വലിയ നേട്ടങ്ങളോടെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) ഈ വർഷം അവസാനിപ്പിക്കുന്നത്. ടീമിൻെറ നേട്ടത്തോടൊപ്പം തന്നെ വ്യക്തിഗത നേട്ടങ്ങളിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി രണ്ട് കളിക്കാർ. അഡ്രിയാൻ ലൂണയും (Adrian Luna) ദിമിത്രിയോസ് ഡയമൻറക്കോസുമാണ് (Dimitrios Diamantakos) പട്ടികകളിൽ ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്…

കേരള ബ്ലാസ്റ്റേഴ്സിന് വൻനേട്ടം

മലയാളികളുടെ സ്വന്തം മഞ്ഞപ്പട കേരള ബ്ലാസ്റ്റേഴ്സ് എഫ്സി (Kerala Blasters FC) ഇത്തവണത്തെ ഇന്ത്യൻ സൂപ്പർ ലീഗിൽ (ISL) കൊതിപ്പിക്കുന്ന കളിയാണ് കളിക്കുന്നത്. ആദ്യ രണ്ട് മത്സരം ജയിച്ച് കൊണ്ട് തുടങ്ങിയ ടീം അപ്പോൾ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ഇപ്പോഴിത ലീഗിലെ വമ്പൻ ക്ലബ്ബുകളെയെല്ലാം ഹോം മത്സരത്തിലും എവേ മത്സരത്തിലും തകർത്ത് ബ്ലാസ്റ്റേഴ്സ് കുതിക്കുകയാണ്.

2023 അവസാനിക്കുമ്പോൾ ചില അപൂർവനേട്ടങ്ങളും ക്ലബ്ബ് സ്വന്തമാക്കിയിട്ടുണ്ട്. ഐഎസ്എൽ പോയൻറ് പട്ടികയിൽ ക്ലബ്ബ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഇത്തവണ ലീഗ് തുടങ്ങിയത് മുതൽ തന്നെ ക്ലബ്ബ് പോയൻറ് പട്ടികയിൽ ആദ്യ നാലിൽ എപ്പോഴുമുണ്ടായിരുന്നു. ഇടയ്ക്ക് ഒന്നാം സ്ഥാനത്തുമെത്തിയിരുന്നു.

എന്നാൽ, നിലവിലെ ചാമ്പ്യൻമാരായ മോഹൻ ബഗാൻ സൂപ്പർ ജയൻറ്സിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തിയതോടെ ആധികാരികമായി കേരള ബ്ലാസ്റ്റഴ്സ് ഒന്നാം സ്ഥാനം സ്വന്തമാക്കി. 12 മത്സരങ്ങളിൽ 8 വിജയമടക്കം ടീമിന് 26 പോയൻറാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള എഫ്സി ഗോവയേക്കാൾ രണ്ട് പോയൻറ് വ്യത്യാസത്തിലാണ് ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്.

ലീഗിൽ ഇപ്പോൾ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയിരിക്കുന്ന ടീം ബ്ലാസ്റ്റേഴ്സാണ്. എട്ട് വിജയങ്ങൾ നേടിയിട്ടുള്ള മറ്റൊരു ടീമുമില്ല. 12 മത്സരങ്ങളിൽ നിന്ന് 22 ഗോളടിച്ച ഒഡീഷ എഫ്സിയാണ് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്. പത്ത് മത്സരങ്ങളിൽ ആറ് ക്ലീൻ ഷീറ്റുകളുമായി അക്കാര്യത്തിൽ മുന്നിൽ എഫ്സി ഗോവയാണ്.

രണ്ട് കാര്യത്തിൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് ഒന്നാം സ്ഥാനത്തുണ്ട്. വ്യക്തിഗത നേട്ടങ്ങളിലാണ് രണ്ട് താരങ്ങൾ വർഷാവസാനം മുന്നിലെത്തിയിരിക്കുന്നത്. ഗോൾവേട്ടയിൽ മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിൻെറ ഗ്രീക്ക് താരം ദിമിത്രിയോസ് ഡയമൻറക്കോസാണ്. 10 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകളാണ് ദിമി ഇതിനോടകം അടിച്ചത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും താരം ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു.

ലീഗിൽ ഏറ്റവും കൂടുതൽ ചാൻസുകൾ ഉണ്ടാക്കിയ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിൻെറ ഉറുഗ്വെൻ സൂപ്പർതാരം അഡ്രിയാൻ ലൂണയാണ് (Adrian Luna) ഒന്നാം സ്ഥാനത്ത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന താരം കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ടീമിന് വേണ്ടി കളിക്കുന്നില്ല. എന്നിട്ടും അക്കാര്യത്തിൽ ഒന്നാം സ്ഥാനത്ത് തുടരാൻ അഡ്രിയാൻ ലൂണയ്ക്ക് സാധിച്ചിട്ടുണ്ട്. 9 മത്സരം കളിച്ച ലൂണ 26 ചാൻസുകളാണ് ഇതിനോടകം ഉണ്ടാക്കിയത്.

ഇത്തവണ ഐഎസ്എല്ലിൽ എന്ത് വിലകൊടുത്തും കിരീടം നേടുന്നതിനായാണ് ഇനി മഞ്ഞപ്പട കാത്തിരിക്കുന്നത്. നായകൻ അഡ്രിയാൻ ലൂണ പരിക്ക് മാറി വൈകാതെ ടീമിനോടൊപ്പം ചേരുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു. സൂപ്പർ കപ്പിൽ ഷില്ലോങ് ലജോങ്ങിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിൻെറ അടുത്ത മത്സരം. ജനുവരി പത്തിനാണ് മത്സരം നടക്കുക. പിന്നീട് ജംഷഡ്പുർ എഫ്സിയെയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെയും നേരിടും.

LEAVE A REPLY

Please enter your comment!
Please enter your name here