ലോക ജനസംഖ്യയുടെ മൂന്നു ശതമാനം പേരാണ് 2020 നവംബർ മൂന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നത്. പക്ഷേ, ആ ഫലം ഉറ്റുനോക്കുന്നത് ലോകത്തെ മുഴുവൻ ജനങ്ങളുമാണ്. കാരണം ആ 3% പേർ തിരഞ്ഞെടുക്കുന്നത് യുഎസ് പ്രസിഡന്റിനെയാണ്. 

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 

നാലു വർഷമാണ് യുഎസ് പ്രസിഡന്റിന്റെ കാലാവധി. നാലിന്റെ ഗുണിതങ്ങളായ വർഷങ്ങളിൽ (ഉദാ: 2012, 2016, 2020, 2024, 2028…) നവംബറിൽ തിരഞ്ഞെടുപ്പ്. തൊട്ടടുത്ത വർഷം ജനുവരി 20നാണ് അധികാരമേൽക്കുക. ഒരാൾക്ക് പരമാവധി രണ്ടു ടേം മാത്രമേ പ്രസിഡന്റാകാൻ കഴിയൂ. 

തിരഞ്ഞെടുപ്പ് എന്ന്? 

യുഎസിൽ തിരഞ്ഞെടുപ്പ് ദിനം (Election Day) ‘നവംബറിലെ ആദ്യ തിങ്കൾ കഴിഞ്ഞുള്ള ചൊവ്വാഴ്ച’ ആണ്. നിയമത്തിലെ ഈ വാചകത്തെ ഒന്ന് ലളിതമാക്കിയാൽ ഇങ്ങനെ മനസ്സിലാക്കാം –  നവംബർ ഒന്നാം തീയതി  കഴിഞ്ഞുള്ള ആദ്യ ചൊവ്വാഴ്ച.  നവംബർ ഒന്ന് ചൊവ്വാഴ്ചയാണെങ്കിൽ നവംബർ എട്ടിനായിരിക്കും തിരഞ്ഞെടുപ്പ്. 

യുഎസ് തിരഞ്ഞെടുപ്പിന് രണ്ടര നൂറ്റാണ്ടിന്റെ ചരിത്രമുണ്ട്. അന്നുമുതലേയുള്ള തിരഞ്ഞെടുപ്പു ദിനമാണിത്. കൊയ്‌ത്തു കാലത്തിനു ശേഷം രൂക്ഷമായ തണുപ്പുകാലത്തിനു മുൻപ് എന്ന പരിഗണനയിലാണു നവംബർ ആദ്യവാരം. ലോകത്ത് വലുപ്പത്തിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യമാണ് യുഎസ് – വിശാലമായ ഭൂപ്രദേശം. 

പഴയകാലത്ത് വിദൂരങ്ങളിൽ താമസിക്കുന്നവർക്കു നടത്തം തന്നെ ശരണം. ഞായറാഴ്‌ച പ്രാർഥനയ്‌ക്കു ശേഷം നടന്ന് പോളിങ് ബൂത്തിലെത്താൻ ഒരു ദിനം എന്ന നിലയിൽ തിങ്കൾ മാറ്റിവച്ചു. അങ്ങനെയാണ് നവംബറിലെ ആദ്യ ചൊവ്വ എന്ന തീരുമാനം. നവംബർ ഒന്ന് സർവവിശുദ്ധ ദിനം (ഓൾസെയ്‌ന്റ്‌സ് ഡേ) ആയതിനാൽ ആ ദിവസവും ഒഴിവാക്കി. കർഷകർക്ക് മുൻമാസത്തെ വരവുചെലവു കണക്കുകൾ പൂർത്തിയാക്കേണ്ടതു കൂടി പരിഗണിച്ചാണ്, ഒന്നാംതീയതി തിരഞ്ഞെടുപ്പ് വരരുതെന്ന നിയമം. 

എല്ലാ വർഷവും നവംബറിലെ ആദ്യ തിങ്കൾ കഴിഞ്ഞുള്ള ചൊവ്വ യുഎസിൽ തിരഞ്ഞെടുപ്പ് ദിനമാണ്. നാലു വർഷത്തിലൊരിക്കൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. രണ്ടു വർഷത്തിലൊരിക്കൽ ജനപ്രതിനിധി സഭ/സെനറ്റ് തിരഞ്ഞെടുപ്പുകൾ. ഒറ്റയക്ക വർഷങ്ങളിലും പ്രാദേശിക ഭരണ സമിതികളിലേക്കോ മറ്റോ ഉള്ള തിരഞ്ഞെടുപ്പ് ഇതേ ദിവസം നടക്കും. 

