ദുബായ് ∙ ക്രിസ്മസ് പുതുവത്സര അവധിക്കായി സ്കൂളുകൾ അടച്ചതിനു പിന്നാലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ തിരക്ക്. ദുബായിൽ വിനോദ സഞ്ചാര സീസൺ തുടങ്ങിയതോടെ രാജ്യാന്തര സഞ്ചാരികളുടെ ഒഴുക്കിനു പിന്നാലെയാണ് അവധിക്കാല യാത്രകൾക്കായി പ്രവാസികളും എത്തുന്നത്.

ഈ മാസം 31വരെ 44 ലക്ഷം യാത്രക്കാർ വിമാനത്താവളം വഴി കടന്നു പോകുമെന്നാണ് പ്രതീക്ഷ. ഒരു ദിവസം പ്രതീക്ഷിക്കുന്നത് 2.58 ലക്ഷം പേരെ. കൂടുതൽ യാത്രക്കാരെ പ്രതീക്ഷിക്കുന്ന 22ന് മാത്രം 2.79 ലക്ഷം യാത്രക്കാർ ദുബായ് വിമാനത്താവളം വഴി വന്നു പോകുമെന്നാണ് കണക്കു കൂട്ടൽ. ശൈത്യകാലം തുടങ്ങിയതോടെ എല്ലാ ടെർമിനലുകളിലും തിരക്കാണ്. മക്കൾക്കൊപ്പം ക്രിസ്മസ് പുതുവത്സര ആഘോഷത്തിൽ പങ്കെടുക്കാൻ നാട്ടിൽ നിന്ന് ആയിരക്കണക്കിനു മാതാപിതാക്കളാണ് ദുബായിലേക്കു വരുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ നിന്നു കേരളത്തിലേക്കു പോകുന്നവരും ഹൃസ്വകാല ട്രാൻസിറ്റ് വീസയിൽ ദുബായിൽ ഇറങ്ങി കാഴ്ചകൾ കണ്ടുമടങ്ങും. ശൈത്യകാലത്ത് കൂടുതൽ കമ്പനികൾ വിമാന സർവീസുകൾ ആരംഭിച്ചതായി വിമാനത്താവള ടെർമിനൽസ് ഓപ്പറേഷൻ ഉപമേധാവി ഈസ അൽഷാംസി പറഞ്ഞു. 3 ടെർമിനലുകളിലും യാത്രക്കാരെ സ്വീകരിക്കാൻ പ്രത്യേക ഒരുക്കങ്ങളായി.

സാന്താക്ലോസ് മുതൽ കലാകാരന്മാർ വരെ

ഭീമൻ മഞ്ഞു ബോളിനുള്ളിൽ 3ഡി ചിത്രമെടുക്കാനുള്ള സ്ഥലമാണ് ഇതിൽ ഏറ്റവും പ്രധാനം. ചോക്ലേറ്റ് നൽകി സ്വീകരിക്കാനും ടെർമിനലുകളിൽ ക്രമീകരണമുണ്ട്. പ്രമുഖ കലാകാരന്മാരുടെ പ്രകടനങ്ങൾക്കും ടെർമിനലുകൾ സാക്ഷ്യം വഹിക്കും. കുട്ടികളെ വരവേൽക്കാൻ സാന്താക്ലോസ് ടെർമിനലുകളിലുണ്ട്.ഒപ്പം മറ്റ് രൂപങ്ങൾ ധരിച്ചെത്തുന്ന കലാകാരന്മാരെയും കാണാം.

യാത്ര ആയാസ രഹിതമാക്കാൻ..

∙ എമിറേറ്റ്സ് യാത്രക്കാർക്ക് വീട്ടിൽ നിന്ന് പുറപ്പെടും മുൻപ് ഓൺലൈൻ വഴി ചെക്ക് ഇൻ പൂർത്തിയാക്കാം

∙ ഫ്ലൈ ദുബായ് യാത്രക്കാർ വിമാനം പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപ് എത്തണം

∙ മറ്റ് എയർലൈൻസ് യാത്രക്കാർ 3 മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം

∙ 12 വയസ്സിനു മുകളിലുള്ളവർക്ക് സ്മാർട് ഗേറ്റ് ഉപയോഗിക്കാം.

∙ യാത്രാ സമയം നഷ്ടപ്പെടാതിരിക്കാൻ ബാഗേജ് തൂക്കം കൂടിയിട്ടില്ലെന്ന് ഉറപ്പാക്കുക.

∙ തിരക്കുള്ള കൂടുതലുള്ള സമയങ്ങളിൽ യാത്രക്കാർക്ക് മാത്രമേ ടെർമിനലുകളിലേക്ക്

∙ 1,3 ടെർമിനലുകളിലേക്ക് എത്താൻ മെട്രോ സർവീസ് ഉപയോഗിക്കാം.

∙ ഇതേ ടെർമിനലുകളിലേക്കുള്ളവർ വാഹന പാർക്കിങ് പ്രയോജനപ്പെടുത്താൻ ശ്രദ്ധിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here