ഇന്ത്യൻ സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തേക്കാൾ 39% വർധന

ദുബായ് ഷെയ്ഖ് സായിദ് റോഡിൽനിന്നുള്ള ദൃശ്യം

ദുബായ് ∙ സുവർണ നഗരിയിൽ എത്തിയ രാജ്യാന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 22% വർധന. ഈ വർഷം ആദ്യ 10 മാസത്തിനിടെ ദുബായിൽ എത്തിയ 1.39 കോടി രാജ്യാന്തര വിനോദ സഞ്ചാരികളിൽ 19.9 ലക്ഷവുമായി ഇന്ത്യക്കാർ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ മൊത്തം 1.14 കോടി സഞ്ചാരികളാണ് ദുബായിൽ എത്തിയത്. കോവിഡ് കാലത്തിനു മുൻപ് 2019നെക്കാൾ 3% വർധന രേഖപ്പെടുത്തി. ജനുവരി മുതൽ ഒക്ടോബർ വരെയുള്ള കാലയളവിലാണ് ഇത്രയും ഇന്ത്യക്കാർ എത്തിയത്. ഇന്ത്യൻ സന്ദർശകരുടെ എണ്ണം 2022നെക്കാൾ 39% വർധിച്ചു. 9.54 ലക്ഷം പേരുമായി യുകെ രണ്ടാം സ്ഥാനത്തും 9.3 ലക്ഷവുമായി സൗദി മൂന്നാമതും എത്തി.

റഷ്യ (9,17,000), ഒമാൻ (8,60,000), അമേരിക്ക (5,82,000), ചൈന (5,22,000), ജർമനി (4,53,000) എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ പ്രാതിനിധ്യം. ഹോട്ടൽ താമസ നിരക്ക് 2022ലെ 71%ൽനിന്ന് ഈ വർഷം 76% ആയി ഉയർന്നു. ഹോട്ടലുകളുടെയും താമസ മുറികളുടെയും എണ്ണത്തിലും 4% വർധനയുണ്ട്. 818 ഹോട്ടലുകളിലായി 1.49 ലക്ഷം താമസ മുറികളുണ്ട്. 2022ൽ 790 ഹോട്ടലുകളിലായി 1.44 ലക്ഷം മുറികളാണ് ഉണ്ടായിരുന്നത്. ഇതിൽ 35% പഞ്ചനക്ഷത്ര ഹോട്ടൽ മുറികളാണ്. ചതുർനക്ഷത്ര ഹോട്ടൽ മുറികൾ 28%, ത്രീ സ്റ്റാർ മുറികൾ 20% വരും.

LEAVE A REPLY

Please enter your comment!
Please enter your name here