മലയാളത്തില്‍ നിന്ന് മറ്റൊരു സിനിമ കൂടി ബോളിവുഡിലേക്ക്. നവാഗതരായ അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്ത ഫോറന്‍സിക് ആണ് ബോളിവുഡ് റീമേക്കിന് ഒരുങ്ങുന്നത്. ടോവിനോ നായകനായ ചിത്രത്തിന്റെ ഹിന്ദി പതിപ്പില്‍ വിക്രാന്ത് മാസിയാണ് പ്രധാന വേഷത്തില്‍ എത്തുന്നത്.

മിനി ഫിലിംസിന്റെ ബാനറില്‍ മന്‍സി ബംഗ്ലയാണ് ഹിന്ദിയിലെത്തിക്കുന്നത്. നായക കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ മാത്രമാണ് നിലവില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുള്ളത്. മറ്റ് താരങ്ങള്‍ ആരൊക്കെയായിരിക്കുമെന്ന് വ്യക്തമല്ല.
മമ്ത മോഹന്‍ദാസ്, റേബ ജോണ്‍, രണ്‍ജി പണിക്കര്‍, പ്രതാപ് പോത്തന്‍, സൈജു കുറുപ്പ് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോ​ഗസ്ഥന്റെ വേഷത്തിലാണ് ടോവിനോ ചിത്രത്തില്‍ അഭിനയിച്ചത്. പോലീസ് കമ്മീഷ്ണര്‍ ഋതിക സേവ്യര്‍ ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിച്ചത്.

കോവിഡിന് മുമ്ബ് തിയേറ്ററില്‍ എത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ചിത്രം പുറത്തിറങ്ങി.

ബോളിവുഡില്‍ യുവ നടന്മാരില്‍ ശ്രദ്ധേയനായ താരമാണ് വിക്രാന്ത് മാസി. കൊങ്കണ സെന്‍ ശര്‍മ സംവിധാനം ചെയ്ത ഡെത്ത് ഇന്‍ ഗുഞ്ച് എന്ന ചിത്രത്തിലെ വിക്രാന്ത് മാസിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മിര്‍സാപൂര്‍, ക്രിമിനല്‍ ജസ്റ്റിസ് തുടങ്ങിയ വെബ് സീരീസുകളിലും ശ്രദ്ധേയമായ പ്രകടനം നടത്തിയ താരമാണ് വിക്രാന്ത്. ദീപിക പദുകോണ്‍ നായികയായ ആസിഡ് ആക്രമണങ്ങള്‍ക്കെതിരെയുള്ള ചിത്രം ചപാക്കിലും വിക്രാന്ത് ആയിരുന്നു നായകന്‍.

LEAVE A REPLY

Please enter your comment!
Please enter your name here