലോ ബുക്ക് ചെയ്താൽ സൗജന്യ വാക്സീൻ ലഭിക്കും.

വാക്സീൻ പരീക്ഷണത്തിൽ പങ്കെടുത്തവർ, ഗർഭിണികൾ, മറ്റു രാജ്യങ്ങളിൽനിന്ന് വാക്സീൻ എടുത്തവർ, കോവി‍ഡ് രോഗ ചികിത്സ തുടരുന്നവർ, വാക്സീൻ അലർജിയുള്ളവർ, ഗുരുതര രോഗങ്ങൾക്കു ചികിത്സ തുടരുന്നവർ എന്നിവർക്കു മാത്രമാണ് ഇളവ്. ഇവർ അംഗീകൃത ആശുപത്രികളിൽനിന്നും ക്ലിനിക്കുകളിൽനിന്നും സർട്ടിഫിക്കറ്റ് വാങ്ങി അൽഹൊസൻ ആപ്പിൽ അപ് ലോഡ് ചെയ്യണം.

അബുദാബിയിൽ ആരോഗ്യസേവന വിഭാഗമായ സേഹ ക്ലിനിക്കുകളിലോ (800 50) മുബാദല ഹെൽത്തിലോ (800 4959) വിളിച്ച് ബുക്ക് ചെയ്യാം. ദുബായിൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഹെൽത്തിലും മറ്റു എമിറേറ്റുകളിൽ ആരോഗ്യ മന്ത്രാലയത്തിലുമാണ് ബന്ധപ്പെടേണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here