അബുദാബി ∙ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിന് അതോറിറ്റി ഓഫ് സോഷ്യൽ കോൺട്രിബ്യൂഷൻ (മആൻ)ആവിഷ്കരിച്ച സീനിയർ ഹാപ്പിനസ് പ്രോഗ്രാമിന്റെ നടത്തിപ്പിന് അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾചറൽ സെന്ററിനെ (ഐഎസ്‍സി) തിരഞ്ഞെടുത്തു.

55 വയസ്സിനു മുകളിലുള്ളവരുടെ ശരീരിക, മാനസിക, കായിക ഉല്ലാസത്തിനായി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുന്നതാണ് പദ്ധതി. ഒരേസമയം 40 പേർക്കാണ് അവസരം. ഇവർക്കുവേണ്ട സേവനത്തിനും പരിചരണത്തിനും കമ്യൂണിറ്റി വൊളന്റിയറിങ് പ്രോഗ്രാമിലേക്ക് 80 പേരെ ഐഎസ്‍സി തിരഞ്ഞെടുക്കും. ഫെബ്രുവരി മുതൽ പദ്ധതി ആരംഭിക്കും. മുതിർന്ന പൗരന്മാർ നേരിടുന്ന സാമൂഹിക വെല്ലുവിളിക്കു പരിഹാരം കണ്ടെത്താൻ സ്വകാര്യമേഖലയുടെ സഹകരണത്തോടെ ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിക്കുള്ള ഫണ്ട് സർക്കാർ നൽകും.

സാമൂഹിക വികസന വിഭാഗത്തിനു (ഡിസിഡി) കീഴിലാണ് മആൻ പ്രവർത്തിക്കുന്നത്. സീനിയർ ഹാപ്പിനസ് പ്രോഗ്രാമിൽ സ്വദേശികൾക്കും താമസ വീസയുള്ള വിദേശികൾക്കും അംഗമാകാം. യോഗ, ഗാർഡനിങ്, വിനോദയാത്ര, ഷട്ടിൽ, ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ടെന്നിസ് തുടങ്ങി പരിപാടികളാണ് നടത്തുക. മാസത്തിൽ 4 എന്ന തോതിൽ വർഷത്തിൽ 47 പരിപാടികൾ ഉണ്ടാകും. ഓരോ പരിപാടിയിലും പങ്കെടുക്കുന്ന മുതിർന്ന പൗരന്മാരുടെ എണ്ണത്തിന് അനുസരിച്ച് നടത്തിപ്പ് ചെലവിനുള്ള തുക ഐഎസ്‍സിക്ക് കൈമാറും. മുതിർന്ന പൗരന്മാർക്ക് ഗതാഗത സൗകര്യവും ഐഎസ്‍സി ഒരുക്കണം.

താൽപര്യമുള്ള മുതിർന്ന പൗരന്മാർ റജിസ്റ്റർ ചെയ്യണം: 026730066. ആദ്യം റജിസ്റ്റർ ചെയ്യുന്ന 40 പേരെ ചേർത്ത് പട്ടിക തയാറാക്കും. 20 പേർക്ക് കാത്തിരിപ്പു പട്ടികയിലും റജിസ്റ്റർ ചെയ്യാം. ഒരാൾക്ക് വരാൻ സാധിച്ചില്ലെങ്കിൽ വെയ്റ്റിങ് ലിസ്റ്റിൽനിന്നുള്ളവരെ ഉൾപ്പെടുത്തും. ഐഎസ്‍സി പ്രസിഡന്റ് ജോൺ പി. വർഗീസ്, ജനറൽ സെക്രട്ടറി പ്രദീപ് കുമാർ, ട്രഷറർ ദിലീപ് കുമാർ, ശ്രീകുമാർ, അനുപ് നമ്പ്യാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here