സെഞ്ചൂറിയൻ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബാറ്റിങ്ങിൽ തിളങ്ങാൻ സാധിക്കാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ ആരാധകരുടെ പരിഹാസം. രോഹിത് ചെറിയ സ്കോറിനു പുറത്തായതിനു പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ രംഗത്തെത്തിയത്. രോഹിത് പുറത്തായതിനു പിന്നാലെ ‘സെൽഫ്‍ലെസ്’ എന്ന വാക്ക് എക്സ് പ്ലാറ്റ്ഫോമിൽ ട്രെൻഡിങ് ആയി.

സ്വാർത്ഥത ഒട്ടുമില്ലാത്ത രോഹിത് ശർമ പെട്ടെന്നു പുറത്തായി അടുത്ത താരത്തിന് അവസരം ഒരുക്കിയതാണെന്നാണ് ആരാധകരുടെ പരിഹാസം. കഗിസോ റബാദയുടെ പന്ത് ഹുക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ നന്ദ്രെ ബർഗർ ക്യാച്ചെടുത്താണു രോഹിത്തിനെ പുറത്താക്കിയത്. 14 പന്തുകളിൽ അഞ്ച് റൺസാണു താരം നേടിയത്. ടെസ്റ്റിൽ ദക്ഷിണാഫ്രിക്കൻ പിച്ചുകളിൽ മികച്ച പ്രകടനം നടത്താൻ രോഹിത് ശർമയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.

ഒരു അര്‍ധ സെഞ്ചറി പോലും നേടാൻ സാധിക്കാത്ത രോഹിത്തിന്റെ, ദക്ഷിണാഫ്രിക്കയിലെ ഉയർന്ന സ്കോർ 47 റൺസാണ്. രാജ്യാന്തര ക്രിക്കറ്റിൽ ഇതു 13–ാം തവണയാണ് റബാദ ഇന്ത്യൻ ക്യാപ്റ്റനെ പുറത്താക്കുന്നത്. കൂടുതൽ പ്രാവശ്യം രോഹിത് ശർമയെ പുറത്താക്കിയ താരവും റബാദയാണ്. 12 വട്ടം രോഹിത്തിന്റെ വിക്കറ്റെടുത്ത ന്യൂസീലൻഡ് താരം ടിം സൗത്തിയാണ് ഇക്കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here