ഗോൾ‍ നേടിയ ക്വാമെ പെപ്രയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ

കൊച്ചി∙ മുംബൈയിൽ ഏറ്റ തോൽവിക്ക് കൊച്ചി ജവഹർലാൽ നെഹ്‍റു സ്റ്റേഡിയത്തിൽ കണക്കു തീർത്തുകൊടുത്ത് കേരള ബ്ലാസ്റ്റേഴ്സ്. ഗാലറിയിൽ തിങ്ങിനിറഞ്ഞ ആരാധകരെ സാക്ഷിയാക്കി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ ഏഴാം വിജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ ദിമിത്രിയോസ് ഡയമെന്റകോസ് (11–ാം മിനിറ്റ്), ക്വാമെ പെപ്ര (45+5) എന്നിവരാണു ബ്ലാസ്റ്റേഴ്സിനായി ലക്ഷ്യം കണ്ടത്. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ‍ 2–1ന് മുംബൈ സിറ്റി വിജയിച്ചിരുന്നു.

ജയത്തോടെ പോയിന്റു പട്ടികയിൽ രണ്ടാമതുള്ള ബ്ലാസ്റ്റേഴ്സിന് 23 പോയിന്റായി. ഒന്നാം സ്ഥാനത്തുള്ള ഗോവയ്ക്കും 23 പോയിന്റാണുള്ളത്. മുംബൈ സിറ്റിയുടെ സീസണിലെ ആദ്യ തോൽവിയാണിത്. 10 കളികളിൽ അഞ്ച് വിജയവും നാല് സമനിലയും ഒരു തോൽവിയുമാണ് മുംബൈയ്ക്കുള്ളത്. 19 പോയിന്റുകളുമായി നാലാം സ്ഥാനത്താണ് അവർ. 27 ന് മോഹൻ ബഗാൻ സൂപ്പർ ജയന്റ്സിനെതിരെ കൊല്‍ക്കത്തയിൽവച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത

പോരാട്ടം.ഡബിളടിച്ച് ആദ്യ പകുതി

കരുത്തരായ മുംബൈ സിറ്റിക്കെതിരെ പ്രതിരോധത്തിലൂന്നി കളിക്കാൻ ബ്ലാസ്റ്റേഴ്സ് തയാറായിരുന്നില്ല. ആദ്യ മിനിറ്റു മുതൽ ഗോൾ നേടാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സ് നടത്തി. മുംബൈയും പ്രത്യാക്രമണങ്ങളൊരുക്കിയതോടെ മത്സരം ചൂടുപിടിച്ചു. ക്യാപ്റ്റൻ അഡ്രിയൻ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളിൽ പ്രകടമായിരുന്നു. എന്നാൽ 14–ാം മിനിറ്റിൽ മുംബൈ പ്രതിരോധ താരങ്ങളെ മറികടന്ന് ബ്ലാസ്റ്റേഴ്സിനായി ദിമിത്രിയോസ് ഡയമെന്റകോസ് ലീഡെടുത്തു. ഗോൾ വഴങ്ങിയതോടെ സമനില ഗോളിനായി മുംബൈ സമ്മർദം ശക്തമായി.

21–ാം മിനിറ്റിൽ മുംബൈയുടെ ജയേഷ് റാണെയുടെ ഷോട്ട് പോസ്റ്റിൽ തട്ടിയാണു തെറിച്ചത്. മുംബൈ താരങ്ങളായ എൽ ഖയാത്തിയും പെരേര ഡയസും നടത്തിയ മുന്നേറ്റങ്ങൾ‍ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്തെ വിറപ്പിച്ചു. 32–ാം മിനിറ്റിൽ‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം നവോച സിങ്ങിന്റെ ബാക്ക് പാസ് അപകടകരമായ രീതിയിൽ നീങ്ങിയെങ്കിലും, മുംബൈ താരത്തെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിൻ സുരേഷ് രക്ഷപെടുത്തി. മത്സരത്തിനിടെ പരുക്കേറ്റതോടെ മലയാളി താരം വിബിൻ മോഹൻ 41–ാം മിനിറ്റിൽ ഗ്രൗണ്ടിൽനിന്നു മടങ്ങി. പകരക്കാരനായി മുഹമ്മദ് അസറിനെ ബ്ലാസ്റ്റേഴ്സ് ഇറക്കി. ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ നവോച്ച സിങ് നൽകിയ ക്രോസ് മുംബൈ ഗോളി തട്ടിയകറ്റി, റീബൗണ്ടിൽ പന്തു ലഭിച്ച രാഹുല്‍ കെ.പി. എടുത്ത ഷോട്ട് പോസ്റ്റിൽ തട്ടിപുറത്തേക്കുപോയത് ബ്ലാസ്റ്റേഴ്സിനു ഞെട്ടലായി. എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ ഗോളടിച്ച് ക്വാമെ പെപ്ര ലീ‍‍ഡ് രണ്ടാക്കി.

