ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ നയം പരിഷ്‌കരിച്ച വാട്‌സ് ആപ്പ് അപൂര്‍വ്വ പ്രതിസന്ധിയില്‍. സ്വകാര്യതാ നയത്തില്‍ പ്രതിഷേധിച്ച്‌ നിരവധി പേര്‍ മെസ്സേജിങ് പ്ലാറ്റ് ഫോം ഉപേക്ഷിക്കുന്നു. നിരവധിയാളുകളാണ് വാട്‌സ് ആപ്പ് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്നത്. സ്വകാര്യതയ്ക്ക് ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന സിഗ്നല്‍ ആപ്ലിക്കേഷന്റെ ഡൗണ്‍ലോഡ് ഇന്ത്യയില്‍ കുത്തനെ കൂടിയിട്ടുമുണ്ട്.

ആപ്പ് സ്റ്റോറിലെ സൗജന്യ ആപ്ലിക്കേഷനുകളുടെ പട്ടികയില്‍ ഒന്നാമതാണിപ്പോള്‍ സിഗ്നല്‍. വാട്‌സ് ആപ്പ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഉപയോക്താക്കളുടെ സ്വകാര്യതയെ മാനിക്കുമെന്ന് സിഗ്നല്‍ വ്യക്തമാക്കിയതോടെയാണ് ആളുകള്‍ സിഗ്നലിനെ കൂട്ടുപിടിച്ചത്. ഇന്ത്യയില്‍ മാത്രമല്ല, ജര്‍മനി, ഫ്രാന്‍സ്, ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, ഹോങ്കോങ്, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലെ ആപ്പ് സ്റ്റോറുകളിലും സിഗ്നല്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പുതിയ സ്വകാര്യതാ നയം വാട്‌സ് ആപ്പ് ഉപേക്ഷിച്ചേക്കുമെന്ന് സൂചനയുണ്ട്. ഫെബ്രുവരി എട്ടു മുതലാണ് പുതിയ നയം പ്രാബല്യത്തില്‍ വരിക.

‘വാട്‌സ് ആപ്പ് അതിന്റെ വ്യവസ്ഥകളും സ്വകാര്യതാ നയങ്ങളും പരിഷ്‌കരിക്കുകയാണ്. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളടക്കമുള്ള കാര്യങ്ങള്‍ ഇനിമുതല്‍ ഫേസ്ബുക്കിന് കൈമാറും. ഫെബ്രുവരി എട്ടിനു മുമ്ബ് ഈ വ്യവസ്ഥകള്‍ അംഗീകരിക്കണം. ഇല്ലെങ്കില്‍ പിന്നീട് നിങ്ങള്‍ക്ക് വാട്ട്‌സാപ്പ് ഉപയോഗിക്കാന്‍ കഴിയില്ല.’- എന്നിങ്ങനെയാണ് വാട്‌സ് ആപ്പ് ഉപയോക്താക്കള്‍ക്ക് അയച്ച സന്ദേശം.

LEAVE A REPLY

Please enter your comment!
Please enter your name here