ഇന്ത്യയടക്കം 192 രാജ്യങ്ങൾ പങ്കെടുക്കുന്ന എക്സ്പോ 2020 ദുബായ് വ്യാഴാഴ്ച സമാപിക്കാനിരിക്കെ സന്ദർശകത്തിരക്കിൽ വേദികൾ. മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് പ്രധാന പവിലിയനുകളിൽ പലർക്കും കയറാനാകുന്നത്. ഇന്ത്യ പവിലിയനിൽ കയറാൻ 4 മണിക്കൂർ വരെ കാത്തുനിന്നവരുണ്ട്. സ്മാർട് ക്യൂ സംവിധാനത്തിൽ ബുക്കിങ് പൂർത്തിയായതും തിരക്കു വർധിക്കാനിടയാക്കി.

എക്സ്പോ വേദിയിലേക്കുള്ള ബസ് സർവീസുകൾ വർധിപ്പിച്ചെങ്കിലും തിരക്കിനു കുറവില്ല. മെട്രോ സർവീസുകളുടെ ഇടവേള കുറച്ചു. ദുബായിലെവിടെനിന്നും വേദിയിലേക്കു സൗജന്യമായി യാത്ര ചെയ്യാം. ഡബിൾ ഡക്കർ ബസുകളുടെ എണ്ണം കൂട്ടി. അബുദാബി രാജ്യാന്തര വിമാനത്താവളം, ബസ് സ്റ്റേഷൻ, മറീന മാൾ സ്റ്റേഷൻ, അൽഐൻ സ്റ്റേഷൻ, ഷാർജ അൽ ജുബൈൽ സ്റ്റേഷൻ, മുവൈല സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നും റാസൽഖൈമ- അജ്മാൻ എമിറേറ്റുകളെ ബന്ധിപ്പിച്ചുമാണ് ഇന്റർസിറ്റി സർവീസ്. 2 കോടിയിലേറെ സന്ദർശകർ എത്തിയതായി സംഘാടകർ അറിയിച്ചു. സന്ദർശകരിൽ വനിതകൾ, കുട്ടികൾ, വിദ്യാർഥികൾ എന്നിവരുടെ എണ്ണം കൂടി. എല്ലാ വേദികളിലും കുട്ടികൾക്കും സ്ത്രീകൾക്കുമാണ് മുൻഗണന.

അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങളൊരുക്കി. അൽ വാസൽ പ്ലാസയിലെ പരിപാടികൾ തത്സമയം ആസ്വദിക്കാൻ സസ്റ്റെയ്നബിലിറ്റി, ഓപ്പർച്യൂണിറ്റി, മൊബിലിറ്റി ഡിസ്ട്രിക്ടുകളിൽ കൂടുതൽ സ്മാർട് സ്ക്രീനുകൾ സ്ഥാപിച്ചു. സമാപന പരിപാടികൾ വൈകിട്ട് 7ന് ആരംഭിക്കും. 56 രാജ്യങ്ങളിൽ നിന്നുള്ള 400ൽ ഏറെ കലാകാരന്മാർ എത്തും കരിമരുന്നു പ്രയോഗം, ലേസർഷോ, ഘോഷയാത്ര, സമ്മാന പ്രഖ്യാപനങ്ങൾ എന്നിവയുണ്ടാകും.

ഇന്ത്യ പവിലിയൻ മുഖ്യ കേന്ദ്രം

ഇന്ത്യ പവിലിയനിലെ സാംസ്കാരിക-വൈജ്ഞാനിക പരിപാടികൾ എല്ലാ പ്രായക്കാരെയും ആകർഷിക്കുന്നു. എക്സ്പോയിൽ ഇന്ത്യൻ വിനോദ സഞ്ചാരമേഖലയ്ക്കു വൻ നേട്ടമുണ്ടാക്കാനായെന്നാണ് റിപ്പോർട്ട്.

