രോഹിത് ശർമയും കീറോൺ പൊള്ളാർഡും
മുംബൈ ∙ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് രോഹിത് ശർമയെ നീക്കിയതിൽ, ആരാധകരിൽനിന്ന് ഉയർന്ന രോഷത്തിനു പിന്നാലെ ടീമിനുള്ളിലും അസ്വാരസ്യം ഉയരുന്നുവെന്ന് സൂചന. കഴിഞ്ഞ ദിവസം മുംബൈ ടീമിന്റെ ബാറ്റിങ് കോച്ചായ കീറോൺ പൊള്ളാർഡ് പോസ്റ്റുചെയ്ത ഇൻസ്റ്റഗ്രാം സ്റ്റോറി ഈ സംശയത്തിന് ആക്കം കൂട്ടുന്നതായി. ‘മഴ തോർന്നാൽ കുട എല്ലാവർക്കും ബാധ്യതയാണ്. പ്രയോജനം ഇല്ലാതായാൽ കൂറ് അവസാനിക്കുന്നു’ എന്നാണ് പൊള്ളാർഡ് ഇസ്റ്റഗ്രാമിൽ കുറിച്ചത്. എന്നാൽ ആരുടേയും പേര് പരാമര്‍ശിക്കാതെയാണ് താരം സ്റ്റോറി പോസ്റ്റു ചെയ്തത്.
ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റനായിരുന്ന ഹാർദിക് പാണ്ഡ്യയെ ടീമിലെത്തിച്ചാണ് മുംബൈ രോഹിത്തിനെ നായക സ്ഥാനത്തുനിന്ന് മാറ്റിയത്. അപ്രതീക്ഷിത നീക്കത്തിലൂടെ റെക്കോർഡ് തുകയ്ക്കാണ് തരത്തെ മുംബൈയിൽ തിരിച്ച് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ക്യാപ്റ്റനാക്കണമെന്ന ഉപാധി ഹാർദിക് മുന്നോട്ടുവച്ചതായും വിവരമുണ്ട്. എന്നാൽ രോഹിത്തിനെ മാറ്റിയതോടെ ആരാധകർ വലിയ തോതിൽ പ്രതിഷേധവുമായി രംഗത്തുവന്നു. മണിക്കൂറുകള്‍ക്കം സമൂഹമാധ്യമത്തിലെ ലക്ഷക്കണക്കിന് ഫോളോവേഴ്സിനെ മുംബൈയ്ക്ക് നഷ്ടമായി.
ഹാര്‍ദിക്കിനെ ക്യാപ്റ്റനാക്കിയതിന് പിന്നാലെ ടീമിനോടുള്ള കൂറിനെക്കുറിച്ച് ജസ്പ്രീത് ബുമ്രയും ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവില്‍ ബുമ്രയ്ക്കു പുറമെ സൂര്യകുമാര്‍ യാദവ് ഉൾപ്പെടെ ടീമിലെ മറ്റു ചില താരങ്ങള്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ലെന്നാണ് സൂചന. ഇതിനിടെയാണ് പൊള്ളാർഡിന്റെ ഇൻസ്റ്റഗ്രാം സ്റ്റോറി ചർച്ചയായത്. ഇതോടെ മുംബൈയുടെ ടീം സ്പിരിറ്റുതന്നെ ഇല്ലാതായെന്ന് ആരാധകർ പറയുന്നു. അതേസമയം ലോകകപ്പ് മത്സരത്തിനിടെ ഉണ്ടായ പരുക്കിൽനിന്ന് പൂർണമായും മുക്തനാകാത്ത ഹാർദിക് എത്ര മത്സരങ്ങളിൽ കളിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.