ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുമായി ചേര്‍ന്ന അസ്ട്രാസെനാക വികസിപ്പിച്ച കൊവിഡ് വാക്സിന്റെ പത്തുകോടി ഡോസ് ഡിസംബറോടെ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നതായി സീറം ഇന്‍സ്റ്റിറ്റ്യൂട്ട്. നിലവില്‍ അന്തിമഘട്ട പരീക്ഷണത്തിലുള്ള വാക്സിന്‍ മനുഷ്യരില്‍ ഉപയോഗിക്കുന്നതിന് അനുമതി ലഭിച്ചാലുടന്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ഡിസംബറോടെ സര്‍ക്കാരില്‍ നിന്ന് അടിയന്തര അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല പറഞ്ഞു

തുടക്കത്തില്‍ ഇന്ത്യയിലെ വിതരണത്തിനാണ് പരിഗണന. പൂര്‍ണ അംഗീകാരം ലഭിച്ചശേഷം അടുത്തവര്‍ഷം മുതല്‍ 50-50 അടിസ്ഥാനത്തില്‍ ഇന്ത്യയിലും ദരിദ്രരാജ്യങ്ങളിലെ വിതരണത്തിനുമാണ് നല്‍കുക. ഇതുവരെ അസ്ട്രാസെനാക വാക്സിന്റെ 40 ലക്ഷം ഡോസുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞതായി കഴിഞ്ഞദിവസം സീറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. ഓക്സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച വാക്സിന്‍ യു.കെയിലെ അസ്ട്രാസെനാക കമ്ബനിയാണ് വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുന്നത്. ഇവരുമായി സഹകരിച്ചാണ് പൂനെ ആസ്ഥാനമായ സീറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിനുള്ള രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ട്. ഒക്ടോബര്‍ 31വരെ 1600 പേരാണ് പരീക്ഷണത്തിന് സന്നദ്ധമായി രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ രാജ്യത്തെ 15 വിവിധ കേന്ദ്രങ്ങളിലായാണ് വാക്‌സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here