യുഎസ് പ്രസിഡന്റ് ആകുന്നത് എങ്ങനെ? 

മൂന്ന് യോഗ്യതകൾ ഉണ്ടെങ്കിൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കാം. 

1) ജന്മംകൊണ്ട് യുഎസ് പൗരത്വം (Natural Born Citizen). യുഎസിൽ ജനിച്ചവർ, യുഎസ് പൗരന്മാർക്ക് സ്വദേശത്തോ വിദേശത്തോ ജനിച്ച കുട്ടികൾ എന്നിവരെയാണ് Natural Born Citizen ആയി കണക്കാക്കുന്നത്. 

2) മിനിമം 35 വയസ്സ്. 

3) 14 വർഷമെങ്കിലും യുഎസിൽ സ്ഥിരതാമസം. 

പ്രൈമറിയും കോക്കസും 

പ്രമുഖ പാർട്ടികളുടെ സ്ഥാനാർഥിത്വം ലഭിക്കാൻ ആഗ്രഹിക്കുന്നവർ ആദ്യം സ്ഥാനാർഥിത്വം പ്രഖ്യാപിക്കും. തുടർന്ന് അതതു പാർട്ടികളുടെ പ്രൈമറിയിലോ കോക്കസിലോ തങ്ങളുടെ ആശയങ്ങളും പ്രവർത്തനപദ്ധതികളുമൊക്കെ വിശദീകരിച്ച് പിന്തുണ തേടും. പാർട്ടി സ്ഥാനാർഥികളെ കണ്ടെത്താനുള്ള സംവിധാനമാണ് പ്രൈമറിയും കോക്കസും. പാർട്ടി സമ്മേളനത്തിൽ സ്ഥാനാർഥികളുടെ നയപ്രഖ്യാപന പ്രസംഗവും തുടർന്ന് പ്രതിനിധികളുടെ വോട്ടെടുപ്പും ഇതിലൂടെ ജനപിന്തുണയുള്ള ആളെ കണ്ടെത്തുന്നതുമാണ് പ്രൈമറി (Primary) രീതി. കോക്കസ് (Caucus) കുറച്ചുകൂടി സങ്കീർണമാണ്. പ്രതിനിധികൾ ചെറിയ സംഘങ്ങളായി തിരിഞ്ഞ് ചർച്ചയും ആവശ്യമെങ്കിൽ വോട്ടെടുപ്പും നടത്തി സ്ഥാനാർഥിയെ കണ്ടെത്തുന്ന രീതിയാണിത്. മുൻപ് മിക്ക സംസ്ഥാനങ്ങളിലും കോക്കസ് ആയിരുന്നു. ഇപ്പോൾ ആറ് സംസ്ഥാനങ്ങളിൽ മാത്രമേ ഈ രീതി കർശനമായി പിന്തുടരുന്നുള്ളൂ. ഭൂരിപക്ഷം സ്ഥലത്തും പ്രൈമറി രീതിയാണ്. 

നാഷനൽ കൺ‌വൻഷൻ 

സംസ്ഥാനങ്ങളിലെ പ്രൈമറി/കോക്കസ് പൂർത്തിയായാൽ പാർട്ടികളുടെ ദേശീയ കൺവൻഷൻ (National Convention) നടക്കും. ഇതിലേക്കുള്ള പ്രതിനിധികളെ ഓരോ സംസ്ഥാനത്തെയും പ്രൈമറി/കോക്കസ് വഴിയാണ് തിരഞ്ഞെടുക്കുക. ആർക്കാണു സ്ഥാനാർഥിത്വം ലഭിക്കുക എന്നത് അപ്പോൾ തന്നെ വ്യക്തമാകും. ദേശീയ കൺവൻഷനിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും. 

നിലവിലുള്ള പ്രസിഡന്റ് വീണ്ടും ജനവിധി തേടുന്നുണ്ടെങ്കിൽ സാധാരണഗതിയിൽ ആ പാർട്ടിയിൽ മറ്റാരും സ്ഥാനാർഥിത്വത്തിനായി രംഗത്തു വരാറില്ല. അതുകൊണ്ടുതന്നെ പ്രൈമറി/കോക്കസ് വോട്ടെടുപ്പുകൾ വേണ്ടിവരാറുമില്ല. ദേശീയ കൺവൻഷനിൽ നിലവിലെ പ്രസിഡന്റിന്റെ സ്ഥാനാർഥിത്വം വീണ്ടും പ്രഖ്യാപിക്കും. 

