സെഞ്ചൂറിയൻ∙ ഇന്ത്യ– ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്നു തുടങ്ങുമ്പോൾ, ഭീഷണിയായി മഴയുടെ വരവ്. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ആദ്യ ടെസ്റ്റ് തുടങ്ങേണ്ടത്. സെഞ്ചൂറിയനില്‍ കനത്ത മഴ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. മഴ പെയ്താൽ ആദ്യ ദിവസം തന്നെ കളി മുടങ്ങാൻ ആണു സാധ്യത. ദക്ഷിണാഫ്രിക്കയിൽ ഒരു ടെസ്റ്റ് പരമ്പര വിജയമെന്ന സ്വപ്നവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്.

സെഞ്ചൂറിയനിൽ മഴ പെയ്യാൻ 96 ശതമാനം സാധ്യതയാണു പ്രവചിച്ചിരിക്കുന്നത്. കുറഞ്ഞതു നാലു മണിക്കൂറെങ്കിലും മഴ പെയ്യും. കഴിഞ്ഞ ദിവസങ്ങളിൽ സെഞ്ചൂറിയനിൽ ശക്തമായ മഴയുണ്ടായിരുന്നതിനാൽ ഇതിന്റെ സ്വാധീനം ഔട്ട്ഫീൽഡിൽ ഉണ്ടായിരിക്കും. ചൊവ്വാഴ്ച രാത്രി മഴ പെയ്യാൻ 60 ശതമാനം സാധ്യതയാണുള്ളത്.

രാത്രി മഴ ശക്തമായാൽ ഇതു രണ്ടാം ദിവസത്തെ കളിയെയും ബാധിക്കും. ദക്ഷിണാഫ്രിക്കയിലെ സാഹചര്യങ്ങളിൽ പേസർ മുഹമ്മദ് ഷമിയെ ഇന്ത്യ ശരിക്കും മിസ് ചെയ്യുമെന്നു ക്യാപ്റ്റൻ രോഹിത് ശർമ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ‘‘പേസർമാർ തിളങ്ങുമെന്നാണു പ്രതീക്ഷ. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ പേസർമാർ മുൻപ് മികച്ച പ്രകടനമാണു പുറത്തെടുത്തത്. ഷമിയുടെ വിടവു നികത്താൻ ആരെങ്കിലും മുന്നോട്ടുവന്നേ പറ്റൂ. ഞങ്ങൾക്ക് അക്കാര്യത്തിൽ പൂര്‍ണ ആത്മവിശ്വാസവുമുണ്ട്.’’

ആദ്യ ടെസ്റ്റ് മഴ കാരണം മുടങ്ങിയാൽ, രണ്ടാം മത്സരം മാത്രം നടത്തി പരമ്പര വിജയികളെ തീരുമാനിക്കേണ്ട സാഹചര്യമാണ്. സ്പിന്നർ രവിചന്ദ്രൻ അശ്വിന് ആദ്യ മത്സരത്തിൽ അവസരം ലഭിക്കാൻ സാധ്യതയില്ല. ഏകദിന ലോകകപ്പ് ഫൈനലിലെ തോൽവിക്കു ശേഷം ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും ഇന്ത്യയ്ക്കായി ഇറങ്ങുന്ന ആദ്യ കളിയാണ് ഇത്.

ഇന്ത്യ സാധ്യതാ പ്ലേയിങ് ഇലവന്‍– രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ഷാർദൂൽ ഠാക്കൂർ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.

LEAVE A REPLY

Please enter your comment!
Please enter your name here