നവി മുംബൈ ∙ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ ബാറ്റിങ് വിരുന്നുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗങ്ങൾ. ചരിത്രത്തിലെ ഒരുപിടി നേട്ടങ്ങൾ സ്വന്തമാക്കിയാണ് ടീം ഇന്ത്യ ആദ്യ ദിനം പവലിയനിലേക്ക് മടങ്ങിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ ആദ്യ ദിനം 400 റൺസിലേറെയാണ് ഇന്ത്യൻ വനിതകൾ അടിച്ചുകൂട്ടിയത്. ഒന്നാം ദിനത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ നേടിയത് 410 റൺസ്.

വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ 88 വർഷത്തിനു ശേഷമാണ് ഒരു ടീം ടെസ്റ്റ് മത്സരത്തിന്റെ ആദ്യദിനം 400 ലേറെ റൺസ് നേടുന്നത്. 1935 ഫെബ്രുവരി 16 മുതൽ 18 വരെ ന്യൂസീലൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ നടന്ന ടെസ്റ്റ് മത്സരത്തിൽ ന്യൂസീലൻഡിനെതിരെ ഇംഗ്ലണ്ട് ഒന്നാം ദിനം നാലു വിക്കറ്റ് നഷ്ടത്തിൽ 431 റൺസ് നേടിയിരുന്നു. ന്യൂസീലൻഡിനെ 44 റൺസിനു പുറത്താക്കിയ ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ ആ നേട്ടം. ഇന്ത്യ നേടിയ 410 റൺസാണ് രണ്ടാം സ്ഥാനത്ത്.

ടീം സ്കോർ 50 കടക്കും മുൻപ് ഓപ്പണർമാരായ സ്മൃതി മന്ഥനയും (17) ഷെഫാലി വർമയും (19) പുറത്തായ ശേഷമായിരുന്നു ഇന്ത്യയുടെ ഗംഭീര തിരിച്ചുവരവ്. നാലു താരങ്ങളുടെ അർധ സെഞ്ചറി പ്രകടനമാണ് ടീം ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ശുഭ സതീഷ് (69), ജമൈമ റോഡ്രിഗസ് (68), യാസ്തിക ഭാട്യ (66), ദീപ്തി ശർമ (60*) എന്നിവരാണ് അർധ സെഞ്ചറി നേടിയത്. ഇരുപത്തിനാലുകാരി ശുഭയുടെയും ഇരുപത്തിമൂന്നുകാരി ജമൈമയുടെയും അരങ്ങേറ്റ ടെസ്റ്റ് ആണിതെന്നതും മറ്റൊരു പ്രത്യേകത. ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 49 റൺസെടുത്തു പുറത്തായി.

വനിതാ ടെസ്റ്റ് ക്രിക്കറ്റിൽ ഇതിനു മുൻപ് രണ്ടു തവണ മാത്രമാണ് ഒരിന്നിങ്സിൽ നാലിലേറെ താരങ്ങൾ അർധസെഞ്ചറി നേടിയിട്ടുള്ളത്. 2002 മാർച്ചിൽ പാളിൽ (ദക്ഷിണാഫ്രിക്ക) നടന്ന ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയുടെ അൻജും ചോപ്ര (80), ഹേംലത കല (64), മിതാലി രാജ് (55), അഞ്ജു ജെയിൻ (52), മമത മാബെൻ 50) എന്നിവരാണ് അർധസെഞ്ചറി നേടിയത്. 2019 ൽ ടോണ്ടനിൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയുടെ അ‍ഞ്ച് താരങ്ങൾ അർധസെഞ്ചറി നേടിയിരുന്നു.

ശുഭ സതീഷും ജമൈമ റോഡ്രിഗസും ചേർന്നു നേടിയ 115 റൺസ് വനിതാ ക്രിക്കറ്റിൽ മൂന്നാം വിക്കറ്റിൽ ഇന്ത്യ നേടുന്ന രണ്ടാമത്തെ ഉയർന്ന സ്കോറാണ്. 2006ൽ ഇംഗ്ലണ്ടിൽ മിതാലി രാജും അൻജും ചോപ്രയും മൂന്നാം വിക്കറ്റിൽ നേടിയ 136 റൺസാണ് ഒന്നാമത്. ഇന്ത്യയ്ക്കു വേണ്ടി അരങ്ങേറ്റ ടെസ്റ്റ് കളിക്കുന്ന താരങ്ങളുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടു കൂടിയാണ് ശുഭ സതീഷും ജമൈമ റോഡ്രിഗസും ചേർന്നു നേടിയ 115 റൺസ്. 2021 ൽ ബ്രിസ്റ്റോളിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിൽ സ്നേഹ് റാണയും ടാനിയ ഭാട്ടിയയും ചേർന്നു നേടിയ 104 കൂട്ടുകെട്ടാണ് ശുഭയും ജമൈമയും മറികടന്നത്.

49 പന്തിൽ 50 റൺസ് പൂർത്തിയാക്കിയ ശുഭ സതീഷ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയുടെ രണ്ടാമത്തെ അതിവേഗ അർധസെഞ്ചറിനേട്ടമാണ് കൈവരിച്ചത്. 1995 നവംബറിൽ കൊൽക്കത്തയിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ ആറാമതായി ഇറങ്ങി 40 പന്തിൽ 50 റൺസ് നേടിയ സംഗീത ദാബിറാണ് ഒന്നാമത്.

ഒരിന്നിങ്സിൽ ഇന്ത്യ നേടിയ ഏറ്റവും ഉയർന്ന മൂന്നു ടീം ടോട്ടലുകളും ഇംഗ്ലണ്ടിനെതിരെയാണ്. 2002 ഓഗസ്റ്റിൽ ടോണ്ടനിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 467 റൺസ് നേടിയതാണ് ഉയർന്ന സ്കോർ. 1986 ജൂലൈയിൽ ബ്ലാക്പൂളിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ 9 വിക്കറ്റ് നഷ്ടത്തിൽ നേടിയ 426 റൺസാണ് രണ്ടാമത്. നവി മുംബൈയിൽ വ്യാഴാഴ്ച 7 വിക്കറ്റ് നഷ്ടത്തിൽ നേടിയ 410 റൺസ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തും.

സ്വന്തം നാട്ടിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ വനിതാ ടീം നേടിയ ഏറ്റവും ഉയർന്ന സ്കോറിന്റെ റെക്കോഡും ഇതോടെ ഇന്ത്യ മറികടന്നു. 2014 നവംബറിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒന്നാം ഇന്നിങ്സിൽ ആറു വിക്കറ്റ് നഷ്ടത്തിൽ നേടിയ 400 റൺസാണ് പഴങ്കഥയായത്. തിരുഷ് കാമിനി (192 റൺസ്), പൂനം റൗത്ത് (130) എന്നിവരുടെ സെഞ്ചറി മികവിലായിരുന്നു അന്ന് ഇന്ത്യയുടെ റെക്കോഡ് നേട്ടം.

ഇന്ത്യ ഈ മത്സരത്തിൽ ഇതുവരെ നേടിയ 64 ബൗണ്ടറി വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ മൂന്നാം സ്ഥാനത്താണ്. 2003 ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിൽ ഇംഗ്ലണ്ട് 72 ബൗണ്ടറിയും 1998 ൽ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയ 66 ബൗണ്ടറിയും നേടിയിട്ടുണ്ട്. ഇന്ത്യ നേടിയ 62 ഫോറുകൾ വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ നാലാം സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here