വൈസ് പ്രസിഡന്റ് 

പ്രസിഡന്റ് സ്ഥാനാർഥിത്വത്തിലേക്ക് പാർട്ടിയുടെ അംഗീകാരം ലഭിച്ചാൽ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കുകയാണ് അടുത്ത നടപടി. ഇതിൽ പാർട്ടിക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. പ്രസിഡന്റ് സ്ഥാനാർഥിക്ക് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരം വൈസ് പ്രസിഡന്റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കാം. വൈസ്പ്രസിഡന്റ് സ്ഥാനാർഥിയെ പ്രസിഡന്റ് സ്ഥാനാർഥിയുടെ Runningmate എന്നാണ് വിളിക്കുക. കൂടുതൽ വോട്ടർമാരെ സ്വാധീനിക്കാൻ ശേഷിയുള്ളവരെയാണ് വൈസ്പ്രസിഡന്റ് സ്ഥാനാർഥിയാക്കി ഒപ്പം കൂട്ടുക.  സ്വന്തം ഗുണദോഷ വശങ്ങൾ പരിഗണിച്ച ശേഷം, തനിക്കു പോരായ്‌മയുള്ള കാര്യങ്ങളിൽ മികവുള്ളവരെയാണ് മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. ചിലപ്പോഴൊക്കെ പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി ഒപ്പം മത്സരിച്ചവർ വൈസ് പ്രസിഡന്റ് സ്ഥാനാർഥി ആകാറുണ്ട്. 2008ൽ ഡമോക്രാറ്റിക് പാർട്ടിയിൽനിന്ന് പ്രസിഡന്റ് സ്ഥാനാർഥിത്വത്തിനായി പരസ്പരം മത്സരിച്ചവരാണ് ബറാക് ഒബാമയും ജോ ബൈഡനും. സ്ഥാനാർഥിത്വം ലഭിച്ചത് ഒബാമയ്ക്ക്. അദ്ദേഹം ബൈഡനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാക്കി ഒപ്പം കൂട്ടി; പിന്നീട് 8 വർഷം ഒബാമ പ്രസിഡന്റും ബൈഡൻ വൈസ് പ്രസിഡന്റുമായി. ഇപ്പോൾ ബൈഡൻ വീണ്ടും രംഗത്തെത്തി പ്രസിഡന്റ് സ്ഥാനാർഥിത്വം നേടുകയും ട്രംപിനെതിരെ മത്സരിക്കുകയും ചെയ്യുന്നു. 

തിരഞ്ഞെടുപ്പ് 

നവംബറിലെ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പ്രസിഡന്റിനെ തിരഞ്ഞെടുക്കാനാണ് വോട്ട് ചെയ്യുന്നതെങ്കിലും അത് നേരിട്ടുള്ള തിരഞ്ഞെടുപ്പ് അല്ല. പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള ഇലക്ടറൽ കോളജ് (Electoral College) പ്രതിനിധികളെയാണ് ജനങ്ങൾ തിരഞ്ഞെടുക്കുന്നത്. ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറൽ കോളജ് പ്രതിനിധികൾ ഉണ്ടാകും. ആ സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടുന്ന പാർട്ടിക്ക് ഇലക്ടറൽ കോളജ് പ്രതിനിധികളെയെല്ലാം ലഭിക്കും (Winner takes all എന്നാണ് ഈ രീതിക്ക് പറയുക. മെയ്‌ൻ, നെബ്രാസ്ക എന്നീ സംസ്ഥാനങ്ങളിൽ മാത്രം ഈ രീതിയല്ല. ഈ രണ്ടു സംസ്ഥാനങ്ങളിലുമായി മൊത്തം 9 പ്രതിനിധികളേയുള്ളൂ). ഓരോ സ്ഥാനാർഥിക്കും എത്ര പ്രതിനിധികളെ ലഭിച്ചു എന്ന് അറിയുമ്പോൾ തന്നെ ആരാണ് വിജയി എന്നു വ്യക്തമാകും. എങ്കിലും ഈ ഇലക്ടറൽ കോളജ് പ്രതിനിധികൾ ഡിസംബറിൽ യോഗം ചേർന്നാണ് പ്രസിഡന്റിനും വൈസ്പ്രസിഡന്റിനും വോട്ട് ചെയ്യും. ഈ വോട്ടുകൾ മുദ്രവച്ച് സെനറ്റിലേക്ക് അയയ്ക്കും. ജനുവരിയിൽ സെനറ്റിന്റെയും ജനപ്രതിനിധിസഭയുടെയും സംയുക്തയോഗത്തിൽ, സെനറ്റ് അധ്യക്ഷൻ വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. തുടർന്ന് ജനുവരി 20ന് പ്രസിഡന്റ് അധികാരമേൽക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here