ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍. ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കയില്‍ ഇത്തരമൊരു അട്ടിമറി നീക്കങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാജ്യത്ത് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കണമെന്നും ഇവര്‍ ആഹ്വാനം ചെയ്തു.

തികച്ചും അപമാനകരമായ കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നത്. ലോകമെങ്ങുമുള്ള ജനാധിപത്യത്തിനു വേണ്ടി നിലകൊള്ളുന്ന രാജ്യമാണ് അമേരിക്ക. സമാധാനപരവും ക്രമപ്രകാരവുമുള്ള അധികാരക്കൈമാറ്റം അവിടെ നിര്‍ണായകമാണ്’- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു. അമേരിക്കന്‍ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കന്‍ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണം,’ ഫ്രഞ്ച് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തു.

ജനാധിപത്യപരമായി നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം അംഗീകരിക്കണമെന്ന് നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോളന്‍ബെര്‍ഗ് അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ നടക്കുന്ന സ്ഥിതിഗതികള്‍ തികച്ചും ഭീതിതമാണെന്ന് സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജിയോണ്‍ വ്യക്തമാക്കി.

‘അമേരിക്കയിലെ ക്യാപിറ്റോള്‍ മന്ദിരത്തിലെ ആക്രമണവുമായി ബന്ധപ്പെട്ട റിപ്പേര്‍ട്ടുകള്‍ കണ്ടു. അമേരിക്കയുടെ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നു. ഈ സംഘര്‍ഷം നിറഞ്ഞ സാഹചര്യം ജോ ബൈഡന്‍ അതിജീവിക്കും,’ സ്‌പെയിന്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.

പോളണ്ട് വിദേശകാര്യമന്ത്രി റാഡെക് സിക്രോസ്‌കി അമേരിക്കന്‍ ക്യാബിനറ്റ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.

‘ജനാധിപത്യം തന്നെ വിജയിക്കും വോട്ട് ചെയ്ത് സമാധാനപരമായി ഭരണകര്‍ത്താവിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ ശബ്ദത്തിന് വില കൊടുക്കണം, അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമല്ല കേള്‍ക്കേണ്ടത്,’ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞു. ട്രംപിന്റെ പരാജയം അംഗീകരിക്കാതെ അണികള്‍ യു.എസില്‍ അക്രമം അഴിച്ചുവിട്ടിരുന്നു. യു.എസ് പാര്‍ലമെന്റായ ക്യാപ്പിറ്റോള്‍ ഹാളിനുള്ളില്‍ കടന്ന പ്രതിഷേധക്കാര്‍ പൊലിസുമായി ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ഒരു സ്ത്രീ കൊല്ലപ്പെട്ടു.

ജോ ബൈഡന്റെ വിജയം അംഗീകരിക്കാന്‍ യു.എസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണ് ആയിരക്കണക്കിനു ട്രംപ് അനുകൂലികള്‍ കാപ്പിറ്റോള്‍ മന്ദിരത്തിന് അകത്ത് കടന്നത്. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ പറയണമെന്ന് ജോ ബൈഡന്‍ ട്രംപിനോട് ആവശ്യപ്പെട്ടു. അക്രമത്തില്‍ പരിക്കേറ്റ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യാമായാണ് വാഷിങ്ടണ്‍ ഡിസിയില്‍ ഇത്ര ഗൗരവകരമായ സുരക്ഷാ ലംഘനങ്ങള്‍ നടക്കുന്നത്.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ ഒന്നോടെയാണ് സംഭവം. പുലര്‍ച്ചെ 4.15ഓടെ മുഴുവന്‍ അക്രമികളെയും പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്ന് ഒഴിപ്പിച്ചതായി യു.എസ് അധികൃതര്‍ വ്യക്തമാക്കി. സെനറ്റ് ചേമ്ബറില്‍ അതിക്രമിച്ച കയറിയവര്‍ അധ്യക്ഷന്റെ വേദിയില്‍ കയറിപ്പറ്റി. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. ഇരുസഭകളും നിര്‍ത്തിവെച്ച്‌ അംഗങ്ങളെ സുരക്ഷിതമായി മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here