മാഞ്ചസ്റ്റർ സിറ്റി താരങ്ങൾ ക്ലബ് ലോകകപ്പ് ട്രോഫിയുമായി ആഹ്ലാദത്തിൽ.

ജിദ്ദ (സൗദി അറേബ്യ) ∙ പെപ് ഗ്വാർഡിയോളയ്ക്കു കീഴിൽ മാഞ്ചസ്റ്റർ സിറ്റി ആ ‘പഞ്ചനക്ഷത്രം’ പൂർത്തിയാക്കി– ഒരു വർഷം തന്നെ 5 മേജർ കിരീടങ്ങൾ! ക്ലബ് ലോകകപ്പ് ഫൈനലിൽ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിനെ തോൽപിച്ചാണ് ഇംഗ്ലിഷ് ക്ലബ് 5–ാം ട്രോഫിയും കയ്യിലെടുത്തത്. ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 4–0നാണ് സിറ്റിയുടെ ജയം. ഈ വർഷം തന്നെ ഇംഗ്ലിഷ് പ്രിമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാംപ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് കിരീടങ്ങളും സിറ്റി സ്വന്തമാക്കിയിരുന്നു.

സൂപ്പർ താരങ്ങളായ എർലിങ് ഹാളണ്ടും കെവിൻ ഡിബ്രൂയ്നെയും ഇല്ലാതിരുന്നിട്ടും അനായാസമായിട്ടായിരുന്നു സിറ്റിയുടെ ജയം. കളി തുടങ്ങി 40–ാം സെക്കൻഡിൽ തന്നെ അർജന്റീന താരം യൂലിയൻ അൽവാരസിന്റെ ഗോളിൽ സിറ്റി മുന്നിലെത്തി. 27–ാം മിനിറ്റിൽ ഫ്ലുമിനെൻസ് ക്യാപ്റ്റൻ നിനോ വഴങ്ങിയ സെൽഫ് ഗോളിൽ സിറ്റി ലീഡുയർത്തി. 72–ാം മിനിറ്റിൽ ഫിൽ ഫോഡൻ മൂന്നാം ഗോൾ നേടി. 88–ാം മിനിറ്റിൽ വീണ്ടും അൽവാരസിന്റെ ഊഴം.

പെപ് നമ്പർ 1

മൂന്നു വ്യത്യസ്ത ടീമുകൾക്കൊപ്പം ക്ലബ് ലോകകപ്പ് നേടുന്ന ആദ്യ പരിശീലകനാണ് പെപ് ഗ്വാർഡിയോള. ബാർസിലോനയ്ക്കൊപ്പം 2009, 2011 വർഷങ്ങളിൽ കിരീടം ചൂടിയ പെപ് 2013ൽ ബയൺ മ്യൂണിക്കിനെയും വിജയത്തിലെത്തിച്ചു. ഇപ്പോൾ സിറ്റിയെയും.

LEAVE A REPLY

Please enter your comment!
Please enter your name here