പാരീസ് : കഴിഞ്ഞ ദിവസം മുതല്‍ ഏഷ്യയിലെയും യൂറോപ്പിലെയും പല രാജ്യങ്ങളും സമ്ബദ്‌ വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ പ്രധാന ഇളവുകള്‍ വരുത്തിയിരിക്കുകയാണ്. ആഗോളതലത്തില്‍ രണ്ട് ലക്ഷത്തിലേറെ പേരുടെ മരണത്തിനിടെയാക്കിയിരിക്കുന്ന കൊവിഡിന്റെ വ്യാപനം അത്രവേഗം പൂര്‍ണമായി തുടച്ചുനീക്കാനാവാത്തതിനാല്‍, നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് സാവധാനമാകണമെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയൊരു പ്രതിസന്ധി ലോകരാജ്യങ്ങള്‍ നേരിടുന്നത്. കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. അടച്ചു പൂട്ടല്‍ നയം ഇനിയും തുടരുകയാണെങ്കില്‍ വന്‍ സാമ്ബത്തിക മാന്ദ്യം നേരിടേണ്ടി വരുമെന്നതിനാലാണ് മിക്ക രാജ്യങ്ങളും ഇളവുകളിലേക്ക് കടക്കുന്നത്.

ലോകത്ത് കൊവിഡ് 19 ഏറ്റവും കൂടുതല്‍ നാശം വിതച്ച ഇറ്റലിയില്‍ രണ്ട് മാസമായി തുടരുന്ന ലോക്ക് ഡൗണിന് ഇളവുകള്‍ വരുത്തിയിരിക്കുകയാണ്. സ്കൂളുകളും മാളുകളും അടഞ്ഞു കിടക്കുകയാണെങ്കിലും ഏകദേശം 4.5 ദശലക്ഷം ജനങ്ങള്‍ കഴി‌ഞ്ഞ ദിവസം മുതല്‍ ജോലിയിലേക്ക് മടങ്ങി പ്രവേശിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ സ്കൂളുകള്‍ സെപ്റ്റംബര്‍ വരെ അടഞ്ഞു കിടക്കും. മേയ് 18 ഓടെ മ്യൂസിയങ്ങള്‍ തുറന്നേക്കും.

ഗ്രീസ്, പോര്‍ച്ചുഗല്‍, ജര്‍മനി, സ്പെയിന്‍, നൈജീരിയ, അസര്‍ബെയ്ജാന്‍, മലേഷ്യ, ഇസ്രയേല്‍, ടൂണീഷ്യ, ലെബനന്‍ തുടങ്ങിയ രാജ്യങ്ങളിലും തിങ്കളാഴ്ച മുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. ഇതോടെ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനുള്ള പാതയിലാണ് മിക്ക രാജ്യങ്ങളും. ഫാക്ടറികള്‍, നിര്‍മാണമേഖല, പാര്‍ക്കുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ലൈബ്രറികള്‍ തുടങ്ങിയ മേഖലകള്‍ക്കാണ് പ്രധാനമായും ഇളവുകള്‍ നല്‍കിയിരിക്കുന്നത്. മാര്‍ച്ച്‌ മാസത്തെ അപേക്ഷിച്ച്‌ പുതിയ കൊവിഡ് കേസുകളില്‍ ഉണ്ടായിരിക്കുന്ന കുറവാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന്റെ പ്രധാന കാരണം.

മാര്‍ച്ച്‌ പകുതി മുതല്‍ കുട്ടികളെ അവരവരുടെ വീടുകള്‍ക്കുള്ളില്‍ നിന്നും പുറത്തിറങ്ങാന്‍ അനുവദിക്കാതിരുന്നതിന് കഴിഞ്ഞാഴ്ച സ്പാനിഷ് സര്‍ക്കാര്‍ ക്ഷമാപണം നടത്തിയിരുന്നു. ആറാഴ്ചകള്‍ക്ക് ശേഷം, ഏപ്രില്‍ 26 മുതല്‍ സ്പെയിനില്‍ കുട്ടികളെ വീടിനു പുറത്തിറക്കാന്‍ അനുമതി നല്‍കിയിരുന്നു. രക്ഷകര്‍ത്താക്കളില്‍ ഒരാള്‍ക്കൊപ്പം കുട്ടികള്‍ക്ക് പുറത്ത് നടക്കാന്‍ പോകാം. വീടിനുള്ളില്‍ തുടരുന്ന മറ്റുള്ളവര്‍ക്ക് പുറത്ത് നടക്കാന്‍ പോകാനും വ്യായാമം ചെയ്യാനുമുള്ള അനുമതി ശനിയാഴ്ച മുതല്‍ നടപ്പാക്കിയിരുന്നു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് പുറമേ ഹെയര്‍ ഡ്രസിംഗ് സലൂണുകളും തിങ്കളാഴ്ച മുതല്‍ സ്പെയിനില്‍ വീണ്ടും തുറന്നിരിക്കുകയാണ്. കര്‍ശന നിയന്ത്രണങ്ങളോടെ ഒരാള്‍ക്ക് വീതമാണ് സലൂണുകളില്‍ സേവനം ലഭ്യമാക്കുന്നത്.

