ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍ സ്ഥാനത്ത് നിന്ന് ചൈനീസ് മൊബൈല്‍ ബ്രാന്‍ഡായ വിവോ പിന്മാറി. ചൈനയുമായുള്ള പിരിമുറുക്കങ്ങള്‍ക്കിടയില്‍ ചൈനീസ് മൊബൈല്‍ ബ്രാന്‍ഡുമായുള്ള ബന്ധം തുടരുന്നതില്‍ ആര്‍‌.എസ്‌.എസിന്റെ അനുബന്ധ സംഘടനയായ സ്വദേശി ജാഗരണ്‍ മഞ്ച് ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ സംഭവവികാസങ്ങള്‍. ടി 20 ക്രിക്കറ്റ് ലീഗ് ബഹിഷ്‌കരിക്കുന്നത് പരിഗണിക്കാന്‍ തിങ്കളാഴ്ച ആര്‍‌.എസ്‌.എസുമായി ബന്ധപ്പെട്ട സംഘടന ഇന്ത്യക്കാരോട് ആവശ്യപ്പെട്ടിരുന്നു.

ചൈനീസ് സ്പോണ്‍സര്‍മാരുമായി ക്രിക്കറ്റ് ലീഗ് നടത്താനുള്ള തീരുമാനത്തോടെ ചൈനീസ് സൈനികരാല്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ സൈനികരോട് ബി.സി.സി.ഐയും ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സിലും കടുത്ത അനാദരവ് പ്രകടിപ്പിച്ചുവെന്ന് സ്വദേശി ജാഗരണ്‍ മഞ്ചിന്റെ കോ-കണ്‍വീനര്‍ അശ്വനി മഹാജന്റെ പ്രസ്താവനയില്‍ പറയുന്നു.

ടൂര്‍ണമെന്റിന്റെ പ്രധാന സ്പോണ്‍സര്‍മാരായ ചൈനീസ് കമ്ബനികളുമായുള്ള ബന്ധം വിച്ഛേദിക്കേണ്ടതില്ലെന്ന് ഐ.പി.എല്‍ ഗവേണിംഗ് കൗണ്‍സില്‍ ഞായറാഴ്ച തീരുമാനിച്ചിരുന്നു. ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ വിവോയാണ് ടി 20 ക്രിക്കറ്റ് ലീഗിന്റെ ടൈറ്റില്‍ സ്പോണ്‍സര്‍. ഐ‌പി..‌എല്ലിന്റെ ഉടമകളായ ബി‌.സി.‌സി.‌ഐക്ക് അഞ്ചുവര്‍ഷത്തെ കരാറിനായി വിവോ രണ്ടായിരം കോടി രൂപ നല്‍കിയിട്ടുണ്ട്.

ചൈനീസ് കമ്പനികളെ ക്രിക്കറ്റ് ലീഗ് സ്പോണ്‍സര്‍ ചെയ്യാന്‍ അനുവദിക്കാനുള്ള തീരുമാനം പുനര്‍വിചിന്തനം നടത്തണമെന്നും മഹാജന്‍ ഐ.പി.എല്‍ സംഘാടകരോടും ബി.സി.സി.ഐയോടും അഭ്യര്‍ത്ഥിച്ചിരുന്നു. ഐ.പി.എല്‍ സെപ്റ്റംബര്‍ 19 നും നവംബര്‍ 10 നും ഇടയില്‍ യു.എ.ഇയില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here