റുതുരാജ് ഗായ്ക്വാഡ് ഫോമിലേക്ക് മടങ്ങിയെത്തിയ അവസാന മൂന്ന് മത്സരങ്ങളിലും വിജയം നേടുവാന്‍ ചെന്നൈയ്ക്ക് സാധിച്ചിരുന്നു. എന്നാല്‍ അതിന് മുമ്ബ് തന്നെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ച്‌ കഴിഞ്ഞിരുന്നു. ടോപ് ഓര്‍ഡറില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ സംഭാവനയുടെ അഭാവമാണ് ടീമിന് തിരിച്ചടിയായതെന്ന് പറയുകയാണ് ടീം കോച്ച്‌ സ്റ്റീഫന്‍ ഫ്ലെമിംഗ്.

ചെന്നൈയിലെ ക്യാമ്ബില്‍ വെച്ച്‌ മികച്ച പ്രകടനം പുറത്തെടുത്ത് മാനേജ്മെന്റിന്റെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ സാധിച്ച റുതുരാജ് ഗായക്വാഡിന് യുഎഇയില്‍ എത്തിയപ്പോള്‍ കോവിഡ് പിടിച്ചതും ടീമിന് വലിയ തിരിച്ചടിയാകുകയായിരുന്നു. റുതുരാജ് ഓപ്പണിംഗ് സ്ലോട്ടില്‍ ഇറങ്ങുമെന്നാണ് കരുതപ്പെട്ടിരുന്നത്. ഇതിനിടെ ചെന്നൈയുടെ ഏറ്റവും സ്ഥിരതയാര്‍ന്ന താരം സുരേഷ് റെയ്‍ന വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങിയതും തിരിച്ചടിയായി.

ഇതോടെ മുരളി വിജയയ്ക്ക് ഓപ്പണിംഗ് റോള്‍ ടീമിന് നല്‍കേണ്ടി വന്നു. താരം കഴിഞ്ഞ മൂന്ന് സീസണുകളിലായി വെറും മൂന്ന് മത്സരങ്ങളിലാണ് ടീമിനായി കളിച്ചത്. ഇതോടെ ടോപ് ഓര്‍ഡറില്‍ വിദേശ താരങ്ങളെ കളിപ്പിക്കേണ്ട അവസ്ഥയിലേക്കും ചെന്നൈ വന്നു.

ടീം ലൈനപ്പിന്റെ സന്തുലിതാവസ്ഥയെ ഈ സാഹചര്യം ബാധിച്ചുവെന്നാണ് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കിയത്. ഓസ്ട്രേലിയയുടെ മുന്‍ നിര പേസര്‍ ജോഷ് ഹാസല്‍വുഡിനെ പോലും ഏതാനും മത്സരങ്ങളില്‍ മാത്രമാണ് ടീമിന് കളിപ്പിക്കുവാന്‍ സാധിച്ചതെന്നും ഫ്ലെമിംഗ് വ്യക്തമാക്കി.

ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ ഇല്ലാതെ പോയതിന്റെ അഭാവം തീര്‍ക്കുവാനായി വിദേശ ബാറ്റ്സ്മാന്മാരെ കളിപ്പിക്കേണ്ടി വന്നതാണ് ടീമിന് വല്ലാതെ ബാധിച്ചതെന്ന് സ്റ്റീഫന്‍ ഫ്ലെമിംഗ് സൂചിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here