മുംബൈ∙ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റുന്ന കാര്യം മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റ് നേരത്തേ തന്നെ രോഹിത് ശർമയെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. 2023 ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ രോഹിത് ശർമയോടു ഇക്കാര്യം സംസാരിച്ചിരുന്നതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 2024 ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ കളിക്കാൻ രോഹിത് ശർമ സമ്മതം അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ചയാണ് മുംബൈ ഇന്ത്യൻസിന്റെ 2024 ഐപിഎൽ സീസണിലേക്കുള്ള ക്യാപ്റ്റനായി ഹാർദിക് പാണ്ഡ്യയെ പ്രഖ്യാപിച്ചത്.

2022 ൽ മുംബൈ ഇന്ത്യൻസ് വിട്ട് ഗുജറാത്ത് ടൈറ്റൻസിലേക്കു പോയ പാണ്ഡ്യയെ 15 കോടിയിലേറെ തുക ചെലവാക്കിയാണ് മാനേജ്മെന്റ് ടീമിലേക്കു തിരികെയെത്തിച്ചത്. മുംബൈയിൽ കളിക്കണമെങ്കില്‍ ക്യാപ്റ്റൻ സ്ഥാനം വേണമെന്ന് ഹാർദിക് പാണ്ഡ്യ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണു ലേലത്തിനു തൊട്ടുമുൻപ് താരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.

മുംബൈ ഇന്ത്യൻസിനെ അഞ്ചു വട്ടം ഐപിഎൽ കിരീടത്തിലേക്കു നയിച്ച ക്യാപ്റ്റനാണു രോഹിത് ശർമ. 2022, 23 സീസണുകളിൽ ഗുജറാത്ത് ക്യാപ്റ്റനായിരുന്ന പാണ്ഡ്യ ആദ്യ അവസരത്തിൽ തന്നെ ടീമിനായി കിരീടമുയർത്തി. കഴിഞ്ഞ സീസണിൽ ഫൈനൽ വരെയെത്തി. 2015ൽ 30 ലക്ഷം രൂപയ്ക്കാണ് ഹാർദിക് പാണ്ഡ്യ ആദ്യമായി മുംബൈ ഇന്ത്യൻസിൽ കളിക്കാനെത്തിയത്. 2021 സീസണ്‍ വരെ മുംബൈയുടെ വിശ്വസ്തനായ ഓൾ റൗണ്ടറായിരുന്നു പാണ്ഡ്യ.

LEAVE A REPLY

Please enter your comment!
Please enter your name here