ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി മാനേജമെന്റ് സാരഥികൾ ജിദ്ദയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു

ജിദ്ദ: കുട്ടികളും മുതിർന്നവരുമായ പ്രവാസികൾക്കും സ്വദേശികൾക്കും വിവിധ കലകളിൽ പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ജിദ്ദയിൽ ആരംഭിക്കുന്ന ഇന്ത്യൻ കലാകേന്ദ്രമായ ‘ഗുഡ്‌ഹോപ്പ് ആർട്‌സ് അക്കാദമി’യുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം അഞ്ചിന് നടക്കുമെന്ന് അക്കാദമി മാനേജ്‌മെന്റ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് ആറിന് ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂൾ ബോയ്‌സ് വിഭാഗം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചിരിക്കുന്ന ഉദ്ഘാടന പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, പ്രമുഖ സിനിമ സംവിധായകൻ നാദിർഷ, പ്രശസ്ത നടൻ ജയരാജ് വാര്യൻ, പ്രമുഖ അഭിനേത്രിയും നടിയുമായ പാരീസ് ലക്ഷ്മി, നൃത്താധ്യാപിക പുഷ്പ സുരേഷ്, മിമിക്‌സ് ആർട്ടിസ്റ്റ് നിസാം കോഴിക്കോട്, പിന്നണി ഗായകൻ സിയാവുൽ ഹഖ്, ഗായിക ദാന റാസിഖ് തുടങ്ങിയവർ പങ്കെടുക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, സിനിമാറ്റിക് ഡാൻസ്, ബോളിവുഡ് ഡാൻസ്, ഹിപ്ഹോപ് ഡാൻസ്, യോഗ, സുംബ, കർണാടിക് ആൻഡ് ഹിന്ദുസ്ഥാനി സംഗീതം, ഡ്രോയിംഗ് ആൻഡ് പെയിന്റിംഗ്, കാലിഗ്രാഫി, നടന പരിശീലനം, സംഗീതോപകരണ പരിശീലനം, മാർഷ്യൽ ആർട്‌സ് തുടങ്ങിയ കലകളിൽ വിദഗ്ദരായവർ അക്കാദമിയിൽ പഠിതാക്കൾക്ക് പരിശീലനത്തിന് നേതൃത്വം നൽകും. പഠനത്തിന്റെ ഓരോ ഘട്ടത്തിലും കൃത്യമായ വിലയിരുത്തലുകളും അതിനനുസരിച്ചുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തും. ഗുഡ്‌ഹോപ്പ് അക്കാദമിയിൽനിന്ന് വിവിധ കോഴ്‌സുകൾ പൂർത്തിയാക്കുന്നവർക്ക് തുടർപഠനത്തിന് സഹായകമാകുന്ന രീതിയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ഒരു സ്ഥാപനത്തിന്റെയും കേരളത്തിൽ നിന്നും മലയാളം മിഷന്റെയും അംഗീകൃത, അക്രഡിറ്റേഷനോട് കൂടിയുള്ള സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കുമെന്നും അക്കാദമി മാനേജ്‌മെന്റ് പ്രതിനിധികൾ അറിയിച്ചു.

മാനേജിംങ് ഡയറക്ടർ എൻജിനീയർ ജുനൈസ് ബാബു, ഡയറക്ടർമാരായ ഷിബു തിരുവനന്തപുരം, ഡോ. അബ്ദുൽ ഹമീദ്, ടാലന്റ് മാനേജ്‌മെന്റ് ഹെഡ് പുഷ്പ സുരേഷ്, സി.ഇ.ഒ അൻഷിഫ് അബൂബക്കർ, സി.ഒ.ഒ സുഹൈർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഉണ്ണി തെക്കേടത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here