കായിക ലോകത്തിന്റെ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ച മറ്റൊരു വർഷം കൂടി അവസാനിക്കുകയാണ്. ഏഷ്യൻ ഗെയിംസിലും ഡയമണ്ട് ലീഗിലും ഉൾപ്പെടെ ഇന്ത്യൻ കായിക താരങ്ങളുടെ മികവുറ്റ പ്രകടനത്താൽ ശ്രദ്ധേയമായിരുന്നു പോയവർഷം. ക്രിക്കറ്റിൽ ഇന്ത്യ ഏഷ്യൻ ചാംപ്യൻമാരായപ്പോൾ ഫൈനലിൽ ലോകകിരീടം കൈവഴുതി. ഐപിഎല്ലിനൊപ്പം വനിതാ താരങ്ങൾക്കായുള്ള വിമൻ പ്രീമിയർ ലീഗ് കൂടി വിജയകരമായി സംഘടിപ്പിച്ചതോടെ ക്രിക്കറ്റിന് ജനപ്രീതിയേറി. ലോക ഫുട്ബോളിൽ സൂപ്പർ താരം ലയണൽ മെസ്സി വീണ്ടും മികച്ച താരമായി. വിംബിൾഡൻ ഒഴികെയുള്ള ഗ്രാൻസ്‌ലാം ടൂർണമെന്റുകൾ സ്വന്തമാക്കി ടെന്നിസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ച് ആധിപത്യമുറപ്പിച്ചു. എന്നാൽ വരാനിരിക്കുന്നത് തന്റെ കാലമാണെന്ന മുന്നറിയപ്പോടെയാണ് സ്പാനിഷ് താരം കാർലോസ് അൽകാരസ് വിംബിൾഡന്‍ കിരീടത്തിൽ മുത്തമിട്ടത്.

∙ ഓസ്ട്രേലിയൻ ഓപ്പൺ

ടെന്നിസിൽ പുരുഷ വിഭാഗം സിംഗിൾസിൽ സെർബിയൻ താരം നൊവാക് ജോക്കോവിച്ചും വനിതാ വിഭാഗം സിംഗിൾസിൽ ബെലാറൂസ് താരം അരീന സബലേങ്കയും കിരീടം സ്വന്തമാക്കി. ടെന്നിസിലെ പുതുതലമുറയുടെ പ്രതിനിധിയായ ഗ്രീസിന്റെ സ്റ്റെഫാനോസ് സിറ്റ്സിപാസിനെ തോൽപിച്ചാണ് ജോക്കോവിച്ച് പത്താം ഓസ്ട്രേലിയൻ ഓപ്പൺ സ്വന്തമാക്കിയത്. കസഖ്സ്ഥാന്റെ എലെന റിബകീനയെ ഒന്നിനെതിരെ രണ്ടു സെറ്റുകൾക്ക് തോൽപ്പിച്ചാണ് സബലേങ്ക ആദ്യ ഗ്രാൻസ്‌ലാം സ്വന്തമാക്കിയത്. മിക്സ്ഡ് ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ സാനിയ മിർസ സഖ്യം വെള്ളി നേടി. സാനിയയുടെ അവസാന ഗ്രാൻസ്‌ലാം മത്സരമായിരുന്നു ഇത്.

∙ ഹോക്കി ലോകകപ്പ് കിരീടം ജർമനിക്ക്

യൂറോപ്യൻ വമ്പന്മാർ ഏറ്റുമുട്ടിയ ഹോക്കി ലോകകപ്പ് ഫൈനലിൽ ബൽജിയത്തിന്റെ കളിമികവിനെ പോരാട്ടവീര്യത്തിലൂടെ മറികടന്ന ജർമനി ലോകകിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് 3–3 എന്ന നിലയിൽ സമനിലയായ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ 5–4നാണ് ജർമനിയുടെ ജയം. ജർമനിയുടെ 3–ാം ലോകകപ്പ് നേട്ടമാണിത്. 2002, 2006 വർഷങ്ങളിൽ തുടർച്ചയായി കിരീടം നേടിയിരുന്നു. ഓസ്ട്രേലിയയെ 3–1ന് തോൽപിച്ച് നെതർലൻഡ്സ് മൂന്നാം സ്ഥാനം നേടി

LEAVE A REPLY

Please enter your comment!
Please enter your name here