ഹാർദിക് പാണ്ഡ്യ മുംബൈ ജഴ്സിയിൽ, താരത്തിന് റിലയൻസ് ഇൻഡസ്ട്രീസിൽ നൽകിയ സ്വീകരണം.

അഹമ്മദാബാദ്∙ മുംബൈ ഇന്ത്യൻസ് ടീമിന്റെ പുതിയ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയ്ക്കു ഗുജറാത്തിലെ ജാംനഗറിൽ രാജകീയ വരവേൽപ്. കുതിരപ്പുറത്തുള്ള പടയാളികളും സംഗീത ഉപകരണങ്ങളുമൊക്കെയായി ഗംഭീര സ്വീകരണമാണ് ജാംനഗറിലെ റിലയൻസ് ഇൻഡസ്ട്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയ്ക്കു ലഭിച്ചത്. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

ഗുജറാത്ത് ടൈറ്റൻസിന്റെ താരമായിരുന്ന ഹാർദിക് പാണ്ഡ്യയെ താരലേലത്തിനു തൊട്ടുമുന്‍പാണ് മുംബൈ ഇന്ത്യൻസ് ടീമിൽ തിരിച്ചെത്തിച്ചത്. ഇന്ത്യയിലെ ഏറ്റവും മികച്ച ഓൾറൗണ്ടർമാരിലൊരാളായ പാണ്ഡ്യയ്ക്കായി മുംബൈ നൂറു കോടിയിലേറെ രൂപയാണു മുടക്കിയതെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 2015ൽ മുംബൈ ഇന്ത്യൻസിൽ കളിച്ചാണ് ഹാർദിക് പാണ്ഡ്യ ഐപിഎല്ലിലെത്തുന്നത്. 10 ലക്ഷം രൂപയായിരുന്നു ലേലത്തിൽ താരത്തിനു ലഭിച്ചത്.

2022 ൽ മുംബൈ ഇന്ത്യൻസ് നിലനിര്‍ത്താതിരുന്നതോടെ പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസിൽ ചേർന്നു. 15 കോടി രൂപയ്ക്കായിരുന്നു താരം പുതുതായി രൂപീകരിച്ച ടീമിലെത്തിയത്. ഗുജറാത്തിൽ ക്യാപ്റ്റൻ സ്ഥാനം ലഭിച്ച ഹാർദിക് പാണ്ഡ്യ, ആദ്യ സീസണിൽ തന്നെ ടീമിനെ വിജയത്തിലെത്തിച്ചു. രണ്ടാം സീസണിൽ ടീം ഫൈനൽ വരെയെത്തി. രണ്ടു സീസണുകൾക്കു ശേഷം വന്‍ തുക ചെലവിട്ട് മുംബൈ ഇന്ത്യൻസ് പാണ്ഡ്യയെ വീണ്ടും സ്വന്തമാക്കുകയായിരുന്നു.

ക്യാപ്റ്റൻ സ്ഥാനവും നൽകിയാണ് മുംബൈ ഹാർദിക് പാണ്ഡ്യയെ സ്വീകരിച്ചത്. താരലേലത്തിൽ എട്ടു പേരെയാണ് മുംബൈ ഇന്ത്യൻസ് വാങ്ങിയത്. അഞ്ച് കോടി രൂപയ്ക്ക് ദക്ഷിണാഫ്രിക്കൻ പേസർ ജെറാൾഡ് കോട്സിയെ മുംബൈ ടീമിലെടുത്തു. ശ്രീലങ്കൻ താരങ്ങളായ നുവാൻ തുഷാര, ദിൽഷൻ മദുഷംഗ എന്നിവരും ലേലത്തിൽ മുംബൈയിൽ ചേർന്നു. കഴിഞ്ഞ സീസൺ വരെ മുംബൈ ടീമിന്റെ ക്യാപ്റ്റനായിരുന്ന രോഹിത് ശർമയും പാണ്ഡ്യയ്ക്കു കീഴിൽ കളിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here