കോഴിക്കോട്: മുസ്ലീംലീഗ് നേതാവും അഴീക്കോട് എംഎല്‍എയുമായ കെഎം ഷാജിക്കെതിരെ വിജിലന്‍സ് കേസെടുത്തത് വിജിലന്‍സ് ലീഗല്‍ അഡ്വൈസര്‍ നല്‍കിയ ആദ്യനിയമോപദേശം തള്ളി. വിജിലന്‍സ് അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ ഒ.ശശിയാണ് അഴിമതി നിരോധന നിയമപ്രകാരം കെഎം ഷാജി എംഎല്‍എക്കെതിരായ പരാതി നിലനില്‍ക്കില്ലെന്ന് ആദ്യം നിയമോപദേശം നല്‍കിയത്. കേട്ടുകേള്‍വിക്കള്‍ മാത്രം അടിസ്ഥാനമാക്കിയാണ് ഷാജിക്കെതിരെയുള്ള പരാതിയെന്നും കേസുകള്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ തെളിവുകളൊന്നും തന്നെ കിട്ടിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീഷണല്‍ ലീഗല്‍ അഡ്വൈസര്‍ ഷാജിക്കെതിരെ കേസ് എടുക്കേണ്ടെന്ന നിലപാട് സ്വീകരിച്ചത്. എന്നാല്‍ ഇതിനു ശേഷം ഷാജിക്കെതിരായ വീണ്ടുമൊരു നിയമോപദേശം ലീഗല്‍ അഡ്വൈസറില്‍ നിന്നും വന്നു. ഈ നിയമോപദേശം സഹിതമാണ് കേസുമായി ബന്ധപ്പെട്ട ഫയല്‍ നിയമവകുപ്പില്‍ നിന്നും സ്പീക്കറുടെ ഓഫീസിലെത്തിയത്.

മുസ്ലീംലീഗ് എംഎല്‍എ കെഎം ഷാജിക്കെതിരെ 25 ലക്ഷം രൂപ കൈപ്പറ്റിയെന്ന കേസിലാണ് വിജിലന്‍സ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. 2017 ല്‍ വിജിലന്‍സിന് കിട്ടിയ പരാതിയിലാണ് അന്വേഷണം. 2013-14 കാലത്ത് കണ്ണൂര്‍ അഴീക്കോട് സ്കൂളില്‍ ഹയര്‍സെക്കന്‍ഡറി ബാച്ച്‌ അനുവദിക്കാന്‍ സ്കൂള്‍ മനേജ്മെന്‍റില്‍ നിന്ന് കെഎം ഷാജി 25 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് പരാതി. മുസ്ലീംലീഗാ പുതപ്പാറ ശാഖാ കമ്മിറ്റി ലീഗ് സംസ്ഥാന ഘടകത്തിന് നല്‍കിയ പരാതിയടക്കം വച്ച്‌ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം പ്രാദേശികിനേതാവുമായ കെ പത്മനാഭനാണ് 2017ല്‍ വിജിലന്‍സിന് പരാതി നല്‍കിയത്.


ഈ പരാതിയില്‍ വിജിലന്‍സ് കണ്ണൂര്‍ ഘടകം പ്രാഥമികാന്വേഷണം നടത്തി. തുടരന്വേഷണം നടത്തേണ്ടതിനാല്‍ സ്പീക്കറുടെയും സര്‍ക്കാരിന്‍്റേയും അനുമതിക്ക് ഫയല്‍ അയച്ചു. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ കഴിഞ്ഞ മാസം 13-ന് സ്പീക്കര്‍ അനുമതി നല്‍കിയിരുന്നു. അന്വേഷണം നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഇന്നലെ മുഖ്യമന്ത്രി വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉത്തരവ് നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പാര്‍ട്ടി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു എന്ന് കെഎം ഷാജിയുടെ ആരോപണത്തെ മുഖ്യമന്ത്രി നേരത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കെതിരെ ലീഗ് നേതാക്കളൊന്നാകെ രംഗത്ത് വന്നു. പിന്നാലെയാണ് ഷാജിക്കെതിരെ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. സ്പ്രിഗ്ളര്‍ ഇടപാടിന് പിന്നാലെ കൊറോണക്കാലത്തെ മറ്റൊരു രാഷ്ട്രീയവിവാദമായി കെഎം ഷാജി വിഷയം മാറിക്കഴിഞ്ഞു. അതേസമയം കെ.എം ഷാജിക്ക് വിനയായത് ലീഗ് പ്രാദേശികഘടകത്തില്‍ ഉയര്‍ന്ന ഒരു പരാതിയാണ്. ഷാജി കോഴ വാങ്ങിയെന്ന പരാതി പാര്‍ട്ടി ഘടകത്തിലുന്നയിച്ച പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡണ്ട് നൌഷാദിനെ മുസ്ലീം ലീഗ് പുറത്താക്കിയെങ്കിലും ഇദ്ദേഹമിപ്പോഴും ഈ പരാതിയിലുറച്ച്‌ നില്‍ക്കുകയാണ്.

അബ്ദുറബ്ബ് വിദ്യാഭ്യാസമന്ത്രിയായിരിക്കേ വ്യാപകമായി പ്ലസ് ടു കോഴ്സുകളനുദിച്ചിനെച്ചൊല്ലി പലയിടത്തും അഴിമതി ആരോപണമുയര്‍ന്നിരുന്നു. മുസ്ലിം ലീഗിന്റെ പഞ്ചായത്ത് കമ്മറ്റിയുമായി വിലപേശിയാണ് അഴീക്കോട് ഹയര്‍സെക്കന്‍ഡറിക്ക് കോഴ്സ് അനുവദിച്ചതെന്നാണ് അന്ന് കമ്മറ്റിയുടെ വൈസ് പ്രസിഡന്‍്റായിരുന്ന നൗഷാദ് പുതുപ്പാറ ആരോപിക്കുന്നത്. പണം കമ്മിറ്റിക്ക് കിട്ടിയില്ലെന്നും ഷാജി കൈക്കലാക്കിയെന്നും കാണിച്ച്‌ നഷകിയ പരാതിയില്‍ നൗഷദിനെതിരെ നടപടിയുണ്ടായി. സംസ്ഥാനേതൃത്വം നിര്‍ദ്ദേശിച്ചതനുസരിച്ചായിരുന്നു നടപടി എന്നത് ഷാജിക്ക് നേതൃതലത്തില്‍ പിന്തുണ കിട്ടി എന്നതിന്റെ സൂചനയാണ്. 2017 അവസാനം പലതവണയായി കേസില്‍ തെളിവ് ശേഖരണം നടത്തിയിരുന്നുവെങ്കിലും സ്കൂള്‍ മാനേജ്മെന്റെ ഒഴിഞ്ഞു മാറുകയായിരുന്നു . പുതിയ സാഹചര്യത്തില്‍ ഷാജിക്ക് പിന്തുണ തുടരാനാണ് ലീഗിന്റെയും യുഡിഎഫിന്റെയും തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here