പ്രതിരോധക്കോട്ട കെട്ടിയ രണ്ടാം പകുതി

രണ്ടാം പകുതിയുടെ തുടക്കം തന്നെ ചടുലമായിരുന്നു. സമനിലയ്ക്കായി രണ്ടു ഗോളുകൾ തിരിച്ചടിക്കേണ്ടതിനാൽ മുംബൈ സിറ്റിയും ലീഡ് ഉയർത്താൻ ബ്ലാസ്റ്റേഴ്സും തുടക്കം മുതൽ വിശ്രമമില്ലാതെ പൊരുതി. 58–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ ഡാനിഷ് ഫറൂഖ് എടുത്ത ഹെഡർ ലക്ഷ്യം കാണാതെപോയി. 67–ാം മിനിറ്റിൽ ക്വാമെ പെപ്രയുടെ ഷോട്ട് മുംബൈ ഗോൾ കീപ്പർ തട്ടിയകറ്റി.മുംബൈ ആക്രമണം കടുപ്പിച്ചതോടെ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിലേക്കു വലിഞ്ഞു. 76–ാം മിനിറ്റിൽ മുംബൈയുടെ ലാലിയൻസുവാല ചാങ്തേയെ വീഴ്ത്തിയതിനു ബ്ലാസ്റ്റേഴ്സ് താരം രാഹുലിനു യെല്ലോ കാർഡ് കിട്ടി. ലെസ്കോവിച്ച്, നവോച്ച സിങ്, ഡയമെന്റകോസ്, മുഹമ്മദ് ഐമൻ എന്നിവരെ 83–ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് പിന്‍വലിച്ചു. ഇഷാൻ പണ്ഡിത, ഡായ്സുകെ സകായ്, സന്ദീപ് സിങ്, പ്രബീർ ദാസ് എന്നിവർക്കു ബ്ലാസ്റ്റേഴ്സ് അവസരം നൽകി. അവസാന മിനിറ്റുവരെ മുംബൈ പൊരുതിനോക്കി, എന്നാൽ മൂന്നാമതൊരു ഗോൾ മത്സരത്തിൽ പിറന്നില്ല.

ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ വന്ന വഴി

ആദ്യ ഗോൾ ദിമി വക– പന്തുമായി അതിവേഗത്തിലുള്ള ക്വാമെ പെപ്രയുടെ നീക്കമാണ് ആദ്യ ഗോളിനു വഴിതുറന്നത്. പോസ്റ്റിനു മുന്നിൽ വച്ച് ഡയമെന്റകോസിന് പെപ്ര പാസ് നൽകി. ആദ്യ ടച്ചിൽ മുംബൈ പ്രതിരോധ താരത്തെ കബളിപ്പിച്ച ദിമിത്രിയോസ് ‍ഡയമെന്റകോസ്, അടുത്ത നീക്കത്തിൽ ഗോൾ കീപ്പർ ഫുർബ ലചെൻപയെയും മറികടന്ന് പന്തു വലയിലെത്തിച്ചു.

ലീഡ് രണ്ടാക്കി ബ്ലാസ്റ്റേഴ്സ്– ആദ്യ പകുതിയുടെ അധിക സമയത്ത് അഞ്ചാം മിനിറ്റിലാണ് ഘാന താരം ക്വാമെ പെപ്ര സീസണിലെ രണ്ടാം ഗോൾ നേടിയത്. ആദ്യ ഗോൾ നേടിയ ദിമിത്രിയോസ് ഡയമെന്റകോസിന്റെ അസിസ്റ്റിലായിരുന്നു പെപ്രയുടെ ഗോൾ. ദിമിയുടെ പാസ് തടുത്തു നിർത്തിയ ശേഷം പെപ്ര മുംബൈ പ്രതിരോധ താരത്തിന്റെ കാലുകൾക്കിടയിലൂടെ പന്തു വലയിലെത്തിക്കുകയായിരുന്നു. ഈ സമയത്ത് മുംബൈ ഗോളി‍ ഫുർബ ലചെൻപ നിരാശയോടെ നോക്കി നിൽക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here