മെഡിക്കൽ-ഇക്കോ ടൂറിസം, സാഹസിക യാത്രകൾ, വിവിധ മേളകളോടനുബന്ധിച്ചുള്ള ഉല്ലാസ പരിപാടികൾ എന്നിവയ്ക്കും നിക്ഷേപങ്ങൾക്കും ഏറ്റവും അനുയോജ്യമാണെന്നു ബോധ്യപ്പെടുത്താൻ കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കു കഴിഞ്ഞു. ത്രിപുര, മണിപ്പുർ, അരുണാചൽ പ്രദേശ്, അസം, മിസോറം എന്നീ സംസ്ഥാനങ്ങൾ രാജ്യാന്തര വിനോദസഞ്ചാര ഭൂപടത്തിൽ ഇടംനേടി. ഇന്ത്യയിലെ വിനോദസഞ്ചാര സാധ്യതകൾ പരിചയപ്പെടുത്തിയ ‘ടൂറിസം ഫോർട്നൈറ്റ്’ സമ്മേളനം ഒട്ടേറെ വിദേശ പ്രതിനിധികളെ ആകർഷിച്ചു.

ആവേശം പകർന്ന് വഴിയോര കലാകാരന്മാർ

എക്സ്പോ വഴിയോരങ്ങളിലും പവിലിയനുകളോടനുബന്ധിച്ചും ആയിരങ്ങളെ ആകർഷിച്ച് സംഗീത-നൃത്ത അരങ്ങുകൾ. വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഗായകർ, ഉപകരണ സംഗീത കലാകാരന്മാർ എന്നിവരാണ് വൈവിധ്യമാർന്ന അരങ്ങൊരുക്കുന്നത്. ആഫ്രിക്കൻ ചടുലതാളങ്ങളും ഈണങ്ങളും വരെ ആസ്വദിക്കാം. സന്ദർശകരിൽ പലരും കലാകാരന്മാർക്കൊപ്പം ചിത്രമെടുക്കാനും മത്സരിക്കുന്നു. വഴിയോരങ്ങളിൽ ലോകത്തെ സകല രുചിക്കൂട്ടുകളുമായി ‘തട്ടുകടകളു’മുണ്ട്. പ്രമുഖ ഷെഫുമാരുടെ ക്ലാസുകളും പ്രകടനങ്ങളും ഇതോടൊപ്പമുണ്ട്.

ജൂബിലി പാർക്ക് ഹൗസ് ഫുൾ

ദുബായ് എക്സ്പോയിലെ ജൂബിലി പാർക്ക് ഇന്നലെ ഉച്ചകഴിഞ്ഞ് ‘ഹൗസ് ഫുൾ’. സന്ദർശകർ തിങ്ങിനിറഞ്ഞതോടെ അധികൃതർ കടുത്ത നിയന്ത്രണമേർപ്പെടുത്തി. ഉച്ചഭാഷിണിയിലൂടെയുള്ള അറിയിപ്പുകൾക്കു പുറമേ വൊളന്റിയർമാരുടെ സേവനവും ഉപയോഗപ്പെടുത്തി. പവിലിയനുകൾ, കലാവേദികൾ, ഭക്ഷണശാലകൾ എന്നിവിടങ്ങളിലെല്ലാം വൻ തിരക്കനുഭവപ്പെട്ടു.

കൂടുതൽ പാർക്കിങ് മേഖലകൾ

എല്ലാ സോണുകളിലെയും പാർക്കിങ്ങുകളിൽ വാഹനങ്ങൾ നിറഞ്ഞതോടെ അധികൃതർ പ്രത്യേക ക്രമീകരണമേർപ്പെടുത്തി. പാർക്കിങ്ങുകളോടനുബന്ധിച്ചുള്ള മേഖലകളിൽ സംവിധാനമൊരുക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. ഈ മേഖലകളിൽ നിന്ന് വേദികളിലേക്കും മറ്റും ടൂറിസ്റ്റ് ബസുകൾ ഏർപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here