ദക്ഷിണ കൊറിയക്കും ഇറാനും വിജയം
ദോഹ: കിരീടം നിലനിർത്താനായി ബൂട്ടുകെട്ടുന്ന ഖത്തറിന് സന്നാഹ പോരാട്ടത്തിൽ അടിതെറ്റി. ഏഷ്യൻ കപ്പ് കിക്കോഫിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ജോർഡന് മുന്നിലാണ് അന്നാബികൾ 2-1ന് കീഴടങ്ങിയത്. അൽ ഗറാഫ ക്ലബിന്റെ മൈതാനമായ ഥാനി ബിൻ ജാസിം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ 16ാം മിനിറ്റിൽ പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് അക്രം അഫിഫി ഖത്തറിന് ലീഡ് നൽകിയെങ്കിലും രണ്ടാം പകുതിയിൽ കളിമാറി.
യസാൻ അൽ നൈമാതും (50ാം മിനിറ്റ്), അലി അൽ വാനും (57) ഗോളുകളിലൂടെ ജോർഡൻ മത്സരത്തിൽ തിരിച്ചെത്തി വിജയം സമ്മാനിച്ചു. ഇതോടെ ഏഷ്യൻ കപ്പിന് മുന്നോടിയായി ഖത്തറിന്റെ സന്നാഹ മത്സരങ്ങൾ അവസാനിച്ചു. ഡിസംബർ 31 നടന്ന സന്നാഹ മത്സരത്തിൽ ഖത്തർ 3-0ത്തിന് കംബോഡിയയെ തോൽപിച്ചിരുന്നു.
മറ്റൊരു സന്നാഹ മത്സരത്തിൽ ദക്ഷിണ കൊറിയ 1-0ത്തിന് ഇറാഖിനെ വീഴ്ത്തി. ലീ ജേ സുങ്ങിന്റെ ഗോളിലായിരുന്നു ദക്ഷിണ കൊറിയയുടെ വിജയം. ഇറാൻ 2-1ന് ബുർകിന ഫാസോയെയും തോൽപിച്ച് തയാറെടുപ്പ് ഗംഭീരമാക്കി.