ബാറുകളിലും റസ്റ്റോറന്റുകളിലും പാഴ്സല്‍ സര്‍വീസുകള്‍ ആരംഭിച്ചു. മാഡ്രിഡ് മെട്രോ ഉള്‍പ്പെടെയുള്ള പ്രധാന ഭാഗങ്ങളില്‍ ആളുകള്‍ക്ക് പൊലീസ് സൗജന്യ മാസ്ക് വിതരണം ചെയ്യുന്നുണ്ട്. ഇളവുകള്‍ അനുവദിച്ചെങ്കിലും സ്പെയിനിലെ പല നഗരങ്ങളിലും ആള്‍ത്തിരക്കില്ല.
യൂറോപ്പിന്റെ പടിഞ്ഞാറന്‍ അറ്റത്തുള്ള ഐസ്‌ലന്‍ഡിലും ഹെയര്‍ സലൂണുകളുടെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ആറ് ആഴ്ചത്തെ ലോക്ക് ഡൗണിന് ശേഷം ഹൈസ്കൂള്‍ ക്ലാസുകള്‍ പുനരാരംഭിച്ചു.

ഡന്റസ്റ്റുകള്‍ക്കും ജോലി തുടരാന്‍ അനുമതി നല്‍കിയിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് രാജ്യമായ ലെബനനില്‍ തിങ്കളാഴ്ച മുതല്‍ പകല്‍ സമയം 30 ശതമാനം പേരെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ട് റസ്റ്റോറന്റുകള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. എന്നാല്‍ ഒരു വിഭാഗം ഉടമകള്‍ സ്ഥാപനങ്ങള്‍ അടഞ്ഞു തന്നെ കിടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇങ്ങനെ ഉപാധികളോടെ തുറന്നു പ്രവര്‍ത്തിക്കുകയാണെങ്കില്‍ തങ്ങള്‍ വന്‍ സാമ്ബത്തിക നഷ്ടം നേരിടേണ്ടി വരുമെന്ന് ഇവര്‍ പറയുന്നു. അതേ സമയം, ബാറുകളും ക്ലബുകളും ജൂണ്‍ മാസം മുഴുവനും അടഞ്ഞു കിടക്കും.

പോര്‍ച്ചുഗലില്‍ ബാര്‍ബര്‍ ഷോപ്പുകള്‍ ഉള്‍പ്പെടെയുള്ള ചെറിയ കടകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കി. ബുക്ക് സ്റ്റോളുകളും വര്‍ക്ക്ഷോപ്പുകളും തുറക്കും. എന്നാല്‍ മാളുകളും വന്‍കിട വ്യാപാര സ്ഥാപനങ്ങളും ജൂണ്‍ 1വരെ അടഞ്ഞു തന്നെ കിടക്കും. മേയ് 18 മുതല്‍ 50 ശതമാനം ഉപഭോക്താക്കളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് റസ്റ്റോറന്റുകള്‍ക്ക് തുറക്കാം. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്ക് കര്‍ശനമാണ്.

ഗ്രീസില്‍ മദ്ധ്യ ഏഥന്‍സിലെ ഹാമൊസ്റ്റേര്‍ണസില്‍ കഴി‌ഞ്ഞ ദിവസം കണ്ടത് സാധാരണ ജനജീവിതമാണ്. നിരത്തില്‍ ആളുകളുടെയും വാഹനങ്ങളുടെയും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഹെയര്‍ സലൂണുകള്‍ക്കുള്ളില്‍ ഇരിക്കാനുള്ള സോഫകളില്‍ കൂടാതെ പുറത്തും മുടിവെട്ടാനെത്തിയവരുടെ നീണ്ട നിരയായിരുന്നു. സൂപ്പര്‍മാര്‍ക്കറ്റുകളിലേക്കും ഫാര്‍മസികളിലേക്കും നിരവധി പേര്‍ എത്തിയതോടെ അധികൃതര്‍ക്ക് നിയന്ത്രണങ്ങള്‍ കടുപ്പിക്കേണ്ടി വന്നു.

മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് സമാനമായ ഇളവുകള്‍ പ്രഖ്യാപിച്ച ജര്‍മനിയില്‍ ചില ചെറു മ്യൂസിയങ്ങള്‍ വന്‍ സുരക്ഷാ മുന്‍കരുതലുകളോടെ വീണ്ടും തുറന്നിട്ടുണ്ട്. സ്കൂളുകളില്‍ ചില ക്ലാസുകള്‍ ഭാഗികമായി തുടങ്ങിയിട്ടുണ്ട്. ഫുട്ബോള്‍ മാച്ചുകള്‍, ഫെസ്റ്റിവലുകള്‍, സംഗീത പരിപാടികള്‍ തുടങ്ങിയ സംഘടിപ്പിക്കുന്ന കാര്യം ആഗസ്റ്റ് 31ന് ശേഷമേ ജര്‍മനിയില്‍ പരിഗണിക്കുകയുള്ളു. സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ്, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here